Arrested | രേണുകാ സ്വാമിയെ കൊലപ്പെടുത്തിയശേഷം ഓടയില്‍ തള്ളിയെന്ന കേസ്: കന്നഡ സൂപര്‍താരം ദര്‍ശന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റില്‍
 

 
Kannada star Darshan Thoogudeepa Girl Friend Pavithra Gowda arrested in murder case, Bengaluru, News, Arrested, Murder Case, Darshan Thoogudeepa, Girl Friend, Pavithra Gowda, Police, National News


രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത് ഓടയില്‍ നിന്നും


ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തിരിച്ചറിഞ്ഞു
 

ബംഗ്ലൂരു: (KVARTHA) ചിത്രദുര്‍ഗ സ്വദേശി രേണുകാ സ്വാമിയെ  കൊലപ്പെടുത്തിയശേഷം ഓടയില്‍ തള്ളിയെന്ന കേസില്‍ കന്നഡ സൂപര്‍താരം ദര്‍ശന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റില്‍. പവിത്രയ്ക്ക് സമൂഹ മാധ്യമ അകൗണ്ട് വഴി അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെടുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നായ കടിച്ചുകീറുന്നത് കണ്ട് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് കരുതിയ കേസില്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഗിരിനഗര്‍ സ്വദേശികളായ മൂന്നു പേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടില്‍വച്ചാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം പാലത്തിന് കീഴില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കന്നഡ സൂപര്‍താരം ദര്‍ശന്റെ പങ്കാളിത്തം കൂടി പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പൊലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പവിത്രയേയും കസ്റ്റഡിയിലെടുത്തത്.

2013-ല്‍ ഛത്രികളു ഛത്രികളു സാര്‍ ഛത്രികളു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് പവിത്ര ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ല്‍ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സമൂഹ മാധ്യമങ്ങളില്‍ വാക്ക്പോരും നടത്തിയിരുന്നു.

ദര്‍ശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി സമൂഹമാധ്യമ അകൗണ്ടിലൂടെ അശ്ലീല സന്ദേശം അയച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ദര്‍ശന്‍, ചിത്രദുര്‍ഗയില്‍ തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായ വ്യക്തിയുമായി ബന്ധപ്പെടുകയും ഇവര്‍ ദര്‍ശന്റെ നിര്‍ദേശപ്രകാരം രേണുകസ്വാമിയെ നഗരത്തില്‍ എത്തിച്ചു എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് ഒരു ഷെഡില്‍വച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. 

രേണുകസ്വാമിയുടെ മാതാപിതാക്കള്‍ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia