George Kurian | കൂട്ടംതെറ്റിയ കുഞ്ഞാടല്ല ജോര്‍ജ് കുര്യന്‍; കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് കോട്ടയില്‍ നിന്ന് ബിജെപി നേതാവായ കഥയിങ്ങനെ


/ആദിത്യന്‍ അനിത
(KVARTHA) ചാനല്‍ ചര്‍ച്ചകളിലെ ബിജെപിയുടെ ഉശിരന്‍ പോരാളി, മികച്ച സംഘാടകന്‍, അതിലുപരി പാര്‍ട്ടിയുടെ ക്രൈസ്തവ മുഖം അതാണ് ജോര്‍ജ് കുര്യന്‍. അല്‍ഫോണ്‍സ് കണ്ണന്താനത്തെ പോലെ പെട്ടെന്ന് കേന്ദ്രമന്ത്രിപദത്തിലെത്തിയ നേതാവല്ല അദ്ദേഹം. ബന്ധുക്കളുടെ എതിര്‍പ്പുകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളികളും പുല്ലുപോലെ നേരിട്ടാണ് ജോര്‍ജ് കുര്യന്‍ ബിജെപിയുടെ നേതൃനിരയിലെത്തിയതും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുന്‍ അധ്യക്ഷനുമായതും. ബിജെപി പിറന്ന കാലം മുതല്‍ കുര്യന്‍ കൂടെയുണ്ട്. അങ്ങനെയുള്ള നേതാക്കള്‍ സംസ്ഥാനത്ത് കുറവാണ്. പാര്‍ട്ടി ഒന്നുമില്ലാതിരുന്ന കാലത്ത്, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാതെയാണ് ഇദ്ദേഹം ഇറങ്ങിത്തിരിച്ചത്.
കൂട്ടംതെറ്റിയ കുഞ്ഞാടാണെന്ന് നാട്ടുകാരും സ്വന്തക്കാരും സഭക്കാരും പരിസഹിച്ചു. അതിനെയെല്ലാം സൗമ്യമായാണ് നേരിട്ടത്. ബിജെപിയിലെ സൗമ്യമുഖമായും ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല. വിവാദങ്ങളില്ല, വിദ്വേഷമില്ല, പദവിയും സ്ഥാനങ്ങളും കിട്ടിയില്ലെന്ന പരിഭവമില്ല. അടിമുടി പാര്‍ട്ടിക്കാരന്‍. നാല് പതിറ്റാണ്ട് നീണ്ട് നിന്ന പൊതുപ്രവര്‍ത്തനത്തിന് ശേഷമാണ് പാര്‍ലമെന്ററി രംഗത്തെത്തുന്നത്. മൂന്ന് തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ബിജെപി കേരളത്തിന്റെ ഭൂപടത്തില്‍ ഒരു കാവിപ്പൊട്ടുപോലുമല്ലാതിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് കുര്യച്ചന്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ സഹോദരന്റെ തണലിലാണ് വളര്‍ന്നത്. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, നിയമബിരുദവും ഉള്ളതാണ് പ്രധാന കഴിവ്. ദേശീയ നേതാക്കളോടും മറ്റും ആശയവിനിമയം നടത്താനും ചാനല്‍ ചര്‍ച്ചകളില്‍ ശോഭിക്കാനും ഇത് സഹായിച്ചു. ഇനി പാര്‍ലമെന്ററി രംഗത്ത് തിളങ്ങാനും ഇവ സഹായകമാകും.
നാട്ടകം ഗവണ്‍മെന്റ് കോളജില്‍ പ്രിഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എബിവിപിയില്‍ ചേരുന്നത്. എസ്.എഫ്.ഐയുടെ ശക്തികേന്ദ്രമായിരുന്നു അവിടെ. അവരുടെ തല്ലൊരുപാട് കൊണ്ടിട്ടുമുണ്ട്. പലപ്പോഴും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. എസ്.എഫ്.ഐക്കാരുടെ അക്രമം ഭയന്ന് തിരുനക്കര തെക്കേനടയിലുളള ആര്‍.എസ്.എസ് കാര്യാലയത്തില്‍ അഭയം തേടേണ്ടി വന്നിട്ടുണ്ടെന്ന് പഴയ സഹപ്രവര്‍ത്തകരില്‍ പലരും പറയുന്നു. മാന്നാനവും നാട്ടകവുമായിരുന്നു ആദ്യകാല പ്രവര്‍ത്തന കേന്ദ്രം. പ്രിഡിഗ്രി കാലത്ത് പയ്യന്‍ ആവേശത്തിന് ബിജെപിക്കൊപ്പം ചേര്‍ന്നതാണെന്നാണ് വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും വിചാരിച്ചത്.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി അന്ന് വട്ടപ്പൂജ്യമായിരുന്നു. അങ്ങനെയൊരു പ്രസ്ഥാനത്തിനൊപ്പം ആരെങ്കിലും പോകുമോ? കോട്ടയമാണെങ്കില്‍ കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും വിളനിലമായിരുന്നു. ബന്ധുക്കളും പരിചയക്കാരും ഉപദേശിച്ചു, വെറുതേ ജീവിതം പാഴാക്കരുത്. എന്നാല്‍ സ്വന്തം ഭാവി പോലും നോക്കാതെയാണ് ജോര്‍ജ് കുര്യന്‍ ബിജെപിക്കൊപ്പം കട്ടയ്ക്ക് നിന്നത്. ഏറ്റുമാനൂര്‍ രാധാകൃഷ്ണനായിരുന്നു അന്ന് കോട്ടയത്തെ പ്രമുഖ ബിജെപി നേതാവ്. അദ്ദേഹത്തിന്റെ ഉപദേശങ്ങളും സ്‌നേഹവും കരുതലും ഏറെ സഹായകമായി.
രാഷ്ട്രീയ പ്രവര്‍ത്തനവും തല്ലുകൊള്ളലും മാത്രം കൊണ്ടുനടന്നിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നില്ല ജോര്‍ജ് കുര്യന്‍. മാന്നാനം കെ.ഇ കോളേജില്‍ നിന്ന് ബിരുദവും പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫാ ലീഗല്‍ തോട്ട്‌സില്‍ നിന്ന് നിയമബിരുദവും നേടി. പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം നടപ്പിലാക്കി കാണിച്ചു. രാഷ്ട്രീയമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞതോടെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.
ബിജെപിയുടെ നയരൂപീകരണ സമിതിയിലും പ്രവര്‍ത്തിച്ചു. വലിയ പദവികളോ, സ്ഥാനമാനങ്ങളോ ലഭിച്ചില്ല. എങ്കിലും അദ്ദേഹം ആരോടും പരിഭവം പറഞ്ഞില്ല. ജോര്‍ജ് കുര്യനൊപ്പം പിജെ തോമസും ചേര്‍ന്നാണ് കോട്ടയത്ത് ബിജെപി വളര്‍ത്തിക്കൊണ്ട് വന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബിജപി നയം കൃത്യമായി അവതരിപ്പിച്ച മറ്റൊരു നേതാവില്ല. ചര്‍ച്ചയ്ക്ക് പോകുന്ന പലരും അദ്ദേഹത്തെ വിളിച്ച് പാര്‍ട്ടി നയത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുമായിരുന്നു.
മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്വാനത്തിന് ശേഷമാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്റെ കസേര അദ്ദേഹത്തെ തേടിയെത്തിയത്. ബിജെപിയും കേരളത്തിലെ സഭകളും തമ്മില്‍ അടുപ്പമായത് ജോര്‍ജ് കുര്യന്‍ വൈസ് ചെയര്‍മാനായ ശേഷമാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനത്തിനായി ജോര്‍ജ് കുര്യന്‍ മുന്നിലുണ്ടായിരുന്നു. സഭാ നേതൃത്വവുമായുള്ള ആശയവിനിമയത്തിന് മുന്നിട്ടിറങ്ങി. അതിന്റെ ഫലം ലഭിച്ചു. അടിസ്ഥാനപരമായി ബിജെപി പ്രവര്‍ത്തകനാണ് എന്നതാണ് ജോര്‍ജ് കുര്യന്റെ കരുത്ത്. അല്ലാതെ ഇന്നലെ വലിഞ്ഞ് കേറി വന്നവനല്ല. ആ ബഹുമാനം പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കുമുണ്ട്.
കോട്ടയത്തെ ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിയാണ് ജോര്‍ജ് കുര്യന്റെ അടുത്തസുഹൃത്ത്. ഒരു ക്രിസ്ത്യാനി ബിജെപിയില്‍ ചേരുക എന്നത് വളരെ മോശമായി സഭനേതൃത്വം കണ്ടിരുന്ന കാലത്താണ് കുര്യന്‍ സംഘടനയുടെ ഭാഗമായത്. പാര്‍ട്ടി പ്രവര്‍ത്തനം ചിട്ടയായി നടത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. എബിവിപി ജില്ല, സെക്രട്ടറി, പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ്, വക്താവ്, ദേശീയ നിര്‍വാഹക സമിതി അംഗം, ന്യൂനപക്ഷ മോര്‍ച്ച് സംസ്ഥാന ജനറല്‍സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാപനങ്ങളും വഹിച്ചു.
കോട്ടയം നമ്പ്യാകുളത്തെ കുര്യന്റെ വീട്ടിലും നാട്ടിലും രാഷ്ട്രീയ ഭേദമന്യേ ഏവരും സന്തോഷത്തിലാണ്. രാഷ്ട്രീയക്കാരനായല്ല, തനി നാട്ടുകാരനായാണ് ജോര്‍ജ് കുര്യന്‍ ഇടപെട്ടിരുന്നത്. ഭാര്യ അന്നമ്മ റിട്ടയേഡ് ലഫ്റ്റനന്റ് കേണലാണ്. മക്കള്‍ ആദര്‍ശും ആകാശും കാനഡയിലും ജോര്‍ജിയയിലുമാണ്. ശനിയാഴ്ചയാണ് ജോര്‍ജ് കുര്യന്‍ വീട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയത്. മന്ത്രിയാകുമെന്ന് അദ്ദേഹത്തിന് സൂചന പോലുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഭാര്യയെ കൂടെ കൂട്ടിയേനെ.
അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനം സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരേ പോലെ വെല്ലുവിളിയാണ്. ക്രൈസ്തവ നേതൃത്വവുമായി നല്ല ബന്ധമുണ്ടാക്കിയെടുത്താല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനാകും. സഭകളുടെയും ഹിന്ദുക്കളുടെയും വോട്ടാണ് ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലുമുള്ളത്. അത് പെട്ടിയിലാക്കിയാല്‍ ഭരണം വരെ പിടിക്കാനാകും. അതിനുള്ള ശ്രമമാണ് ബിജെപി കേന്ദ്രനേതൃത്വം നടത്തുന്നത്.