Uddhav Thackeray | വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടാല്‍ രാജിവെക്കും, ഔദ്യോഗിക വസതിയും ഒഴിയും: ഉദ്ധവ് താകറെ

 


മുംബൈ: (www.kvartha.com) വിമത എംഎല്‍എമാര്‍ നേരിട്ടു വന്ന് ആവശ്യപ്പെട്ടാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് താകറെ. ഫേസ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎല്‍എമാരുടെ വിമത നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മൗനം ഭേദിച്ച് ഉദ്ധവ് താകറെ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഫേസ്ബുക് ലൈവിലൂടെ രംഗത്തെത്തിയത്.

Uddhav Thackeray | വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് ആവശ്യപ്പെട്ടാല്‍ രാജിവെക്കും, ഔദ്യോഗിക വസതിയും ഒഴിയും: ഉദ്ധവ് താകറെ


അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:


'വിട്ടു പോയിരിക്കുന്ന എംഎല്‍എമാര്‍ നേരിട്ടെത്തി, ഞാന്‍ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാല്‍ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് നല്‍കാനുള്ള രാജിക്കത്ത് ഞാന്‍ തയാറാക്കി നല്‍കും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും'.

'മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതിനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാന്‍ രാജിവയ്ക്കും.

പക്ഷേ എന്റെ അടുത്ത് വന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറതിലേക്ക് പോയിരിക്കുന്നത്. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ലെങ്കിലും അതെന്നോടു പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയാറാണ്. പകരം ശിവസേനയില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാം ' എന്നും ഉദ്ധവ് പറഞ്ഞു.

'ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്.

'നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു'വെന്ന് നിരവധിപേര്‍ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നിലെത്തിയത്. അത് ഞാന്‍ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎല്‍എ പറഞ്ഞാല്‍ ഞാന്‍ രാജിവയ്ക്കും.

ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ (ബാല്‍ താകറെ) ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണ്.' ഉദ്ധവ് പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെയെയും ഉദ്ധവ് പരോക്ഷമായി വിമര്‍ശിച്ചു. 'പാര്‍ടിയുടെ ചില എംഎല്‍എമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്‍ഥത കൊണ്ടല്ല. ആകസ്മികമായാണ് മുഖ്യമന്ത്രി സ്ഥാനം എന്നിലേക്ക് എത്തിയത്.

സര്‍കാരിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്, കോണ്‍ഗ്രസ് അതിനെ പിന്‍താങ്ങുകയും ചെയ്തു' ഉദ്ധവ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും ഫോണില്‍ വിളിച്ചിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

Keywords: Will quit if any MLA from rebel camp says I should not be CM, says Uddhav Thackeray, Mumbai, News, Politics, Chief Minister, Resignation, Facebook, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia