Master Plan | ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

 


തിരുവനന്തപുരം: (KVARTHA) ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു.

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി എസ്.പി.വിയെ ചുമതലപ്പെടുത്തണം. മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കര്‍ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഉറപ്പ് വരുത്തണം. എം.പി. ഫണ്ടില്‍ നിന്നും അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമാക്കുന്നതാണ്. മോഡ്യുലാര്‍ ലാബ് എത്രയും വേഗം സജ്ജമാക്കാന്‍ കെ.എം.സി.എല്‍.ന് മന്ത്രി നിര്‍ദേശം നല്‍കി.

Master Plan | ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

ചെറുതോണി ബസ് സ്റ്റാന്റ് മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള റോഡ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവില്‍, മെക്കാനിക്കല്‍, ഇലട്രിക്കല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണം. മെഡിക്കല്‍ കോളേജിനുള്ളിലെ റോഡുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം.

ലേഡീസ് ഹോസ്റ്റലിന്റെ നിര്‍മ്മാണം ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ചുറ്റുമതില്‍ നിര്‍മ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്നതാണ്. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കണം. ഭാവിയില്‍ നഴ്സിംഗ് കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് ആലോചിക്കണം. ഡോക്ടര്‍മാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജര്‍ കൃത്യമായി ഉറപ്പ് വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords:  Master Plan for Comprehensive Development of Idukki Medical College, Thiruvananthapuram, News, Idukki Medical College, Meeting, Development, Master Plan, Health, Health Minister, Veena Vijayan, Ladies Hostal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia