ECI Says | 'വോട്ട് ചെയ്തത് 64.2 കോടി വോട്ടര്‍മാര്‍, ലോക റെക്കോര്‍ഡ്'; ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സവിശേഷം
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിൽ 31.2 കോടി സ്ത്രീകൾ ഉൾപ്പെടെ 64.2 കോടി വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജി7 രാജ്യങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 1.5 മടങ്ങും യൂറോപ്യന്‍ രാജ്യങ്ങളിലെ വോട്ടര്‍മാരേക്കാള്‍ 2.5 മടങ്ങും കൂടുതലാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താൻ 68,000-ലധികം നിരീക്ഷണ സംഘങ്ങളെയും 1.5 കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്.
നാല് ലക്ഷത്തോളം വാഹനൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാല് ലക്ഷത്തോളം വാഹനങ്ങളും 135 പ്രത്യേക ട്രെയിനുകളും 1692 വിമാനങ്ങളും പോളിംഗ് ഉദ്യോഗസ്ഥരെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 540 ഇടങ്ങളിലാണ് റീപോളിംഗ് നടന്നതെങ്കിൽ 2014ൽ 39 ബൂത്തുകളിൽ മാത്രമാണ് റീപോളിംഗ് നടത്തേണ്ടി വന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
ജമ്മു കശ്മീരിൽ ഉയർന്ന പോളിംഗ്
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കേന്ദ്രഭരണപ്രദേശത്ത് 58.58 ശതമാനം വോട്ടും കശ്മീർ താഴ്വരയിൽ 51.05 ശതമാനം വോട്ടും രേഖപ്പെടുത്തി. 2024ലെ തിരഞ്ഞെടുപ്പിൽ പണവും സൗജന്യങ്ങളും മയക്കുമരുന്നും മദ്യവും ഉൾപ്പെടെ 10,000 കോടി രൂപയും 2019ൽ 3,500 കോടി രൂപയും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന 495 പരാതികളിൽ 90 ശതമാനത്തിലേറെയും പരിഹരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പ് ഏപ്രിലിൽ അവസാനിക്കും
അടുത്ത തവണ മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തോടെ അവസാനിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാറുന്ന കാലാവസ്ഥയിൽ നിന്ന് നമ്മൾ പാഠം പഠിച്ചെന്നും കമ്മീഷൻ പറഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത ചൂടിനെ തുടർന്ന് പോളിങ് ശതമാനം കുറഞ്ഞതിനാൽ 2029ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തോടെ അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെ നീണ്ടു. ഇക്കാലയളവിൽ ഉത്തരേന്ത്യയിലും മധ്യ, പടിഞ്ഞാറൻ ഇന്ത്യയിലും കടുത്ത ഉഷ്ണതരംഗം ഉണ്ടായി. ഉത്തർപ്രദേശ്, ബിഹാർ എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ച നിരവധി പോളിംഗ് ജീവനക്കാരാണ് ചൂട് സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചത്.