Obituary | പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു; മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: (KVARTHA) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സുകൃതം അടക്കം നിരവധി ശ്രദ്ധേയങ്ങളായ സിനിമകള്‍ സംവിധാനം ചെയ്തു. കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂടിന്റെ ആദ്യ ചെയര്‍മാനായും ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയനം, എഴുന്നള്ളത്ത്, ഉദ്യാനപാലകന്‍, ക്ലിന്റ് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകള്‍. ഭാര്യ: ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി.

Obituary | പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു; മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം പാലോടിന് സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാറിന്റെ ജനനം. അച്ഛന്‍ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ഭരതന്നൂര്‍ സ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പിന്നീട് തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനീയറിങ് പഠിച്ചു. കുട്ടിക്കാലത്തുതന്നെ വായനയില്‍ കമ്പമുണ്ടായിരുന്ന ഹരികുമാര്‍ എട്ട് കിലോമീറ്റര്‍ നടന്നുപോയി ലൈബ്രറിയില്‍നിന്നും പുസ്തകമെടുത്തായിരുന്നു വായിച്ചിരുന്നത്.

പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസികുകളുടെയും വിവര്‍ത്തനങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരന്‍ എന്ന നിലയില്‍ ഹരികുമാറിന്റെ അടിസ്ഥാനം സൃഷ്ടിച്ചത്. അക്കാലത്തുതന്നെ സിനിമയോടും പ്രിയം തുടങ്ങിയിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് ഹരികുമാര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

എന്‍ജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സിനിമാകാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശങ്ങള്‍ അദ്ദേഹം പതിവായി കണ്ടിരുന്നു. അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി കിട്ടി കൊല്ലത്തെത്തിയപ്പോള്‍ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പില്‍ക്കാലത്ത് ഹരികുമാര്‍ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. 2022 ല്‍ പുറത്തിറങ്ങിയ, എം മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഓടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന സിനിമ.

ഹരികുമാറിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'സുകൃതം' ആണ് മാസ്റ്റര്‍ പീസ്. ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള 'ഉദ്യാനപാലകന്‍', ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള 'ജാലകം', എം മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള 'ഓടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള 'ക്ളിന്റ്' തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Malayalam director-screenwriter Harikumar passes away, Thiruvananthapuram, News, Director Harikumar, Dead, Obituary, Hospital, Treatment, CM Pinarayi Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia