Family Tree | പ്രജ്വലും രേവണ്ണയും: ഇതാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബം! രാഷ്ട്രീയക്കാർ മുതൽ ഡോക്ടർമാർ വരെ; വിവാദങ്ങളിൽ പെട്ടവരുടെ ചരിത്രമറിയാം

 


ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വേളയിൽ കർണാടകയിലെ ദേവഗൗഡ കുടുംബം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെ.ഡി.എസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോകൾ പുറത്തുവന്നത് കുടുംബത്തെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രജ്വലിന്റെ നിരവധി അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എച്ച് ഡി ദേവഗൗഡയുടെ മകൻ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ.
  
Family Tree | പ്രജ്വലും രേവണ്ണയും: ഇതാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കുടുംബം! രാഷ്ട്രീയക്കാർ മുതൽ ഡോക്ടർമാർ വരെ; വിവാദങ്ങളിൽ പെട്ടവരുടെ ചരിത്രമറിയാം

പ്രശ്‌നം രൂക്ഷമായതോടെ ചൊവ്വാഴ്ച പ്രജ്വലിനെ ജെഡിഎസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അതേസമയം, ഇത് പ്രജ്വൽ രേവണ്ണയുടെ വ്യക്തിപരമായ കാര്യമാണെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഉപയോഗിക്കുന്നുണ്ടെന്നും കർണാടക ജെഡിഎസ് പ്രസിഡൻ്റ് എച്ച്ഡി കുമാരസ്വാമി പറയുന്നു. കർണാടകയിലെ പ്രശസ്‌തമായ എച്ച്‌ഡി ദേവഗൗഡയുടെ കുടുംബത്തിൽ ആരൊക്കെയുണ്ടെന്ന് അറിയാമോ?


എച്ച് ഡി ദേവഗൗഡ

ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1933 മെയ് മാസത്തിൽ കർണാടകയിലെ ഹാസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഹർദനഹള്ളി ഗ്രാമത്തിലാണ് എച്ച് ഡി ദേവഗൗഡ ജനിച്ചത്. നിലവിൽ ജെഡിഎസ് ദേശീയ അധ്യക്ഷനും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ എംപിയുമാണ്. 1994ൽ എച്ച്‌ഡി ദേവഗൗഡ കർണാടകയുടെ പതിനാലാമത് മുഖ്യമന്ത്രിയായി. 1954ൽ ചെന്നമ്മയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉൾപ്പെടെ ആറ് മക്കളുണ്ട്.

1. എച്ച് ഡി ബാലകൃഷ്ണ ഗൗഡ: എച്ച് ഡി ദേവഗൗഡയുടെ മക്കളിൽ മൂത്തയാളാണ് ബാലകൃഷ്ണ. വിരമിച്ച കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥനാണ്. കവിതയെയാണ് എച്ച് ഡി ബാലകൃഷ്ണ വിവാഹം ചെയ്തത്. ബാലകൃഷ്ണയ്ക്കും കവിതയ്ക്കും രണ്ട് മക്കളുണ്ട്, കുനാൽ (മകൻ), കീർത്തൻ (മകൾ). കുനാൽ ബിസിനസുകാരനാണ്, കീർത്തൻ എൻജിനീയറാണ്.

2. എച്ച് ഡി രേവണ്ണ: ദേവഗൗഡയുടെ രണ്ടാമത്തെ മകൻ. കർണാടക സർക്കാരിൽ മന്ത്രിയായിട്ടുള്ള അദ്ദേഹം നിലവിൽ ഹോളനരസിപുരയിൽ നിന്നുള്ള ജെഡിഎസ് എംഎൽഎയാണ്. ഹാസൻ ജില്ലാ പഞ്ചായത്ത് അംഗമായ ഭവാനിയെയാണ് എച്ച്ഡി രേവണ്ണ വിവാഹം കഴിച്ചത്. എച്ച് ഡി രേവണ്ണയ്ക്കും ഭവാനിയ്ക്കും പ്രജ്വൽ, സൂരജ് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്.

എച്ച് ഡി രേവണ്ണയുടെ മൂത്ത മകനാണ് സൂരജ് രേവണ്ണ. സൂരജ് തൊഴിൽപരമായി ഡോക്ടറാണ്. നിലവിൽ ജെഡിഎസിൽ നിന്ന് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്. രണ്ടാമത്തെ മകനാണ് വിവാദത്തിൽ പെട്ട പ്രജ്വൽ. നിലവിൽ ഹാസനിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്. 2019ൽ ജെഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടന്ന ഹാസനിൽ നിന്നുള്ള ജെഡിഎസ് സ്ഥാനാർത്ഥി കൂടിയാണ് പ്രജ്വൽ.

3. എച്ച് ഡി കുമാരസ്വാമി: എച്ച് ഡി ദേവഗൗഡയുടെ മൂന്നാമത്തെ മകനാണ് എച്ച് ഡി കുമാരസ്വാമി. കർണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നുള്ള ജെഡിഎസ് സ്ഥാനാർത്ഥിയാണ്. എച്ച്‌ഡി കുമാരസ്വാമി രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. രാംനഗർ നിയമസഭയിൽ നിന്നുള്ള ജെഡിഎസ് എംഎൽഎയും മാധ്യമ സംരംഭകയുമായ അനിതയാണ് അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ. 1986-ൽ അനിതയെ വിവാഹം കഴിച്ചു, അവർക്ക് നിഖിൽ കുമാരസ്വാമി എന്നൊരു മകനുണ്ട്.

കന്നഡ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് നിഖിൽ. സിനിമയ്ക്ക് പുറമെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. എച്ച് ഡി കുമാരസ്വാമിയുടെ രണ്ടാം ഭാര്യയാണ് രാധിക. ചലച്ചിത്ര നടിയും നിർമ്മാതാവുമാണ് രാധിക, പ്രധാനമായും കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2006ലായിരുന്നു രാധികയെ വിവാഹം കഴിച്ചത്. രാധികയ്ക്കും എച്ച്‌ഡി കുമാരസ്വാമിക്കും ഷമിക എന്നൊരു മകളുണ്ട്.

4. എച്ച് ഡി അനുസൂയ: എച്ച് ഡി ദേവഗൗഡയുടെ രണ്ട് പെൺമക്കളിൽ മൂത്തവളാണ് അനുസൂയ. അധ്യാപികയായിരുന്നു. പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ. സി എൻ മഞ്ജുനാഥിനെയാണ് വിവാഹം ചെയ്തത്. ഇദ്ദേഹം ഇത്തവണ ബംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിനെയാണ് അദ്ദേഹം നേരിടുന്നത്. സാത്വിക്, നമ്രത എന്നിവരാണ് മക്കൾ. ഇവർ തൊഴിൽപരമായി ഡോക്ടർമാരാണ്.

5. എച്ച് ഡി രമേശ്: ദേവഗൗഡയുടെ ഇളയ മകനാണ് എച്ച്‌ ഡി രമേശ്. റേഡിയോളജിസ്റ്റാണ് ഇദ്ദേഹം. മുൻ മന്ത്രി ഡി.സി തമന്നയുടെ മകൾ ഡോ. സൗമ്യ രമേശിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സൗമ്യ തൊഴിൽപരമായി ഡോക്ടർ കൂടിയാണ്. ദമ്പതികളുടെ മകനായ അമോഗും ഡോക്ടറാണ്.

6. എച്ച് ഡി ശൈലജ: എച്ച് ഡി ദേവഗൗഡയുടെ രണ്ടാമത്തെയും ഇളയ മകളുമാണ് എച്ച് ഡി ശൈലജ. കന്നഡ പത്രപ്രവർത്തകയാണ്. അസ്ഥിരോഗ വിദഗ്ധനായ അമോഘ് ചന്ദ്രശേഖറിനെയാണ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് സുകീർത്തി എന്നൊരു മകളുണ്ട്. അവർ ബിബിഎം ബിരുദധാരിയാണ്.

Keywords:  News, News-Malayalam-News, National, Election-News, Politics, Family Tree Of Former PM HD Devegowda.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia