Break Fast | പ്രാതലിനായി, ഈ ഭക്ഷണങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്


*നല്ല ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ശരിയായ ബുദ്ധിക്കും സന്തോഷമുള്ള മനസിനും ഉപകരിക്കും. അതുകൊണ്ടു തന്നെ പോഷകസമൃദ്ധമായ പ്രാതൽ ശീലമാക്കേണ്ടതുണ്ട്.
ന്യൂഡെൽഹി: (KVARTHA) രാവിലത്തെ ഭക്ഷണം രാജാവിനെ പോലെ കഴിക്കണം എന്നാണല്ലോ പറയാ, പക്ഷേ ഇന്ന് അധികമാരും പ്രാതലിനെ വേണ്ട വിധേന പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ ഒരു തട്ടിക്കൂട്ട് ഭക്ഷണം എന്നതിനപ്പുറം, മികച്ചവയൊന്നുമല്ല, നമ്മുടെ രാവിലത്തെ ഭക്ഷണം അല്ലേ? ചിലതാകട്ടെ പ്രാതലായിട്ട് കഴിക്കാനേ പാടില്ലാത്തവയുമാണ്.
നമ്മുടെ ഒരു ദിവസത്തെ തന്നെ മാറ്റി മറിക്കാൻ ഈ പറയുന്ന പ്രാതലിനു സാധിക്കും. നല്ല ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ശരിയായ ബുദ്ധിക്കും സന്തോഷമുള്ള മനസിനും ഉപകരിക്കും. അതിനാൽ തന്നെ പോഷകസമൃദ്ധമായ പ്രാതൽ ശീലമാക്കേണ്ടതുണ്ട്.
ഓട്‌സ്, കൊഴുപ്പ് കുറഞ്ഞ തൈര് തുടങ്ങിയ ഇനങ്ങളാണ് ഇന്നു പലരും പ്രഭാതഭക്ഷണമായി കഴിക്കുന്നത്. ഡയറ്റ്, അമിതവണ്ണം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഇത്തരം ഭക്ഷണക്രമീകരണത്തിലേക്കു മാറുന്നത്. എന്നാൽ ഇവ നമ്മൾ കരുതുന്നതു പോലെ അത്ര കണ്ടു പോഷകസമൃദ്ധമായ പ്രാതലൊന്നുമല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അനാരോഗ്യകരമായ പ്രഭാതഭക്ഷണങ്ങൾ,
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്
അരിയാഹാരമല്ലാതെ മറ്റെന്തെങ്കിലും പ്രാതലിനു മുന്നിൽ കണ്ടാൽ മുഖം വീർപ്പിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ വൻ തോതിൽ ശുദ്ധീകരിച്ച ധാന്യങ്ങളിൽ ഉയർന്ന പഞ്ചസാരയും കുറഞ്ഞ പ്രോട്ടീനും, നാരുകളും ആണ് ഉണ്ടാവുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി ഉയർത്തും. പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പഞ്ചസാര കോഫി തുടങ്ങിയ പാനീയങ്ങൾ
കടുപ്പത്തിൽ നീട്ടിയടിച്ച, മധുരകാപ്പിയോ ചായയോ ഒക്കെ എന്തു തന്നെയായാലും നമ്മുടെ പ്രാതലിനൊപ്പം കാണുമല്ലേ, എന്നാൽ ഇത്തരം, മധുര പാനീയങ്ങൾ, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അമിതവണ്ണത്തിനും കാരണമായേക്കും.
പഴച്ചാറുകൾ
രാവിലെ തന്നെ വെറും വയറ്റിൽ പഴച്ചാറ് കഴിക്കുന്നത്, തീരെ ആരോഗ്യകരമല്ല എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വിശപ്പ് ശമിപ്പിക്കാനും സഹായിക്കില്ല, എന്നാൽ ചിലരിൽ, വായു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെറും വയറ്റിൽ, പഴച്ചാറുകൾ കുടിക്കുന്ന ആളുകളിൽ പൊണ്ണത്തടിയുടെ സാധ്യത കൂടുതലാണ്.
പാൻകേക്കുകൾ
യുവാക്കൾക്ക് ഏറെ പ്രിയങ്കരമാണ് പാൻകേക്കുകൾ. ഇവ ശുദ്ധീകരിച്ച വെളുത്ത മാവ് കൊണ്ട് നിർമിച്ചതും പഞ്ചസാര സിറപ്പിൽ മുക്കിയെടുത്ത് ഉണ്ടാക്കുന്നതുമായ ഒരു പലഹാരമാണെന്ന് അറിയാമല്ലോ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അമിതമായ അളവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ പാൻകേക്കുകൾ രാവിലത്തെ ഭക്ഷണമായി കഴിക്കുന്നത് അത്ര നല്ലതല്ല.
മധുരമുള്ള തൈര് (Yogurt)
കൊഴുപ്പ് കുറഞ്ഞതോ, മധുരമുള്ളതോ ആയ തൈര് പ്രഭാതഭക്ഷണത്തിൽ ഉൾപെടുത്താതിരിക്കുന്നതാണ് നല്ലത്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കൂടുതലാണ്. നടൻ തൈര് പ്രോട്ടീനിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണെങ്കിലും, കടയിൽ നിന്ന് വാങ്ങുന്നവയിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് അതിൻ്റെ പോഷക മൂല്യം കുറയ്ക്കുന്നു.
പ്രാതൽ, നമ്മുടെ ഒരു ദിവസത്തേക്കുള്ള ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. അതുകൊണ്ട് ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.