Criticized | തിരഞ്ഞെടുപ്പ് വിജയത്തില്‍ അഹങ്കരിക്കരുത്, അത് നല്ലതല്ല; ലോക് സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


എന്തുകൊണ്ട് ഹിമാചലിലും കര്‍ണാടകയിലും മുഖ്യമന്ത്രിമാര്‍ രാജിവെക്കുന്നില്ല എന്നും ചോദ്യം
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതിപക്ഷത്തിന് ആവേശം കാണും
തിരുവനന്തപുരം: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ അഹങ്കരിക്കരുത്. അത് നല്ലതല്ല. പരാജയത്തിന്റെ കാരണങ്ങള്‍ എല്‍ഡിഎഫ് പരിശോധിച്ച് തിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ്, അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍ എന്തുകൊണ്ട് ഹിമാചലിലും കര്‍ണാടകയിലും മുഖ്യമന്ത്രിമാര്‍ രാജിവെക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി രാജിവെക്കണം എന്ന കോണ്‍ഗ്രസ് ഉപദേശം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കൊടുക്കാമായിരുന്നില്ലേ? കോണ്‍ഗ്രസ് ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്നും പിണറായി വിജയന്‍ ചോദിച്ചു. ലോക്‌സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ 'ബ, ബ, ബ' പറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതിപക്ഷത്തിന് ആവേശം കാണുമെന്നും പക്ഷേ പ്രകടിപ്പിച്ച ആവേശം ഉണ്ടോ എന്ന് കണക്ക് പരിശോധിച്ചാല്‍ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞുപോയതിനാല്‍ സംസ്ഥാന സര്‍കാര്‍ രാജിവെക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. 2004-ല്‍ എകെ ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ല, കോണ്‍ഗ്രസിനകത്തുള്ള സംഘടനാ പ്രശ്‌നം കൊണ്ടായിരുന്നുവെന്നും അതിനെ ഉദാഹരണമാക്കി സംസ്ഥാന സര്‍കാരിന്റെ രാജി ആവശ്യപ്പെടാന്‍ പുറപ്പെടേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ സിപിഎമിനെതിരായ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാല്‍ അത് സംസ്ഥാന സര്‍കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ജയം പരിശോധിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍കാരിന് എതിരായ വിധിയെന്നാണ് പ്രതിപക്ഷ ആരോപണം. ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 4.92 ലക്ഷം വോടാണ് കുറഞ്ഞത്. പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട് കുറഞ്ഞു. മഹാവിജയം നേടിയ പ്രതിപക്ഷം വോട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കണം. നരേന്ദ്ര മോദി അധികാരത്തില്‍നിന്ന് പോകണമെന്നും അല്ലെങ്കില്‍ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വിചാരിക്കുന്നവരുണ്ട്. അവര്‍ക്ക് ഇടതുപക്ഷത്തോട് വിരോധമില്ല.
പുതിയ സര്‍കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നും അതിനായി കോണ്‍ഗ്രസ് ജയിക്കണമെന്നും അവര്‍ വിചാരിച്ചു. കേന്ദ്രത്തില്‍ സര്‍കാര്‍ രൂപീകരിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണ്. 2019ലും ഇതാണ് സംഭവിച്ചത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിചാരിച്ച് കോണ്‍ഗ്രസിന് ജനം വോട് ചെയ്തു. കോണ്‍ഗ്രസ് ജയിച്ചതില്‍ ഇടതിനു വേവലാതിയില്ല. പക്ഷേ, തൃശൂരില്‍ ബിജെപി ജയിച്ചത് ഗൗരവമായി കാണണം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10% വോട് യുഡിഎഫിന് തൃശൂരില്‍ കുറഞ്ഞു.
ബിജെപിക്ക് എതിരായി നടന്ന പോരാട്ടത്തില്‍ പ്രത്യേക പാര്‍ടിക്ക് അപ്രമാദിത്വം അവകാശപ്പെടാന്‍ കഴിയില്ല. യോജിച്ച പോരാട്ടം നടക്കുമ്പോഴാണ് ഫലം ഉണ്ടാകുക. ഇടതിന്റെ പാര്‍ലമെന്റിലെ സാന്നിധ്യം എന്തായാലും ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതിനെയാണ്. ബിജെപിയുമായി സിപിഎം അന്തര്‍ധാരയുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇഡി എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.
ആരോപണങ്ങളല്ലാതെ തെളിവോടെ എന്തെങ്കിലും പറയാന്‍ ഇതുവരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ബിജെപിക്ക് ആയുധം എറിഞ്ഞുകൊടുത്തു. ബിജെപിയും രാഹുലും ഒരേ ഭാഷയില്‍ സിപിഎമിനെ അധിക്ഷേപിച്ചു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍കാര്‍ രാജിവയ്ക്കണമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ആ ഉപദേശം ഞങ്ങള്‍ക്ക് നല്‍കുന്നതിന് മുന്‍പ് നിങ്ങള്‍ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആ ഉപദേശം നല്‍കണം മുഖ്യമന്ത്രി പറഞ്ഞു.