Pinarayi Vijayan | തിരുത്താൻ മനസില്ലാതെ ഇരുതല മൂർച്ചയുള്ള വാളായി മുഖ്യമന്ത്രി നിയമസഭയിൽ; പിണറായി ലക്ഷ്യമിടുന്നതെന്ത്?

 

 
assembly speech what is pinarayi aiming for?


പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്ന വിമർശനമുന്നയിച്ച സി.പി.ഐക്ക് കൂടിയുള്ള മറുപടി

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ ആവർത്തിച്ചത് യാഥാർത്ഥ്യവുമായി യാതൊരു പൊരുത്തവുമില്ലാതെയെന്ന് വിമർശനമുയരുന്നു. ഇന്ത്യയിൽ നാലിടങ്ങളിൽ മാത്രം എംപി മാരെ സംഭാവന ചെയ്തു ദേശീയ പാർട്ടിയെന്ന അംഗീകാരം തന്നെ നിലനിർത്താൻ പാടുപെടുമ്പോഴും പാർട്ടിയുടെ പി ബി അംഗം നിയമസഭയിൽ നടത്തിയ പ്രസംഗത്തെയാണ് വെറും തള്ളായി സോഷ്യൽ മീഡിയയിൽ വിമർശകർ ട്രോളുന്നത്.

പാര്‍ലമെന്റില്‍ സാന്നിധ്യം എത്ര തന്നെയായാലും രാജ്യത്തെ സംഘപരിവാറും ബിജെപിയും മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഈ വെല്ലുവിളിയെ നേരിട്ട് കൊണ്ടാണ് രാജ്യത്തും കേരളത്തിലും ഇടതുപക്ഷം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭരണഘടന സംവിധാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രധാന മുദ്രാവാക്യമായി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്വം എന്ന് പറയാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് കാണുകയോ പരിഗണിക്കുകയോ ചെയ്യാതെയാണ് മുഖ്യമന്ത്രി കനത്ത പരാജയത്തിന് ശേഷവും നിയമസഭയിൽ പ്രസംഗിച്ചതെന്നാണ് പ്രതിപക്ഷ വിമർശനം. കേന്ദ്ര ഏജന്‍സികളുടെ അത്യന്തം വിവേചനപരമായ ഇടപെടല്‍ രാജ്യം കണ്ടതാണ്. രാഹുല്‍ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും അന്വേഷണ ഏജന്‍സികള്‍ നീങ്ങിയപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ഉണ്ടായിരുന്നു. പക്ഷേ കേരളത്തില്‍ തങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളും വ്യാജ നിര്‍മ്മിതികളും ഉണ്ടാകുമ്പോള്‍ യുഡിഎഫ് ആര്‍ക്കൊപ്പം ആണ് നിന്നതെന്ന് ഓര്‍ക്കണമെന്ന് കോൺഗ്രസിനെ കുത്തി നോവിക്കാനും നിയമസഭയിൽ പിണറായി മറന്നില്ല. 

കേരളത്തിലെ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യം രാജ്യത്തെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് ഇവിടെ വന്നു ചോദിച്ചതെന്ന് രാഹുൽ ഗാന്ധി കണ്ണൂരിൽ നടത്തിയ വിവാദ പ്രസംഗത്തിൻ്റെ അമർഷവും അദ്ദേഹം പ്രകടിപ്പിച്ചു. ബിജെപിയുടെ നേതാക്കളും, രാഹുല്‍ ഗാന്ധിയും ഒരേ ഭാഷയില്‍ തങ്ങളെ എതിര്‍ക്കുമ്പോള്‍ അതിനു മറുപടി പറയുന്നത് സ്വാഭാവികമല്ലേയെന്നു പി വി അൻവർ രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു നടത്തിയ തരം താണ കമൻ്റിനെ വീണ്ടും ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചു. 

ബിജെപിയുടെ കേന്ദ്ര നേതാക്കളും രാഹുല്‍ ഗാന്ധിയും ഒരേ സ്വരത്തില്‍ ആക്രമിച്ചുവെന്നും അപ്പോള്‍ മറുപടി പറയുന്നത് സ്വാഭാവികമല്ലേയെന്നുമാണ് പ്രതിപക്ഷ ബെഞ്ചിനെ നോക്കി അദ്ദേഹം ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ വന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതിനെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഒടുവില്‍ അതിന്റെ യുക്തി അവര്‍ക്കും മനസിലായെന്നും പിണറായി ചൂണ്ടിക്കാട്ടി. ലോക് സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എ കെ ആൻ്റണി രാജിവെച്ചതു പോലെ താൻ ചെയ്യില്ലെന്നും രാജി ആവശ്യപ്പെട്ട് ആരും ഇങ്ങോട്ട് വരേണ്ടന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്നറിയിപ്പ്.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തെ പൂർണമായും തള്ളിക്കളയുകയായിരുന്നു അദ്ദേഹം.
ഉപദേശം നിങ്ങളുടെ ചില സംസ്ഥാനങ്ങള്‍ക്കും കൊടുക്കാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിച്ചത്. ഭരണ വിരുദ്ധ വികാരമല്ല തൻ്റെ പരാജയത്തിന് കാരണമെന്ന് സമർത്ഥിക്കാനാണ് നിയമസഭയിൽ പിണറായി വിജയൻ തൻ്റെ പ്രസംഗത്തിലൂടെ ചെയ്തത്. ജനങ്ങള്‍ ലോക്‌സഭയിലും നിയമസഭയിലും ഒരുപോലെയാണോ വോട്ട് അവകാശം വിനിയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. 

കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാര്‍ക്കും ഈ ഉപദേശം കൊടുക്കുമോയെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്ന വിമർശനമുന്നയിച്ച സി.പി.ഐക്ക് കൂടിയുള്ള മറുപടിയായിരുന്നു നിയമസഭയിൽ അദ്ദേഹം നടത്തിയ മറുപടി പ്രസംഗമെന്നാണ് വിലയിരുത്തുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia