Accidental Death | സിഗ്‌നലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം; ഭാര്യയ്ക്ക് പരുക്ക്
യുവാവിനെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്
സിഗ് നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ടതായിരുന്നു ലോറി
പിന്‍സീറ്റിലിരുന്ന മക്കള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കണ്ണൂര്‍: (KVARTHA) തലശേരി -മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. സിഗ് നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് നിയന്ത്രണം വിട്ട കാറിടിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ മൂന്നര മണിക്കായിരുന്നു അപകടം.
കാസര്‍കോട് സുള്ള്യക്കടുത്ത് പുത്തൂരില്‍ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയില്‍ നിന്നും വന്ന പജേറോ കാറാണ് ലോറിക്ക് പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി അല്‍പം മുന്നോട്ട് നീങ്ങിയതായി ഡ്രൈവര്‍ പറഞ്ഞു.
കര്‍ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഓടിച്ചിരുന്ന ഗൃഹനാഥന്‍ ശിവപ്രസാദ്(43) ആണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി ദേവശ്രീ(40) ക്ക് കാലിന് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ മുന്‍ സീറ്റിലായിരുന്നു ഇരുന്നിരുന്നത്.
പിന്‍ സീറ്റിലായിരുന്ന രാജല്‍ (15), ധ്രുവി (12) എന്നീ പെണ്‍കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ശിവദാസിനെ പുറത്തെടുത്തത്. ഇയാളെ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ഗവ. ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.