Modi Govt | ഘടകകക്ഷികളിൽ നിന്നായി 11 മന്ത്രിമാർ; 72 അംഗ മന്ത്രിസഭയെ നയിക്കുന്നതിൽ മോദിക്ക് മുന്നിലുള്ളത് വെല്ലുവിളികൾ; മുസ്ലിംകൾക്ക് സർക്കാരിൽ പ്രാതിനിധ്യമില്ല

 
Modi government 3.0: BJP allies get 11 ministerial berths; TDP, JDU bag 2 each


ഇത്തവണ ബിജെപി അധ്യക്ഷൻ ജെപി നദ്ദ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെന്നതും പ്രത്യേകതയാണ്

ന്യൂഡെൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 അംഗ മന്ത്രിസഭയിൽ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഘടകക്ഷികൾക്ക് വലിയ പ്രാതിനിധ്യം ലഭിച്ചു. തെലുങ്കുദേശം പാർട്ടി, ജനതാദൾ യുണൈറ്റഡ്, ശിവസേന (ഷിൻഡെ വിഭാഗം), ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജനതാദൾ സെക്യുലർ, രാഷ്ട്രീയ ലോക്ദൾ, ഹിന്ദുസ്ഥാനി അവാമി മോർച്ച (എച്ച്എഎം), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കക്ഷികളിൽ നിന്നായി 11 മന്ത്രിമാരാണ് സഖ്യ സർക്കാരിലുള്ളത്. 

മുൻ സർക്കാരിലെ പ്രശസ്തരായ മൂന്ന് മുഖങ്ങളായ സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, രാജീവ് ചന്ദ്രശേഖർ എന്നിവർ ഇത്തവണ പുറത്താണ്. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചിട്ടുണ്ട്.

രാജ്‌നാഥ് സിംഗ്, അമിത് ഷാ, ജെപി നദ്ദ, നിർമല സീതാരാമൻ, എസ് ജയശങ്കർ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ തുടങ്ങി മുൻ സർക്കാരിലെ 19 മന്ത്രിമാർ മോദിയുടെ മൂന്നാം സർക്കാരിലും ഇടം നേടി. ഇത്തവണ ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെന്നതും പ്രത്യേകതയാണ്. 
പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് മന്ത്രിമാരായത്. നേരത്തെ ഇവരെല്ലാം രാജ്യസഭാംഗങ്ങളായിരുന്നു.

33 മന്ത്രിമാർ ആദ്യമായി മന്ത്രിമാരായപ്പോൾ രാജ്യത്തെ ആറ് രാഷ്ട്രീയ കുടുംബങ്ങൾക്കും മന്ത്രി സഭയിൽ ഇടം ലഭിച്ചു. ആദ്യമായി മന്ത്രിമാരായ ഏഴ് പേർ സഖ്യകക്ഷികളിൽ നിന്നുള്ളവരാണ്. മന്ത്രിയായ ജയന്ത് ചൗധരി, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിൻ്റെ ചെറുമകനാണ്, ബീഹാറിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന അന്തരിച്ച രാം വിലാസ് പാസ്വാൻ്റെ മകനാണ് ചിരാഗ് പാസ്വാൻ. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിൻ്റെ മകനും ജെഡിയു എംപിയുമായ രാംനാഥ് ഠാക്കൂറിനെയും മന്ത്രിയാക്കിയിട്ടുണ്ട്.
പഞ്ചാബിൽ ഖാലിസ്ഥാനികളാൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിൻ്റെ ചെറുമകനാണ് മന്ത്രിയായ രവ്‌നീത് സിംഗ് ബിട്ടു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകൾ രക്ഷാ ഖഡ്‌സെയ്ക്കും ഇടം നൽകിയിട്ടുണ്ട്.

2021ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദും മന്ത്രിയായി. മൻമോഹൻ സർക്കാരിലും ജിതിൻ പ്രസാദ് മന്ത്രിയായിരുന്നു. കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദിൻ്റെ മകനാണ് ജിതിൻ പ്രസാദ്. കേരളത്തിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന നടൻ സുരേഷ് ഗോപിയെയും മന്ത്രിയാക്കിയിട്ടുണ്ട്. പുതിയ സർക്കാരിൽ 27 മന്ത്രിമാർ മറ്റ് പിന്നാക്ക വിഭാഗത്തിൽ നിന്നും 10 മന്ത്രിമാർ പട്ടികജാതി വിഭാഗത്തിൽ നിന്നും അഞ്ച് പട്ടികവർഗത്തിൽ നിന്നും അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമാണ്. എന്നിരുന്നാലും, ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രാതിനിധ്യമില്ല. പുതിയ സർക്കാരിൽ ഒരു മുസ്ലീം മന്ത്രി പോലുമില്ല.

പ്രധാനമന്ത്രിയടക്കം 72 മന്ത്രിമാരാണ് സർക്കാരിൽ ഉണ്ടാവുക. ഇത്തരമൊരു സാഹചര്യത്തിൽ അടുത്ത രണ്ട് - മൂന്ന് വർഷത്തേക്ക് മന്ത്രിസഭ പുനസംഘടന നടക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള എൻസിപി (അജിത് പവാർ വിഭാഗം) എൻഡിഎയുടെ ഭാഗമാണെങ്കിലും എൻസിപി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. 

അതേസമയം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഇതുവരെ ആർക്കും വകുപ്പുകൾ നൽകിയിട്ടില്ല. 
ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ ഭരിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സഖ്യകക്ഷികൾക്ക് ഇഷ്ടമുള്ള വകുപ്പുകൾ വിട്ടുകൊടുക്കാൻ ബിജെപി നിർബന്ധിതമായേക്കും. ഭരണത്തിൽ ഏത് പാർട്ടിക്ക് ഏത് വകുപ്പ് ലഭിക്കും എന്നത് ഏറ്റവും പ്രധാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

'നരേന്ദ്ര മോദി സ്വന്തം നിലയ്ക്ക് ഭരണം നടത്തുകയും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന നേതാവാണ്, സഖ്യകക്ഷികളുമായി എത്രമാത്രം സുഖമായി ബന്ധം തുടരുമെന്ന് കണ്ടറിയണം',  മാധ്യമപ്രവർത്തകനായ ഹേമന്ത് ആട്രിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്‌തു. കേവല ഭൂരിപക്ഷമുള്ള സർക്കാരിൻ്റെയും കൂട്ടുകക്ഷി സർക്കാരിൻ്റെയും സ്വഭാവത്തിൽ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുൻ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പോലുള്ള വലിയ തീരുമാനങ്ങൾ എടുത്തിരുന്നു. അതുപോലെയുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഇനി ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. 

പുതിയ മന്ത്രിമാർ 

രാജ്‌നാഥ് സിംഗ് (കാബിനറ്റ് മന്ത്രി)
അമിത് ഷാ (കാബിനറ്റ് മന്ത്രി)
നിതിൻ ഗഡ്കരി (കാബിനറ്റ് മന്ത്രി)
ജെ പി നദ്ദ (കാബിനറ്റ് മന്ത്രി)
ശിവരാജ് സിംഗ് ചൗഹാൻ (കാബിനറ്റ് മന്ത്രി)
നിർമല സീതാരാമൻ (കാബിനറ്റ് മന്ത്രി)
സുബ്രഹ്മണ്യം ജയശങ്കർ (കാബിനറ്റ് മന്ത്രി)
മനോഹർ ലാൽ ഖട്ടർ (കാബിനറ്റ് മന്ത്രി)
എച്ച്‌ഡി കുമാരസ്വാമി (കാബിനറ്റ് മന്ത്രി) - ജെഡി(എസ്) 
പിയൂഷ് ഗോയൽ (കാബിനറ്റ് മന്ത്രി)
ധർമേന്ദ്ര പ്രധാൻ (കാബിനറ്റ് മന്ത്രി)
ജിതൻ റാം മാഞ്ചി (കാബിനറ്റ് മന്ത്രി) - എച്ച് എ എം 
ലാലൻ സിംഗ് (കാബിനറ്റ് മന്ത്രി) - ജെഡിയു 

സർബാനന്ദ സോനോവാൾ (കാബിനറ്റ് മന്ത്രി)
വീരേന്ദ്രകുമാർ (കാബിനറ്റ് മന്ത്രി)
കിഞ്ജരാപ്പു റാം മോഹൻ നായിഡു (കാബിനറ്റ് മന്ത്രി) - ടിഡിപി 
പ്രഹ്ലാദ് ജോഷി (കാബിനറ്റ് മന്ത്രി)
ജുവൽ ഓറം (കാബിനറ്റ് മന്ത്രി)
ഗിരിരാജ് സിംഗ് (കാബിനറ്റ് മന്ത്രി)
അശ്വിനി വൈഷ്ണവ് (കാബിനറ്റ് മന്ത്രി)
ജ്യോതിരാദിത്യ സിന്ധ്യ (കാബിനറ്റ് മന്ത്രി)
ഭൂപേന്ദ്ര യാദവ് (കാബിനറ്റ് മന്ത്രി)
ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (കാബിനറ്റ് മന്ത്രി)
അന്നപൂർണാ ദേവി (കാബിനറ്റ് മന്ത്രി)
കിരൺ റിജിജു (കാബിനറ്റ് മന്ത്രി)
ഹർദീപ് സിംഗ് പുരി (കാബിനറ്റ് മന്ത്രി)
മൻസുഖ് മാണ്ഡവ്യ (കാബിനറ്റ് മന്ത്രി)
ജി കിഷൻ റെഡ്ഡി (കാബിനറ്റ് മന്ത്രി)
ചിരാഗ് പാസ്വാൻ (കാബിനറ്റ് മന്ത്രി) എൽജെപി (ആർവി) 
സി ആർ പാട്ടീൽ (കാബിനറ്റ് മന്ത്രി)

റാവു ഇന്ദർജിത് സിംഗ് (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി)
ജിതേന്ദ്ര സിംഗ് (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി)
അർജുൻ റാം മേഘ്‌വാൾ (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി)
പ്രതാപറാവു ഗണപതിറാവു ജാദവ് (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി)
ജയന്ത് ചൗധരി (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി) - ആർഎൽഡി

ജിതിൻ പ്രസാദ (സഹമന്ത്രി)
ശ്രീപദ് യെസ്സോ നായിക് (സഹമന്ത്രി)
പങ്കജ് ചൗധരി (സഹമന്ത്രി)
കൃഷൻ പാൽ (സഹമന്ത്രി)
അത്താവലെ രാംദാസ് ബന്ദു (സഹമന്ത്രി) - ആർപിഐ(എ)
രാം നാഥ് താക്കൂർ (സഹമന്ത്രി)
നിത്യാനന്ദ് റായ് (സഹമന്ത്രി)
അനുപ്രിയ സിംഗ് പട്ടേൽ (സഹമന്ത്രി)
വി സോമണ്ണ (സഹമന്ത്രി)
ചന്ദ്രശേഖർ പെമസാനി (സഹമന്ത്രി) - ടിഡിപി 
എസ്.പി. സിംഗ് ബാഗേൽ  (സഹമന്ത്രി)
ശോഭ കരന്ദ്‌ലാജെ (സഹമന്ത്രി)

കീർത്തി വർധൻ സിംഗ് (സഹമന്ത്രി)
ബി എൽ വർമ  (സഹമന്ത്രി)
ശന്തനു താക്കൂർ (സഹമന്ത്രി)
സുരേഷ് ഗോപി  (സഹമന്ത്രി)
എൽ.മുരുകൻ  (സഹമന്ത്രി)
അജയ് തംത  (സഹമന്ത്രി)
ബന്ദി സഞ്ജയ് കുമാർ  (സഹമന്ത്രി)
കമലേഷ് പാസ്വാൻ (സഹമന്ത്രി)
ഭഗീരഥ് ചൗധരി  (സഹമന്ത്രി)
സതീഷ് ചന്ദ്ര ദുബെ (സഹമന്ത്രി)
സഞ്ജയ് സേത്ത് (സഹമന്ത്രി)
രവ്‌നീത് സിംഗ് ബിട്ടു (സഹമന്ത്രി)
ദുർഗാ ദാസ് യുകെ  (സഹമന്ത്രി)
രക്ഷ നിഖിൽ ഖഡ്‌സെ (സഹമന്ത്രി)
സുകാന്ത മജുംദാർ  (സഹമന്ത്രി)
സാവിത്രി താക്കൂർ  (സഹമന്ത്രി)

തോഖൻ സാഹു  (സഹമന്ത്രി)
രാജ് ഭൂഷൺ ചൗധരി (സഹമന്ത്രി)
ഭൂപതി രാജു ശ്രീനിവാസ വർമ്മ  (സഹമന്ത്രി)
ഹർഷ് മൽഹോത്ര (സഹമന്ത്രി)
നിമുബെൻ ബംഭാനിയ  (സഹമന്ത്രി)
മുരളീധർ മോഹൽ  (സഹമന്ത്രി)
ജോർജ് കുര്യൻ  (സഹമന്ത്രി)
പബിത്ര മാർഗരിറ്റ  (സഹമന്ത്രി)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia