Custody Death | താനൂര്‍ കസ്റ്റഡി മരണക്കേസ്; പ്രതി പട്ടികയിലുള്ള 4 പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു

 


മലപ്പുറം: (KVARTHA) താനൂരിലെ കസ്റ്റഡി മരണക്കേസില്‍ പ്രതി പട്ടികയിലുള്ള നാല് പൊലീസുകാരെ സി ബി ഐ അറസ്റ്റ് ചെയ്തു. പുലര്‍ചെയാണ് സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സി പി ഒ ജിനേഷ്, രണ്ടാം പ്രതി സി പി ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സി പി ഒ അഭിമന്യു, നാലാം പ്രതി സി പി ഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. പ്രതികളെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ എത്തിച്ചു. എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വേണമെന്ന് സി ബി ഐ ആവശ്യപ്പെടും.

ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനാണ് മരിച്ചത്. ലോകപില്‍വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ചെ കൂടെയുള്ളവര്‍ വിവരം അറിയിച്ചെന്നും നാലരയോടെ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്.

എന്നാല്‍, ആശുപത്രിയിലെത്തിച്ച് അഞ്ച് മണിക്കൂറിനുശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു. കസ്റ്റഡി മര്‍ദനവും മരണകാരണമായതായി ആരോപണമുയര്‍ന്നിരുന്നു.

പൊലീസിനെ കണ്ട് ലഹരി വസ്തുക്കള്‍ താമിര്‍ വിഴുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ ലഹരി വസ്തുക്കള്‍ അമിതമായി ശരീരത്തില്‍ കലര്‍ന്നതിന് പുറമേ മര്‍ദനവും മരണകാരണമായെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസുകാരിലേക്കും കേസ് നീണ്ടത്.

താമിര്‍ ജിഫ്രി ഉള്‍പെടെ അഞ്ചുപേരെയാണ് പൊലീസ് ലഹരി മരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്കും പിന്നീട് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നിന്ന് എംഡിഎംഎ പിടികൂടിയെന്നായിരുന്നു പൊലീസ് റിപോര്‍ട്. എന്നാല്‍ എഫ് എസ് എല്‍ (ഫോറന്‍സിക് സയന്‍സ് ലബോറടറി) റിപോര്‍ടില്‍ വീര്യം കുറഞ്ഞ മെതാംഫെറ്റാമിന്‍ ആണ് പിടികൂടിയതെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചായിരുന്നു ഹൈകോടതി ജാമ്യം നല്‍കിയത്.

Custody Death | താനൂര്‍ കസ്റ്റഡി മരണക്കേസ്; പ്രതി പട്ടികയിലുള്ള 4 പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ മനുഷ്യവകാശ കമീഷന്‍ റിപോര്‍ട് തേടിയിരുന്നു. താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയര്‍ന്നതോടെയാണ് കമീഷന്‍ ഇടപെട്ടത്. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യഘട്ട പ്രതിപട്ടിക സമര്‍പിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ അന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് സി ബി ഐക്ക് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.

Keywords: News, Kerala, Malappuram-News, Tanur Case, Custodial Death, Four Policemen, Arrested, CBI Action, Forensic Science Laboratory, Thamir Jifrii, Death, Central Bureau of Investigation, Police, Tanur custodial death; Four policemen arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia