Instructions | കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്നിങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കണം; കെ എസ് ആര്‍ ടി സി ബസിലെ ജീവനക്കാര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം
പുറത്തുവന്നത് മന്ത്രിയുടെ റീല്‍ പരമ്പരകളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍
യാത്രക്കാരന്‍ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കില്ല
യാത്രക്കാര്‍ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് ആവശ്യം
തിരുവനന്തപുരം: (KVARTHA) കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനന്‍.
കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കന്‍ഡക്ടര്‍മാരുടെ നടപടികള്‍ തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യാത്രക്കാരന്‍ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കില്ല, യാത്രക്കാര്‍ വണ്ടിയില്‍ കയറണം എന്നുള്ളത് മാത്രമാണ് കെ എസ് ആര്‍ ടി സിയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടും സ്‌നേഹത്തോടെ പെരുമാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കെ എസ് ആര്‍ ടി സിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികള്‍ പങ്കുവച്ചുകൊണ്ടുമുള്ള മന്ത്രിയുടെ റീല്‍ പരമ്പരകളുടെ ഭാഗമായുള്ള നിര്‍ദേശങ്ങളാണ് ഇത്. ബുക് ചെയ്ത് ബസില്‍ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടികറ്റ് എടുപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കുറച്ചുനാള്‍ മുന്‍പ് കന്‍ഡക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്വിഫ് റ്റിലെയും കെ എസ് ആര്‍ ടി സിയിലെയും കന്‍ഡക്ടര്‍മാര്‍ യാത്രക്കാരോട് സ്‌നേഹത്തില്‍ പെരുമാറണം. ഇത്തരം പെരുമാറ്റം കെ എസ് ആര്‍ ടി സിയുടെ സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വര്‍ധിപ്പിക്കുമെന്നും അത് ജീവനക്കാര്‍ക്ക് അന്തസ്സായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും മന്ത്രി റീലില്‍ പറയുന്നു.