Thin Body | ഇഷ്ടം പോലെ ഭക്ഷണം കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണം അറിയാം!

 


കൊച്ചി:(KVARTHA) ചിലര്‍ എത്ര ഭക്ഷണം കഴിച്ചാലും മെലിഞ്ഞ പ്രകൃതമായിരിക്കും. ഇത് കണ്ട് വീട്ടിലെ മറ്റ് അംഗങ്ങള്‍ തമാശയായി പറയാറുണ്ട്, കഴിച്ചതെല്ലാം എവിടെ പോകുന്നു, ശരീരത്തില്‍ കാണാനില്ലല്ലോ എന്ന്. എന്നാല്‍ ചിലര്‍ എന്തെങ്കിലും അസുഖമായിരിക്കുമോ ഇതിന് പിന്നിലെന്ന് സംശയിച്ച് ഡോക്ടറെ കാണുന്നതും പതിവാണ്. നേരെ മറിച്ച് വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നവര്‍ വളരെ തടിച്ചിരിക്കുന്നതും കാണാം. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അതേ കുറിച്ച് വ്യക്തമായി അറിയാം.

Thin Body |  ഇഷ്ടം പോലെ ഭക്ഷണം കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണം അറിയാം!


*വേഗത്തിലുള്ള മെറ്റബോളിസം

മെലിഞ്ഞ ശരീരത്തിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ സങ്കീര്‍ണമാണെന്നും ഇവര്‍ പറയുന്നു. വേഗത്തിലുള്ള മെറ്റബോളിസം ഉള്‍പെടെയുള്ള നിരവധി ഘടകങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമാകുന്നതിനാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ജനിതകശാസ്ത്രം, പോഷകാഹാരം, പെരുമാറ്റ ഘടകങ്ങള്‍ എന്നിവയെല്ലാം ഇതുമായി ബന്ധപ്പെടുന്നു.

ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാരം നിലനിര്‍ത്താന്‍ കഴിയുന്ന രീതി, മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ എത്രമാത്രം ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ ധാരാളം ഭക്ഷണം കഴിക്കുന്നതായി തോന്നുന്ന മിക്ക ആളുകളും യഥാര്‍ഥത്തില്‍ ഏകദേശം ഒരേ അളവില്‍ തന്നെ കഴിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ വല്ലപ്പോഴും ഒരിക്കല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവര്‍ എല്ലാ ദിവസവും ഇത് തുടരണം എന്നില്ല, അതുകൊണ്ടുതന്നെ സാധാരണ ആളുകള്‍ കഴിക്കുന്നതിനു തുല്യമായ ഭക്ഷണവും ദൈനംദിന കലോറി ഉപഭോഗവും മറ്റുള്ളവരുടേതിന് തുല്യമായിരിക്കും.

ശാരീരിക പ്രവര്‍ത്തനത്തിന്റെ തോത്

മെലിഞ്ഞ ശരീര പ്രകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഘടകം അവരുടെ ശാരീരിക പ്രവര്‍ത്തനത്തിന്റെ തോതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ചയായി ചെയ്യുക എന്നതിനര്‍ഥം കൂടുതല്‍ നടക്കുകയോ വീട്ടുജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുക എന്നതാണ്.

ചില ആളുകള്‍ അവരുടെ ശരീരം മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ചലിപ്പിക്കുന്നതിന് ജനിതക സ്വാധീനം ചെലുത്തുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഗണ്യമായ അളവില്‍ കലോറിയെ ഉപയോഗപ്പെടുത്തുവാനും ആരോഗ്യകരമായ രീതിയില്‍ ഭാരം നിലനിര്‍ത്താനും സഹായിക്കുന്നുവെന്ന് മാത്രമല്ല ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ ഒരേ വ്യായാമം ചെയ്യുന്നതിലൂടെ കൂടുതല്‍ കലോറി കത്തിക്കുന്നു. ഇത് പൂര്‍ണമായും അവരുടെ ജനിതകശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു.

ശരീരഭാരം കൂട്ടുന്നതിലും കുറയ്ക്കുന്നതിലും ജനിതകശാസ്ത്രത്തിന്റെ പങ്ക്

ഒരു വ്യക്തിയുടെ വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതില്‍ ജനിതകശാസ്ത്രത്തിന് വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. PLOS ജനിതകശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച 2019 ലെ ഒരു പഠനമനുസരിച്ച്, ഡിഎന്‍എയുടെ 250-ലധികം വ്യത്യസ്ത മേഖലകള്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇതുസംബന്ധിച്ച പഠനത്തിനായി ഗവേഷകര്‍ കുറഞ്ഞ ബോഡി മാസ് ഇന്‍ഡക്‌സ് (BMI) ഉള്ള ആരോഗ്യമുള്ള 1,622 ആളുകളില്‍ നിന്നും, കടുത്ത പൊണ്ണത്തടിയുള്ള 1,985 ആളുകളില്‍ നിന്നും, സാധാരണ ഭാരമുള്ള 10,433 ആളുകളില്‍ നിന്നും ഡാറ്റ ശേഖരിച്ച് പരിശോധിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ മെലിഞ്ഞവര്‍ക്ക് അമിതവണ്ണവുമായി ബന്ധപ്പെട്ട ജീനുകള്‍ കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ ജീനുകള്‍ മാത്രമല്ല ശരീരഭാരം കൂട്ടുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ സഹായിക്കുന്നത്. പഠന വേളയില്‍, അമിതവണ്ണത്തിന് സാധ്യതയുള്ള ജനിതക ഘടകങ്ങളുള്ള ചില ആളുകളെയും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ അവര്‍ മെലിഞ്ഞിരുന്നു.

ശരീരഭാരം നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് ഒരു പങ്കുണ്ട്. ഇതുകൂടാതെ ഉറങ്ങുന്ന രീതി, ജീവിതശൈലി, മദ്യപാനത്തിന്റെ അളവ്, ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പുകള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും കാരണമാകുന്നു. അതുകൊണ്ടുതന്നെ ആരോഗ്യപരമായ ശരീരികാവസ്ഥയ്ക്കായി ശ്രമിക്കുകയാണെങ്കില്‍, കുറച്ച് ഭക്ഷണം കഴിക്കുന്നതിനോ കൂടുതല്‍ വ്യായാമം ചെയ്യുന്നതിനെ കുറിച്ചോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്, പകരം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കുക. ഇത് ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Keywords: How Can Some People Eat A Lot And Still Remain Thin?, Kochi, News, Thin Body, Health, Health Tips, Study, Research, Thick Body, Food, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia