LS Result | ബംഗാളില്‍ നിന്നും ശുഭകരമായ വാര്‍ത്തകളൊന്നുമില്ല, ഇക്കുറിയും ചെങ്കാടി മങ്ങി

 
cpiml


അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുടെ നേതൃത്വത്തില്‍ വന്‍പട തന്നെയാണ് ബംഗാളില്‍ പ്രചാരണത്തിനെത്തിയത്

/ കനവ് കണ്ണൂർ 

കൊല്‍ക്കത്ത: (KVARTHA) ബംഗാളില്‍ നിന്നും സി.പി.എമ്മിന് ഇക്കുറിയും ശുഭകരമായ വാര്‍ത്തകളൊന്നുമില്ല. പതിനായിരങ്ങള്‍ പങ്കെടുത്ത ഇന്‍സാഫ് റാലിയോടെ പുതുതലമുറ നേതാക്കളുടെ കരുത്തില്‍ ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പാര്‍ട്ടി എരിഞ്ഞടങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടി വോട്ടുഷെയര്‍ ഇത്തവണയും കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 

34-വര്‍ഷം സംസ്ഥാനം ഭരിച്ച പാര്‍ട്ടിക്ക് രണ്ടാംതവണയും ഒരു സീറ്റു പോലും നേടാന്‍ കഴിയാത്തത്  തകര്‍ച്ചയുടെ പൂര്‍ണചിത്രം വ്യക്തമാക്കുന്നു. ഇതിനൊപ്പം സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് ഒരു സീറ്റു നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. ബി.ജെ.പിയിലേക്ക് പോയ പാര്‍ട്ടി വോട്ടുകള്‍ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത്തവണയും കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒലിച്ചു പോയതോടെ പാര്‍ട്ടിയുടെ കാലിനടിയിലെ അവശേഷിച്ച മണ്ണും ഒലിച്ചു പോയി. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം 7.5ശതമാനം വോട്ടു നേടിയപ്പോള്‍ ഇക്കുറിയത് 6.14 ശതമാനമായി കുറഞ്ഞു. കൂടെ നിന്നു പോരാടിയ കോണ്‍ഗ്രസിന്റെയും വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 5.7ശതമാനത്തില്‍ നിന്നും 4.58ശതമാനമായി കുറഞ്ഞു. ഇടതു, കോണ്‍ഗ്രസ് സഖ്യത്തിന് 2019-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 2.38 ശതമാനംവോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.  ഇത്തവണ സി.പി.എം 23 സീറ്റിലും കോണ്‍ഗ്രസ് 12സീറ്റിലുമാണ് മത്സരിച്ചത്. 

മുര്‍ഷിദാബാദില്‍ മാത്രമാണ് സി.പി.എം രണ്ടാംസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ തവണ ഇരുചേരികളിലായി കോണ്‍ഗ്രസും സി.പി.എമ്മും മത്സരിച്ച ഈ സീറ്റ് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ്  സലീമിന് മത്സരിക്കാനായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ദാനമായി നല്‍കിയെങ്കിലും ഒന്നരലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. സി.പി. എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുടെ നേതൃത്വത്തില്‍ വന്‍പട തന്നെയാണ് ബംഗാളില്‍ പ്രചരണത്തിനെത്തിയത്. 

മമതയ്ക്കും ബി.ജെപിക്കുമെതിരെ വന്‍ റാലികളും പൊതുസമ്മേളനവും നടത്തിയായിരുന്നു പ്രചരണം. കുടുംബയോഗങ്ങളും പഞ്ചായത്ത് തല യോഗങ്ങളില്‍ പാര്‍ട്ടി വിളിച്ചു ചേര്‍ത്തിരുന്നു. രാജ്യത്ത് ഉയര്‍ന്ന കര്‍ഷകസമരങ്ങളും വിലക്കയറ്റ വിരുദ്ധവികാരവും വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിക്കാതെ ചെങ്കൊടി നിറം വീണ്ടും മങ്ങി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia