Rajya Sabha | മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റ്: കോൺഗ്രസ് വിള്ളലിൽ പ്രതീക്ഷയർപ്പിച്ച് ഇടതുപക്ഷം; കോട്ടയത്തടക്കം അനുകൂലമാകും

 

/ ഏദൻ ജോൺ

(KVARTHA) മുസ്ലിം ലീഗിന് ഒരു രാജ്യസഭാ സീറ്റ് നൽകാനുള്ള യുഡിഎഫ് തീരുമാനം ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത് എൽഡിഎഫിനെ. യുഡിഎഫിന്‍റെ രാജ്യസഭാംഗങ്ങളെല്ലാം ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് വരുമ്പോൾ അത് യുഡിഎഫിൽ വിള്ളൽ ഉണ്ടാക്കുമെന്ന് അവർ കരുതുന്നു . രാജ്യസഭയിലെ മുസ്ലിം ലീഗ് ആധിപത്യം ഉള്‍പ്പെടെ മധ്യ കേരളത്തില്‍ വോട്ട് ചോര്‍ച്ചയ്ക്ക് വഴി തെളിക്കുമെന്ന സന്തോഷത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. ഇതുമൂലം കടുത്ത മത്സരം നേരിടുന്ന കോട്ടയം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളില്‍ ജയം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ഇടതു സ്ഥാനാർത്ഥികളായ തോമസ് ഐസക്കും തോമസ് ചാഴികാടനും.

Rajya Sabha | മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റ്: കോൺഗ്രസ് വിള്ളലിൽ പ്രതീക്ഷയർപ്പിച്ച് ഇടതുപക്ഷം; കോട്ടയത്തടക്കം അനുകൂലമാകും

മുൻ ധനമന്ത്രിയായ തോമസ് ഐസക്ക് മത്സരിക്കുന്നത് പത്തനംതിട്ടയിൽ ആണ്, ചാഴികാടൻ കോട്ടയത്തും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം പിന്നീടൊരു തിരിച്ചുവരവ് പോലും അസാധ്യമാക്കും വിധം മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥയെ തകിടം മറിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വീണ്ടും അതേ സാഹചര്യത്തിലാണ് ലീഗിന്റെ മൂന്നാം സീറ്റ് വിവാദം. അന്നത്തേതിനു സമാനമായ നിലയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മൂന്നാം സീറ്റ് വിവാദവും ഒടുവില്‍ രണ്ടാം രാജ്യസഭാ സീറ്റ് അനുവദിക്കലും ഉണ്ടായിരിക്കുന്നത്.

ഇത് യുഡിഎഫിനോടുള്ള അകൽച്ച കൊണ്ട് ലീഗ് സ്വയം സൃഷ്ടിച്ചതാണെന്ന് ഇടതു നേതാക്കൾ കരുതുന്നു. മുൻപ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കൊടുത്തത്തിൽ യുഡിഎഫിലെ മറ്റ് ഘടകകക്ഷിക്കൾക്ക് അത്ര സ്വീകാര്യമായിരുന്നില്ല. പല ഘടകകക്ഷികൾക്കും അതിൻ്റെ എതിർപ്പ് ഇപ്പോഴും ഉണ്ട്. കോണ്‍ഗ്രസിനുള്ളില്‍ പോലും കടുത്ത അമര്‍ഷമാണ് രാജ്യസഭാ സീറ്റ് ലീഗിന് നല്‍കിയതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വിചാരിക്കുന്ന ഇടതുനേതാക്കൾ ആണ് ഏറെയും. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ എതിര്‍ വികാരം ഇതിലൂടെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം നേതാക്കൾ.

എങ്ങനെയും ഇക്കുറി കൂടുതൽ എം പി മാരെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടത് ക്യാമ്പ്. ക്രൈസ്തവ വിഭാഗങ്ങള്‍ യുഡിഎഫിന്‍റെ വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇത് യുഡിഎഫിൻ്റെ ജയസാധ്യതകളെ പോലും സാരമായി ബാധിക്കുമെന്ന് ചിന്തിച്ച് ഉറച്ചാണ് ഇടതുമുന്നണിയുടെ നീക്കങ്ങൾ. ഇതിൻ്റെ പേരിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും തങ്ങളിലേയ്ക്ക് കൊണ്ടുവരാനും ശ്രമം എൽഡിഎഫ് ശക്തമായി നടത്തുന്നുണ്ടെന്നാണ് വാർത്തകൾ.

മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ രാജ്യസഭയില്‍ യുഡിഎഫിന്‍റെ ആകെയുള്ള മൂന്ന് അംഗങ്ങളും ഒരേ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായി മാറുമെന്നാണ് ഉയരുന്ന വാദം. മാത്രമല്ല, യുഡിഎഫിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് - 1, മുസ്ലിം ലീഗ് - 2 എന്നതാകും കക്ഷിനില. ലോക്സഭയില്‍ കാലങ്ങളായി മുസ്ലിം ലീഗ് രണ്ട് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ഇത്തവണ മാത്രം അത് മൂന്നാകണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചത് കോണ്‍ഗ്രസും യുഡിഎഫും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണെന്ന പ്രചാരണമാണ് ഇടതുമുന്നണി അഴിച്ചു വിടുന്നത്.

മാത്രമല്ല, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്നിക്കുന്നതിനിടയിലാണ് ലീഗിന്‍റെ പ്രഹരമെന്ന് പറഞ്ഞ് ഇടതുപക്ഷം യുഡിഎഫിൽ വിള്ളൽ ഉണ്ടാക്കാനും ശ്രമിച്ചുവരുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മത്സരം നേരിടുന്ന കോട്ടയത്തും പത്തനംതിട്ടയിലും ഇത് യുഡിഎഫ് സാധ്യതകളെ സാരമായി ബാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം.

എറണാകുളത്തും ഇടുക്കിയിലും ഇത് യുഡിഎഫ് വോട്ട് വിഹിതത്തെ ബാധിക്കുമെങ്കിലും സ്വതവേ ഇവിടെ മുൻ‌തൂക്കം ഉള്ളതിനാൽ ജയസാധ്യതയെ ബാധിക്കില്ലെന്നാണ് അവർ കണക്കാക്കുന്നത്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നും യുഡിഎഫ് എന്ന സംവിധാനം ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമെന്നും യുഡിഎഫ് നേതാക്കളും പറയുന്നു.

Keywords:  Rajya Sabha, Politics, Election, CPM, Lok Sabha Election, Muslim League, UDF, Kottayam, Pathanamthitta, Thomas Isaac, Vote, Finance Minister, Oommen Chandy, IMUL, Second Rajya Sabha seat for IUML: CPM hopes in UDF crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia