Shashi Tharoor | കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയ ഇന്‍ഡ്യയുടെ അഭിമാനമെന്ന് മോദി; എങ്കില്‍ അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍


പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും പങ്കുവച്ചിട്ടുണ്ട്
ബിജെപി സര്‍കാര്‍ യോഗ്യനല്ലാത്ത ചെയര്‍മാനെ നിയമച്ചതില്‍ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതല്ലേയെന്നും ചോദ്യം
ന്യൂഡെല്‍ഹി: (KVARTHA) കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയ ഇന്‍ഡ്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പായലിനും പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂടിലെ (എഫ് ടി ഐ ഐ) മറ്റു വിദ്യാര്‍ഥികള്‍ക്കും എതിരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള പഴയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.
എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച കുറിപ്പിലാണ്, പായല്‍ ഇന്‍ഡ്യയുടെ അഭിമാനമാണെങ്കില്‍ അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം തരൂര്‍ ഉയര്‍ത്തിയത്. പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂര്‍ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ബിജെപി സര്‍കാര്‍ യോഗ്യനല്ലാത്ത ചെയര്‍മാനെ നിയമച്ചതില്‍ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരേയെടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതല്ലേയെന്നും തരൂര്‍ ചോദിച്ചു.
Modi ji, if India is proud of her, should your government not immediately #WithdrawTheCases against her and fellow FTII students protesting against your government’s arbitrary appointment of an unqualified Chairman? https://t.co/BmZNifLLj9 pic.twitter.com/psZMwSADnn
— Shashi Tharoor (@ShashiTharoor) May 28, 2024
പായല്‍ കപാഡിയയ്ക്കെതിരായ കേസ് ചൂണ്ടിക്കാട്ടി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. 'പായല്‍ കപാഡിയ കാനില്‍ നിന്ന് തിരിച്ചെത്തി. ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ സമരം ചെയ്തതിന് എഫ് ടി ഐ ഐ തനിക്കെതിരെ ഫയല്‍ ചെയ്ത കേസിന്റെ വിചാരണയ്ക്കായി അവര്‍ അടുത്ത മാസം പോകും. എന്ത് രസകരമാണല്ലേ' - എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പോസ്റ്റ്. ഇതും തരൂര്‍ തന്റെ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പായലിന്റെ നേട്ടം ആഘോഷിക്കുന്ന എഫ് ടി ഐ ഐ യുടെ ഇരട്ടത്താപ്പിനെ ബോളിവുഡ് നടന്‍ അലി ഫസലും വിമര്‍ശിച്ചു.
മഹാഭാരതം സീരിയലിലൂടെ പ്രശസ്തനായ ഗജേന്ദ്ര ചൗഹാനെ ബിജെപി സര്‍കാര്‍ എഫ് ടി ഐ ഐ ചെയര്‍മാനായി നിയമിച്ചതിനെതിരെ പായല്‍ കപാഡിയയുടെ നേതൃത്വത്തില്‍ അന്നത്തെ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. 140 ദിവസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസുകള്‍ ബഹിഷ്‌കരിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ സ്ഥാപനം നടപടി സ്വീകരിച്ചിരുന്നു.
അന്നത്തെ എഫ് ടി ഐ ഐ ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഓഫിസില്‍ ബന്ദിയാക്കിയതിന് കപാഡിയ ഉള്‍പെടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, കലാപം തുടങ്ങിയ കുറ്റങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. 2015ലെ ഈ കേസുകള്‍ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്, പായലിനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി തരൂര്‍ രംഗത്തെത്തിയത്.