Custody Extended | ഡെല്‍ഹി മദ്യനയ അഴിമതിക്കേസ്: മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും ബിആര്‍എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

 


ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും ബിആര്‍എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇരുവരെയും റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഡെല്‍ഹി തിഹാര്‍ ജയിലില്‍ കഴിയുന്ന രണ്ടുപേരേയും കസ്റ്റഡി കാലാവധി കഴിയുന്ന മെയ് ഏഴിന് കോടതിയില്‍ വീണ്ടും ഹാജരാക്കും.

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46-കാരിയായ കെ കവിത. ഡെല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാര്‍ടിയായ ആംആദ്മിക്ക് 100 കോടി നല്‍കിയ സൗത് ഗ്രൂപ് എന്ന കംപനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

Custody Extended | ഡെല്‍ഹി മദ്യനയ അഴിമതിക്കേസ്: മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും ബിആര്‍എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

ഹൈദരാബാദിലെ ബാന്‍ജറ ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി. പിന്നീട് പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് തിഹാര്‍ ജയിലിനുള്ളില്‍വെച്ച് സിബിഐ കവിതയെ ചോദ്യംചെയ്തത്. തുടര്‍ന്ന് ജയിലിനുള്ളില്‍വെച്ചു അവരെ സിബിഐ അറസ്റ്റുചെയ്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കേജ് രിവാള്‍ നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈകോടതി കടുത്ത പരാമര്‍ശങ്ങളോടെ കഴിഞ്ഞദിവസം തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കേജ് രിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിധിയില്‍ പറഞ്ഞു.

'നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു' എന്നും കേജ്രിവാളിനും ആംആദ്മി പാര്‍ടിക്കും (AAP) തിരിച്ചടിയായ വിധിയില്‍ പറഞ്ഞിരുന്നു. എഎപി കമ്യൂണികേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായര്‍ 100 കോടി രൂപ സൗത് ഗ്രൂപ് എന്ന മദ്യ കംപനിയില്‍നിന്നു സ്വീകരിച്ചെന്നും കേജ് രിവാളിനും എഎപിക്കും വേണ്ടിയാണ് ഇതെന്നും സാക്ഷിമൊഴിയില്‍ വ്യക്തമാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

അതിനിടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടന്ന് കേജ് രിവാളിന് ഇന്‍സുലിന്‍ നല്‍കിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ് രിവാള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

തിഹാര്‍ ജയിലില്‍ ദിവസേന 15-മിനിറ്റ് നേരം വൈദ്യപരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന കേജ് രിവാളിന്റെ ഹര്‍ജി കഴിഞ്ഞദിവസം റോസ് അവന്യു കോടതി തള്ളിയിരുന്നു. അവശ്യമായ വൈദ്യചികിത്സ നല്‍കണമെന്നും പ്രത്യേക പരിശോധന അവശ്യമായ ഘട്ടത്തില്‍ മെഡികല്‍ ബോര്‍ഡിനെ ജയില്‍ അധികൃതര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. നേരത്തേ കേജ് രിവാളിനെ ഇടക്കാലജാമ്യത്തില്‍ വിട്ടയക്കണമെന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു.

ഇഡിയും സംസ്ഥാനവും രെജിസ്റ്റര്‍ ചെയ്ത എല്ലാ ക്രിമിനല്‍ കേസുകളില്‍ നിന്നും ഇടക്കാല ജാമ്യം നല്‍കി ജയില്‍ മോചിതനാക്കണമെന്ന ഹര്‍ജിയാണ് ഡെല്‍ഹി കോടതി തള്ളിയത്. അതോടൊപ്പം പരാതിക്കാരന് 75,000 രൂപ പിഴയും കോടതി വിധിച്ചു. 

എഎപി നേതാവ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കോടതിയുടെ ഉത്തരവിലാണെന്നും കോടതി പരമാര്‍ശിച്ചു. ഏപ്രില്‍ 15-ന് കേജ് രിവാളിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു. അറസ്റ്റ് ചോദ്യംചെയ്ത് കേജ് രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളിയതോടെ ആയിരുന്നു അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

Keywords: Arvind Kejriwal, K Kavitha To Stay In Jail, Custody Extended By 14 Days, New Delhi, News, Politics, AAP, Arvind Kejriwal, K Kavitha, Custody, Extended, Jail, Court, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia