Kishori Lal Sharma | അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ ആരാണ്? 25 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിലെ ഒരാൾ മണ്ഡലത്തിൽ മത്സരിക്കാത്ത ആദ്യ തിരഞ്ഞെടുപ്പ്; ഇത്തവണയും എതിരാളി സ്മൃതി ഇറാനി

 


ന്യൂഡെൽഹി: (KVARTHA) ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ അമേഠിയിൽ കിഷോരി ലാൽ ശർമ ജനവിധി തേടും. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ കോൺഗ്രസിന്റെ എതിരാളി.

Kishori Lal Sharma | അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ ആരാണ്? 25 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിലെ ഒരാൾ മണ്ഡലത്തിൽ മത്സരിക്കാത്ത ആദ്യ തിരഞ്ഞെടുപ്പ്; ഇത്തവണയും എതിരാളി സ്മൃതി ഇറാനി

കഴിഞ്ഞ തവണ സ്മൃതി ഇറാനി അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന് കിഷോരി ലാൽ ശർമയുമായി വർഷങ്ങളായി ബന്ധമുണ്ടെന്ന് അദ്ദേഹത്തെ അമേഠി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അമേഠി, കോൺഗ്രസിന്റെ മുൻ കോട്ട

പതിറ്റാണ്ടുകളായി അമേഠി കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്നു. 2004ൽ അമേഠിയിൽ നിന്നാണ് രാഹുൽ ഗാന്ധി ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ഈ സീറ്റിൽ തുടർച്ചയായി വിജയിച്ചു. എന്നാൽ 2019ൽ ബിജെപിയുടെ സ്മൃതി ഇറാനി 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി. എന്നിരുന്നാലും, രാഹുൽ ഗാന്ധി അത്തവണ വയനാട് സീറ്റിൽ മത്സരിക്കുകയും വിജയിച്ച് പാർലമെൻ്റിലെത്തുകയും ചെയ്തു. ഇത്തവണയും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നുണ്ട്.

1999ന് ശേഷം ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരാൾ അമേഠിയിൽ മത്സരിക്കാത്തത്. 1999ൽ അമേഠിയിൽ നിന്നാണ് സോണിയാ ഗാന്ധി രാഷ്ട്രീയത്തിലെത്തിയത്. ഇതിന് ശേഷം 2004ൽ റായ്ബറേലി മണ്ഡലത്തിൽ മത്സരിച്ച് സോണിയാ ഗാന്ധി വിജയിച്ചു. 2019 ന് പുറമെ, 1977 ലും 1998 ലും അമേഠി സീറ്റിൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടുണ്ട്.

1980ലായിരുന്നു അമേഠിയിൽ നിന്നുള്ള ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ തുടക്കം. ഈ സീറ്റിൽ നിന്ന് വിജയിച്ചാണ് സഞ്ജയ് ഗാന്ധി പാർലമെൻ്റിലെത്തിയത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം 1981ൽ രാജീവ് ഗാന്ധിയായിരുന്നു മണ്ഡലത്തിലെ എംപി. മരണം വരെ അദ്ദേഹം ഈ സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, 1991 മുതൽ 1999 വരെ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഈ സീറ്റിൽ മത്സരിച്ചില്ല.

ആരാണ് കിഷോരി ലാൽ ശർമ?

ഇത്തവണ അമേഠിയിൽ നിന്ന് മത്സരിക്കുന്ന കിഷോരി ലാൽ ശർമ്മ ഗാന്ധി കുടുംബത്തിൻ്റെ അടുത്തയാളാണ്. റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായിരുന്നു.കിഷോരി ലാൽ ശർമ്മ പഞ്ചാബ് സ്വദേശിയാണ്. 1983ൽ കോൺഗ്രസ് പ്രവർത്തകനായാണ് അമേഠിയിൽ എത്തിയത്. രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

രാജീവ് ഗാന്ധിയുടെ മരണശേഷം അദ്ദേഹം അമേഠി സീറ്റിൽ കോൺഗ്രസിനായി പ്രവർത്തിച്ചു. 1990 കളിൽ ഗാന്ധി കുടുംബം അമേഠിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ കിഷോരി ലാൽ ശർമ്മ ഈ സീറ്റിൽ സജീവമായിരുന്നു. 1999ലെ സോണിയാ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ ഒരു പ്രധാന പങ്ക് വഹിച്ചതായാണ് പറയുന്നത്.

ഉത്തർപ്രദേശിൽ മാത്രമല്ല, ബിഹാറിലും പഞ്ചാബിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിമാരുടെ അഭാവത്തിലും കോൺഗ്രസിനെ നോക്കിയിരുന്ന ശർമ്മ, സീറ്റുകളിലേക്കുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ വെള്ളിയാഴ്ച രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കും.

Keywords: News, Malayalam News, Lok Sabha Election, Congress, BJP,  Politics, Amethi, Smriti Irani, Who is Kishori Lal Sharma, Congress candidate from Amethi who will take on Smriti Irani?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia