Qatar Team | ഖത്തര്‍ ലോകകപ്പ് യോഗ്യത ടീമില്‍ ഇടം പിടിച്ച് മലയാളി; അഭിമാനമായി തഹ്‌സിന്‍ മുഹമ്മദ് ജംശീദ്
രാജ്യത്തിന്റെ ഫുട്ബോള്‍ ദേശീയ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ്
കണ്ണൂര്‍: (KVARTHA) ഖത്തറിന്റെ ദേശീയ ഫുട്ബോള്‍ ടീമില്‍ ഇടം നേടി മലയാളി താരം തഹ്സിന്‍ മുഹമ്മദ് ജംശീദ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഖത്തറിന്റെ 29 അംഗ ദേശീയ ടീമിലാണ് ഇടം പിടിച്ചത്. മറ്റൊരു രാജ്യത്തിന്റെ ഫുട്ബോള്‍ ദേശീയ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ്.
കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ് തഹ്സിന്‍. ജംശീദ് - ഷൈമ ദമ്പതികളുടെ മകനാണ്. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്സിന്‍ ആസ്പയര്‍ സ്പോര്‍ട്സ് അക്കാദമിയിലൂടെയാണ് വളര്‍ന്നത്. ഖത്തര്‍ യൂത്ത് ടീമുകളിലും സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈല്‍ സീനിയര്‍ ടീമിലും ഇടം പിടിച്ചിരുന്നു.
നിലവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ജൂണ്‍ 11 ന് നടക്കുന്ന ലോകകപ്പ് ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കെതിരെ തഹ്സിന്‍ ഖത്തര്‍ ടീമിന് വേണ്ടി ബൂട്ടണിയും. ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനെതിരേയും തഹ്സിന്‍ മത്സരിക്കും.