LS Result | കേരളത്തിൽ ബിജെപി വളർന്നോ? കെ സുരേന്ദ്രന് കെട്ടിവെച്ച കാശ് ലഭിക്കില്ല, ഒപ്പം 8 എൻഡിഎ സ്ഥാനാർഥികൾക്കും!


തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നെങ്കിലും സംസ്ഥാന അധ്യക്ഷന് പക്ഷേ കെട്ടിവെച്ച കാശ് ലഭിക്കില്ല. വയനാട്ടിൽ നിന്നും ഇത്തവണ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ വോട്ട് വർധിപ്പിച്ചെങ്കിലും നിശ്ചിത ശതമാനം വോട്ട് ലഭിക്കാത്തതാണ് കാരണം. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് നേടണമെന്നാണ് ചട്ടം.
ജാമ്യത്തുക
എല്ലാ തിരഞ്ഞെടുപ്പുകളിലും, ഒരു സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒരു നിശ്ചിത തുക തിരഞ്ഞെടുപ്പ് കമ്മീഷനിൽ അടയ്ക്കണം. പഞ്ചായത്ത് തി രഞ്ഞെടുപ്പായാലും ലോക്‌സഭാ തിരഞ്ഞെടുപ്പായാലും ഓരോ തിരഞ്ഞെടുപ്പിനും ഈ ജാമ്യത്തുക വ്യത്യസ്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊതുവിഭാഗം സ്ഥാനാർഥികൾ 25,000 രൂപയും എസ്‌സി-എസ്‌ടി വിഭാഗത്തിൽപ്പെട്ടവർ 12,500 രൂപയും കെട്ടിവയ്ക്കണം.
രാജ്യത്ത് ആകെ 543 ലോക്‌സഭാ സീറ്റുകളാണുള്ളത്, അതിൽ 131 സീറ്റുകൾ പട്ടികജാതി-പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് സംവരണം ചെയ്യാത്ത സീറ്റുകളുടെ എണ്ണം 412 ആണ്. ഓരോ സീറ്റിലും ഏകദേശം നാല് മുതൽ അഞ്ച് വരെ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. അതായത്, ഈ 412 സീറ്റുകളിൽ നിന്ന് ഏകദേശം 51,500,000 രൂപ ജാമ്യത്തുക ഇനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നു.
സുരേന്ദ്രന് നഷ്‌ടം
തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ച നിയമങ്ങൾ അനുസരിച്ച്, ഒരു സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ച വോട്ടിൻ്റെ ആറിലൊന്ന്, അതായത് 16.66% വോട്ടുകൾ നേടിയില്ലെങ്കിൽ കെട്ടിവെച്ച തുക നഷ്ടപ്പെടും. ഒരു സീറ്റിൽ 10,000 വോട്ടുകൾ പോൾ ചെയ്യപ്പെടുകയും ഒരു സ്ഥാനാർത്ഥിക്ക് 1666 വോട്ടിൽ താഴെ ലഭിക്കുകയും ചെയ്താൽ കെട്ടിവെച്ച തുക ലഭിക്കില്ല.
വയനാട്ടിൽ പോൾ ചെയ്തത് 10.84 ലക്ഷം വോട്ടാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 6,47,445 വോട്ടും എൽഡിഎഫ് സ്ഥാനാർഥി 2,83,023 വോട്ടും നേടിയപ്പോൾ കെ സുരേന്ദ്രന് നേടാനായത് 1,41,045 വോട്ടാണ്. വിജയിച്ച സ്ഥാനാർത്ഥിയെക്കാൾ 5,06,400 വോട്ടിന് പിന്നിലാണ് കെ സുരേന്ദ്രൻ. ഏകദേശം 1.80 ലക്ഷം വോട്ട് നേടിയിരുന്നെകിൽ സുരേന്ദ്രന് കെട്ടിവെച്ച തുക ലഭിക്കുമായിരുന്നു. സുരേന്ദ്രനെ കൂടാതെ, കണ്ണൂർ, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾക്കും തുക നഷ്ടമായി.
ബിജെപി വളർന്നോ?
അതേസമയം 74,686 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി തൃശൂരിൽ നിന്ന് വിജയിച്ചത്. കേരളത്തിലുടനീളം, എൻഡിഎയുടെ വോട്ട് വിഹിതം 19.21 ശതമാനമായി ഉയർന്നു, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 3.57 ശതമാനം വർധനവ് ഇത്തവണയുണ്ടായി. തൃശൂർ (37.8 ശതമാനം), ആറ്റിങ്ങൽ (31.6 ശതമാനം), തിരുവനന്തപുരം (35.5 ശതമാനം) എന്നിവിടങ്ങളിൽ 30 ശതമാനത്തിലധികം വോട്ട് വിഹിതം ബിജെപി നേടി. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്താനും ബിജെപിക്കായി.