Criticized | പരീക്ഷാ സമയത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (KVARTHA) പരീക്ഷാ സമയത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെ എസ് യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെ എസ് യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകള്‍ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്‌കൂളുകളില്‍ എത്തുന്നത്. പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തെരുവുകള്‍ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Criticized | പരീക്ഷാ സമയത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ പിടികൂടി ഊര്‍ജ്ജിതമായ അന്വേഷണവും തെളിവെടുപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും അതുവഴി തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാന്‍ ആകുമോ എന്നുമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നോക്കുന്നത്.

പരീക്ഷാസമയം കുട്ടികള്‍ക്ക് ഏകാഗ്രത ഏറെ വേണ്ട സമയമാണ്. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍ കലുഷിത അന്തരീക്ഷം ഉണ്ടാക്കുന്നത് കേരള സമൂഹത്തോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാനുള്ള അന്തരീക്ഷം ഉണ്ടാകണം. പോലീസ് സഹായത്തിന് പുറമേ പൊതുജനം വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

അതിനിടെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സ്‌കൂളില്‍ എത്തി മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയാണ് മന്ത്രി വിദ്യാര്‍ത്ഥികളെ കണ്ടത്. ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്ന് മന്ത്രി വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ കാലഘട്ടത്തില്‍ ആദ്യമായി അഭിമുഖീകരിക്കുന്ന പ്രധാന പൊതു പരീക്ഷയാണ് എസ് എസ് എല്‍ സി പരീക്ഷ. അതുകൊണ്ട് തന്നെ കുട്ടികളെ സംബന്ധിച്ച് അതീവ പ്രധാനമാണ് എസ് എസ് എല്‍ സി പരീക്ഷ എന്നതില്‍ സംശയമില്ല. പരീക്ഷയെ അഭിമുഖീകരിക്കുമ്പോള്‍ ചില കുട്ടികള്‍ക്ക് എങ്കിലും മാനസിക സംഘര്‍ഷവും ഉത്കണ്ഠയും ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതെ പ്രത്യേക കരുതല്‍ രക്ഷിതാക്കള്‍ക്കുണ്ടാകണം. രക്ഷിതാക്കളും മാനസിക സംഘര്‍ഷത്തിന് അടിപ്പെടരുത്. അനാവശ്യ ഉത്കണ്ഠയുടെ യാതൊരു ആവശ്യവുമില്ല. കുട്ടികളെ സംബന്ധിച്ച് അവസാന വിലയിരുത്തല്‍ ആകരുത് എസ് എസ് എല്‍ സി പരീക്ഷ എന്നും മന്ത്രി പറഞ്ഞു.

അക്കാദമിക വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിലയിരുത്തല്‍ രീതിയിലേക്കുള്ള പൂര്‍ണ്ണമാറ്റം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ നവീകരണവുമായി ബന്ധപ്പെട്ട് ആധുനിക ചര്‍ച്ചകളിലേക്ക് നമ്മുടെ സമൂഹം കടക്കണം. പ്രശ്‌ന നിര്‍ദ്ദാരണത്തിനുള്ള കഴിവാണ് വികസിപ്പിക്കേണ്ടത്. അതിനുള്ള അറിവും കഴിവും നൈപുണിയുമാണ് കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത്. അക്കാദമിക മുന്നേറ്റത്തോടൊപ്പം അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്കും ശരിയായ സാമൂഹ്യവീക്ഷണ നിര്‍മ്മാണത്തിനും ഭാവിയിലെ മത്സര പരീക്ഷകളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്.

ആധുനിക കാലം ആവശ്യപ്പെടുന്ന തൊഴില്‍ നൈപുണിയ്ക്കുള്ള മനോഭാവം വളര്‍ത്തിയെടുക്കല്‍ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമാകണം. ആ നിലയിലുള്ള പരിഷ്‌കരണം സര്‍ക്കാരും കരിക്കുലം കമ്മിറ്റിയും പൊതുജന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Minister V Sivankutty Criticized KSU Education Strike, Thiruvananthapuram, News, Minister V Sivankutty, Criticized, KSU, Education, Students, Exam, Education Strike, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia