Hajj | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഹജ്ജ് ക്യാംപിന് തുടക്കമായി

 
hajj camp started at kannur international airport

കണ്ണൂര്‍ വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഒമ്പത് ഫ്ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകും

മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് തീര്‍ഥാടനത്തിന് കുറ്റമറ്റ സജ്ജീകരണങ്ങളാണ് ഇത്തവണ നടപ്പാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഹജ്ജ്, വഖഫ്, കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ള കാബിനറ്റ് അംഗങ്ങള്‍ നേരിട്ട്  എല്ലാവിധ  തയ്യാറെടുപ്പുകളും  വിലയിരുത്തിയാണ്  നടപ്പിലാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍  ഇത്തവണ കേരളത്തില്‍ നിന്നും ഹജ്ജിനു പോകുന്നത് ഒരു ചരിത്രമാണന്നും മന്ത്രി പറഞ്ഞു. 

ഇത്തവണ ഹജ്ജിന് പോകുന്നതിന് 17883 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 7279 പേര്‍ സ്ത്രീകളാണ്. കേരളത്തിന്റെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂരില്‍ അടുത്ത ഹജ്ജ് തീര്‍ത്ഥാടന കാലത്തോട് യാഥാര്‍ത്ഥ്യം ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. യാത്ര രേഖകളുടെ വിതരണോദ്ഘാടനവും മന്ത്രി വേദിയില്‍ നിര്‍വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പിടിഎ റഹീം എംഎല്‍എ ഹജ്ജ് സന്ദേശം നല്‍കി.  

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, മട്ടന്നൂര്‍  നഗരസഭ ചെയര്‍മാന്‍  എന്‍ ഷാജിത്ത്, സംഘാടക സമിതി കണ്‍വീനര്‍ പി പി മുഹമ്മദ് റാഫി, കിയാല്‍ എം ഡി ദിനേശ് കുമാര്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ സന്നിഹിതരായിരുന്നു.

hajj camp started at kannur international airport

ശനിയാഴ്ച പുലര്‍ച്ചെയുള്ള ആദ്യ വിമാനത്തില്‍ 361 തീര്‍ഥാടകരാണ് യാത്ര ചെയ്യുന്നത്. തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ക്യാമ്പില്‍ എത്തിച്ചേര്‍ന്നിരുന്നു.  കണ്ണൂരില്‍ നിന്ന് 3164 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. ഇതില്‍ 1265 പുരുഷന്‍മാരും 1899 സ്ത്രീകളുമാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഒമ്പത് ഫ്ളൈറ്റ് സര്‍വീസുകള്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുക.

വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ഹാജിമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനും ലഗേജ് സ്വീകരിക്കാനും പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പില്‍ നിന്നും വിമാനത്താവളത്തിലേക്കും വിമാനത്താവളത്തില്‍ നിന്നും ക്യാമ്പിലേക്കും എത്തിക്കുന്നതിന് പ്രത്യേകം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഭക്ഷണ ഹാള്‍, നിസ്‌കാര ഹാള്‍, താമസ സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവന സംവിധാനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പ്രത്യേക സെല്ലും വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പിലേക്ക് ആവശ്യമായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനവും ആവശ്യത്തിനു മരുന്നും ഉറപ്പാക്കിയിട്ടുണ്ട്. അലോപ്പതി, ആയൂര്‍വേദം, ഹോമിയോ മെഡിക്കല്‍ കൗണ്ടറുകള്‍ ക്യാമ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡസ്‌ക്ക് ഫോണ്‍ നമ്പര്‍ 9495868966.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia