Eid Al Adha | ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ഈദുൽ അദ്ഹ ജൂൺ 17ന്


കോഴിക്കോട്: (KVARTHA) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ എട്ട് ശനിയാഴ്ചയും ബലിപെരുന്നാൾ ജൂണ്‍ 17ന് തിങ്കളാഴ്ചയും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. അറഫാദിനം ജൂണ്‍ 16 ന് ഞായറാഴ്ചയാണ്. ഹിജ്‌റ കലണ്ടർ അനുസരിച്ച് ദുൽഹജ്ജ് പത്താം ദിവസമാണ് പെരുന്നാൾ കൊണ്ടാടുന്നത്.
അല്ലാഹുവിന്റെ കൽപന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനായ ഇസ്മാഈലിനെ ബലിയറുക്കാൻ തുനിഞ്ഞതിന്‍റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ പ്രതീകമായി മൃഗബലി നടത്താറുണ്ട്. ഇസ്‌ലാമിക വിശ്വാസത്തിലെ അടിസ്ഥാന കര്‍മങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജിന്‍റെ സമാപ്തി വേളയുമാണ് ബലിപെരുന്നാൾ.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂൺ 16ന് ഞായറാഴ്ചയാണ് ബലിപെരുന്നാള്‍. 15ന് ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫ സംഗമം നടക്കുക. ഒമാനില്‍ വ്യാഴാഴ്ച ദുല്‍ ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ വെള്ളിയാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ബലിപെരുന്നാള്‍ ഈ മാസം 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.