Suspended | സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്തു

 

കല്‍പറ്റ: (KVARTHA) സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലറുടെ ഉത്തരവ്. കോളജ് ഡീന്‍ എം കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനും കാരണം കാണിക്കല്‍ നോടീസിനു നല്‍കിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. എല്ലാം നിയമപ്രകാരം ചെയ്തുവെന്നായിരുന്നു വിസിക്ക് ഇരുവരും നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.

വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ എം കെ നാരായണന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പുതിയ വി സി ഡോ. സിസി ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Suspended | സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്തു

പോസ്റ്റുമോര്‍ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചെന്നുമാണ് കാരണം കാണിക്കല്‍ നോടീസിനു നല്‍കിയ മറുപടിയില്‍ എം കെ നാരായണനും കാന്തനാഥനും പറയുന്നത്.

ആശുപത്രിയില്‍വെച്ച് സിദ്ധാര്‍ഥന്റെ മരണം സ്ഥിരീകരിച്ച് പത്തു മിനുറ്റിനുള്ളില്‍ത്തന്നെ സിദ്ധാര്‍ഥന്റെ അമ്മാവനെ വിവരമറിയിച്ചിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഡീന്‍ എം കെ നാരായണന്‍ നേരത്തെ മാധ്യമങ്ങേളാട് പറഞ്ഞിരുന്നു.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ എം ആര്‍ ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം സസ്പെന്‍ഷന്‍ പോരെന്നും ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവും യൂത് കോണ്‍ഗ്രസും രംഗത്തെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരില്‍ സിദ്ധാര്‍ഥനെ മൈതാനത്ത് വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 14 മുതല്‍ 18ന് ഉച്ച വരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനം.

കേസില്‍ പ്രതികളായ 18 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തി. വീട്ടിലേക്കു പോയ സിദ്ധാര്‍ഥനെ കൃത്യമായ ആസൂത്രണത്തിനൊടുവില്‍ പൂക്കോട് കാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞത് 2 വര്‍ഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്.

കൊലപാതകമെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേല്‍പിക്കല്‍, ആയുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

Keywords: Siddharth’s death: Dean and Assistant Warden suspended for neglect of duty, Wayanad, News, Siddharth’s Death, Dean and Assistant Warden, Suspended, Trending, Explanation, Dead, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia