Oath | മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, ഐടി, പ്രതിരോധം ഇവ മോദിയുടെ കൈകളില്‍ ഭദ്രം; മറ്റുള്ളവര്‍ക്ക് വീതിക്കുന്നത് ഇതൊക്കെ!

 
PM Modi Gets Written Support From Chandrababu Naidu, Nitish Kumar, Oath On Saturday, New Delhi, News, Oath, Narendra Modi, NDA, Politics, National News

മന്ത്രിസഭയിലെ വകുപ്പുകള്‍, പ്രാതിനിധ്യം എന്നിവയില്‍ സഖ്യകക്ഷി നേതാക്കളുമായുള്ള ചര്‍ച ആരംഭിച്ചു


പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും വിലപേശാന്‍ സാധ്യത

ന്യൂഡെല്‍ഹി: (KVARTHA) മൂന്നാം മോദി സര്‍കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ ബിജെപി എംപിമാരോട് വ്യാഴാഴ്ച വൈകിട്ട് ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കയാണ് കേന്ദ്ര നേതൃത്വം. വെള്ളിയാഴ്ച എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് നരേന്ദ്ര മോദിയെ പാര്‍ലമെന്റിലെ നേതാവായി തിരഞ്ഞെടുക്കും. 

 

തുടര്‍ന്ന് നരേന്ദ്ര മോദി അമിത് ഷായ്ക്കും നിതീഷ് കുമാറിനും ചന്ദ്രബാബു നായ്ഡുവിനും ഒപ്പം രാഷ്ട്രപതിയെ കണ്ട് സര്‍കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. അതിന് മുന്നോടിയായി മന്ത്രിസഭയിലെ വകുപ്പുകള്‍, പ്രാതിനിധ്യം എന്നിവയില്‍ സഖ്യകക്ഷി നേതാക്കളുമായുള്ള ചര്‍ച ആരംഭിച്ചു. കഴിഞ്ഞദിവസം ഡെല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞവരെ ഡെല്‍ഹിയില്‍ തുടരും. 

 

ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, ഐടി, പ്രതിരോധം എന്നീ വകുപ്പുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബിജെപി തയാറാകില്ല, ഇവ കൈവശം വയ്ക്കണമെന്നാണ് നരേന്ദ്രമോദിയുടെ താല്‍പര്യം. പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും വിലപേശാന്‍ സാധ്യതയുണ്ടെങ്കിലും പ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. എന്നാല്‍, ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനത്തേക്ക് ഘടകക്ഷികളില്‍ നിന്നുള്ളവരെ പരിഗണിച്ചേക്കാമെന്നുള്ള റിപോര്‍ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച നടത്തുന്നുണ്ട്. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാകേജ് വേണമെന്ന  ആവശ്യം ജെഡിയുവും ടിഡിപിയും മുന്നോട്ടുവയ്ക്കും.


ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ലോക്‌സഭാ സ്പീകര്‍ സ്ഥാനവും ധനകാര്യ വകുപ്പിലെ സഹമന്ത്രി സ്ഥാനവും ഉള്‍പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ നായിഡു ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. വിശ്വാസവോടെടുപ്പില്‍ സ്പീകര്‍ പദവി നിര്‍ണായകമാണ്. വാജ്‌പേയ് സര്‍കാരിന്റെ ഭാഗമായിരുന്നപ്പോള്‍ സ്പീകര്‍ പദവി ലഭിച്ചതും ടിഡിപി ചൂണ്ടിക്കാട്ടുന്നു. 293 സീറ്റാണ് എന്‍ഡിഎ നേടിയത്. 

ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ധനം, ഐടി, ജല്‍ശക്തി എന്നിവയും ടിഡിപി ലക്ഷ്യമിടുന്നുണ്ട്. അതേസമയം, രണ്ട് കാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയു ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം നിതീഷിന്റെ മുഖ്യമന്ത്രിപദവിക്ക് തടസമുണ്ടാകില്ലെന്ന ഉറപ്പും ചോദിക്കും. റെയില്‍വേ മന്ത്രിസ്ഥാനത്തില്‍ എല്ലാവര്‍ക്കും കണ്ണുണ്ട്.

അതേസമയം മൂന്ന് എംപിക്ക് ഒരു മന്ത്രിസ്ഥാനം എന്നതാണ് നിതീഷ് കുമാറിന്റെ ഫോര്‍മുല. കൃഷി, പെട്രോളിയം മന്ത്രാലയങ്ങളാണ് ജെഡിയു മുന്നോട്ടുവയ്ക്കുന്നത്. പെതു മിനിമം പരിപാടിയില്‍ ജാതി സെന്‍സസ് ഉള്‍പെടുത്തണമെന്നും രാജ്യമാകെ വൈദ്യുതി ബില്‍ ഏകീകരിക്കണം, അഗ്‌നിപഥ് പദ്ധതി പരിഷ്‌ക്കരിക്കണം എന്നീ നിര്‍ദേശങ്ങളും നിതീഷ് കുമാര്‍ മുന്നോട്ടുവച്ചേക്കും.

ഏഴ് സീറ്റുള്ള ശിവസേന ഏക് നാഥ് ഷിന്‍ഡെ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എല്‍ജെപി എന്നിവയാണ് കൂടുതല്‍ അവകാശമുന്നയിക്കാവുന്ന മറ്റ് കക്ഷികള്‍. ഒരു കാബിനറ്റ് ഉള്‍പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുകയെന്നാണ് അനൗദ്യോഗികമായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. രണ്ട് സീറ്റ് വീതമുള്ള ജനസേനാ പാര്‍ടി, ജനതാദള്‍ എസ്, രാഷ്ട്രീയ ലോക് ദള്‍ എന്നിവയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടിവന്നേക്കാം. അതുകഴിഞ്ഞാല്‍ ഓരോ അംഗങ്ങള്‍ വീതമുള്ള എട്ട് പാര്‍ടികളാണ് എന്‍ഡിഎയില്‍ ഉള്ളത്.

എച് ഡി കുമാരസ്വാമി, ജിതന്‍ റാം മാഞ്ചി എന്നിവരും മന്ത്രിസ്ഥാനം ആവശ്യപ്പെടും. ബിജെപിക്ക് കരുത്ത് നല്‍കിയ ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന തന്നെ ലഭിക്കും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശേയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ് ഗെ, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ് നാഥ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുമെന്നാണ് സൂചന.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia