Taraweeh | തറാവീഹ്, റമദാനിന്റെ പ്രത്യേക നിസ്‌കാരം; ഈ ശ്രേഷ്ഠ ആരാധനയെ കുറിച്ച് കൂടുതൽ അറിയാം

 

ന്യൂഡെൽഹി: (KVARTHA) വിശുദ്ധ റമദാൻ മാസത്തിൽ അവസാന ദൈനംദിന നിസ്‌കാരത്തിന് (ഇശാഅ്) ശേഷം മുസ്ലീങ്ങൾ തറാവീഹ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക നിസ്‌കാരം നിർവഹിക്കുന്നു. റമദാൻ രാത്രികളുടെ പ്രത്യേകതകളിൽ ഒന്നാണ് തറാവീഹ്. ഒരു മാസം മുഴുവൻ, മുസ്ലീങ്ങൾ രാത്രിയിൽ വരിവരിയായി നിന്ന് കൊണ്ട് 20 റക്അത്തുകളുള്ള ഈ പ്രാർഥന നിർവഹിക്കുന്നു. റമദാനില്‍ ഇശാഅ് നിസ്‌കാരത്തിനുശേഷം സുബ്ഹിനു മുന്‍പായി നിര്‍വഹിക്കേണ്ട ആരാധനയാണിത്. സ്ത്രീ, പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും തറാവീഹ് കൂട്ടമായി (ജമാഅത്ത്) നിര്‍വഹിക്കലാണ് ഉത്തമം.

Taraweeh | തറാവീഹ്, റമദാനിന്റെ പ്രത്യേക നിസ്‌കാരം; ഈ ശ്രേഷ്ഠ ആരാധനയെ കുറിച്ച് കൂടുതൽ അറിയാം


വിശ്രമവേളകൾ

'വിശ്രമവേളകൾ' എന്നാണ് തറാവീഹ് എന്ന പദത്തിന്റെ അർഥം. രണ്ടു റക്അത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ നാല് റക്അത്ത് കഴിഞ്ഞാൽ കുറച്ചുസമയം വിശ്രമിക്കുന്നതുകൊണ്ടാണ് 'തറാവീഹ്' എന്ന പേര് ഇതിനു ലഭിച്ചത്. ഇത് നിർബന്ധമുള്ള നിസ്കാരമല്ല. ചെയ്‌താൽ പ്രതിഫലമുള്ള 'സുന്നത്ത്' എന്ന വിഭാഗത്തിൽ പെടുന്ന ആരാധനയാണ്. മുഹമ്മദ് നബി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ജമാഅത്തായി ഇത് നിർവഹിച്ചത്. പിന്നീട് വീട്ടിൽവെച്ച് തനിയെ നിസ്‌കരിച്ചു.

ആദ്യരാത്രി പള്ളിയിൽ വെച്ച് ഒന്നോ രണ്ടോ പേർ ചേർന്ന് മുഹമ്മദ് നബിക്കൊപ്പം തറാവീഹ് നിർവഹിച്ചു, അടുത്ത രാത്രിയിൽ വലിയ ജനക്കൂട്ടം നബിയോടൊപ്പം ചേർന്നു. മൂന്നാം ദിവസം രാത്രി പള്ളി നിറയെ ആളുകളെ കണ്ടപ്പോൾ നിർബന്ധമായി നിശ്ചയിക്കപ്പെടുമോ എന്ന ആശങ്ക നിമിത്തം ജമാഅത്തായി നിസ്‌കരിക്കുന്ന പതിവ് മുഹമ്മദ് നബി ഉപേക്ഷിച്ചു. പ്രവാചകൻ തൻ്റെ സമുദായത്തെക്കുറിച്ച് എത്രമാത്രം ചിന്താശീലനായിരുന്നുവെന്ന് ഇത് കാണിക്കുന്നു.

പിന്നീട് ഹിജ്‌റ 14ലാണ് തറാവീഹ് നിസ്‌കാരം വ്യവസ്ഥാപിതമായി ഇരുപത് റക്അത്ത് നിര്‍വഹിക്കാന്‍ ഖലീഫ ഉമര്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹത്തിന്റെ രണ്ടാം ഭരണവര്‍ഷമായിരുന്നു അത്. പ്രവാചക അനുയായികൾ (സ്വഹാബികള്‍) ഒറ്റക്കും സംഘം ചേര്‍ന്നും വീടുകളിലും പള്ളികളിലുമായി നിസ്‌കരിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ എല്ലാവരും കൂടി പള്ളിയില്‍ സംഗമിക്കുകയായിരുന്നുവെങ്കില്‍ അതായിരിക്കും നല്ലതെന്ന് മനസിലാക്കി എല്ലാവരുമായും ആലോചിച്ച ശേഷമാണ് തറാവീഹ് നിസ്‌കാരം ജമാഅത്തായി അന്ന് പുനഃസ്ഥാപിച്ചത്.

ജമാഅത്തായി നിർവഹിക്കുന്ന ഏതൊരു നിസ്‌കാരത്തിനും ഒറ്റയ്ക്ക് നിസ്കരിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലത്തിൻ്റെ 27 ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. പല രാജ്യങ്ങളിലും, റമദാൻ മാസത്തിൽ ഈ നിസ്‌കാരത്തിൽ ഖുആൻ മുഴുവനും പാരായണം ചെയ്തുകൊണ്ട് ദീർഘമായി നിസ്കരിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. വിശ്വാസികളുടെ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാൻ മാസത്തില്‍ തറാവീഹ് കേവലമൊരു നിസ്‌കാരം എന്നതിലുപരി വലിയ പുണ്യമുള്ള ആരാധനയായാണ് ഇസ്ലാം മത വിശ്വാസികൾ കാണുന്നത്.

Keywords: News, Ramadan, News-Malayalam-News, National, National-News, Ramadan: All you need to know about taraweeh prayers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia