BJP candidate | കണ്ണൂരില്‍ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാർഥി; മുന്‍ കോണ്‍ഗ്രസ് നേതാവ് താമര ചിഹ്‌നത്തില്‍ മത്സരിക്കും

 

കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാർഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥിനെ (63) ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ 12 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയിലാണ് സി രഘുനാഥ് ഇടം നേടിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ സി രഘുനാഥ് ബിജെപി ദേശീയ സമിതിയംഗമാണ്. അരനൂറ്റാണ്ടിലേറെക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് സി രഘുനാഥ് ബിജെപിയിലെത്തിയത്.
  
BJP candidate | കണ്ണൂരില്‍ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാർഥി; മുന്‍ കോണ്‍ഗ്രസ് നേതാവ് താമര ചിഹ്‌നത്തില്‍ മത്സരിക്കും

ബ്രണന്‍ കോളജ് ചെയര്‍മാന്‍, എസ്എന്‍ കോളജ് കൗണ്‍സിലര്‍, കാലികറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, കേനന്നൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ട്രാക് കണ്ണൂര്‍ പ്രസിഡന്റ്, സീനിയര്‍ ബ്രണന്‍ അലുംനി പ്രസിഡന്റ് എന്നിങ്ങനെ അതിവിപുലമായ പൊതുപ്രവര്‍ത്തന പാരമ്പര്യം സി രഘുനാഥിനുണ്ട്. അഞ്ചരക്കണ്ടി വണ്ടിക്കാരന്‍ പീടികയിലെ മാമ്പ സ്വദേശിയായ സി രഘുനാഥ് അവന്തികയെന്ന വീട്ടിലാണ് താമസം. കെ എസ് യു സംസ്ഥാന നേതൃനിരയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പളളി രാമചന്ദ്രന്‍, വി എം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുൻ പൊലീസ് ഓഫീസര്‍ പരേതനായ എം ഒ ചന്തുക്കുട്ടി നമ്പ്യാര്‍ - പരേതയായ ഇല്ലത്തു കാര്‍ത്തിയായനി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മോണിക രഘുനാഥ്. മക്കള്‍: അര്‍ജുന്‍ രഘുനാഥ് (മറൈന്‍ എൻജിനീയര്‍), നിരഞ്ജന്‍ രഘുനാഥ് (സിവില്‍ എൻജിനീയര്‍). ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡികല്‍ ആര്‍ക്കിടെക്ചറല്‍ കംപനിയായ മെഡിഗാസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയായി പ്രവര്‍ത്തിച്ചുവരികയാണ്.

ബിജെപിയില്‍ ചേര്‍ന്ന് ആറുമാസം പിന്നിടുന്നതിന് മുമ്പെയാണ് സി രഘുനാഥിനെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കാനുളള അവസരവും തേടിവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സി രഘുനാഥ്. കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ചപ്പോള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിച്ചത് സി രഘുനാഥായിരുന്നു. പ്രായോഗിക തിഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ അറിയാവുന്ന രഘുനാഥ് കോണ്‍ഗ്രസ് വോടുകള്‍ ചോര്‍ത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Surprise candidate for BJP in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia