Wayanad | രാഹുൽ ഗാന്ധിയും ആനി രാജയും സുരേന്ദ്രനും നേർക്കുനേർ; ഇത്തവണയും 'വിഐപി മണ്ഡലമായ' വയനാട് അടുത്തറിയാം

 

/ മിന്റാ മരിയ തോമസ്

(KVARTHA) 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിലെ ലോക്സഭാ മണ്ഡലമായിരുന്നു വയനാട്. കാരണം, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു രാഹുൽ ഗാന്ധി അമേഠിയ്‌ക്കൊപ്പം വയനാട്ടിലും മത്സരിക്കാൻ എത്തിയതുകൊണ്ട് തന്നെ. വയനാടിന്റെ ചരിത്രം മാറിയത് രാഹുൽ ഗാന്ധിയുടെ വരവോടെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ആ തെരഞ്ഞെടുപ്പിൽ അദേഹം അമേഠിയിൽ തോൽക്കുകയും വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമാണ് ഉണ്ടായത്. ഇക്കുറിയും രാഹുൽ ഗാന്ധി തന്നെയാണ് വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുന്നത്.
  
Wayanad | രാഹുൽ ഗാന്ധിയും ആനി രാജയും സുരേന്ദ്രനും നേർക്കുനേർ; ഇത്തവണയും 'വിഐപി മണ്ഡലമായ' വയനാട് അടുത്തറിയാം

എൽ.ഡി.എഫിൽ ഈ സീറ്റ് സി പി ഐയ്ക്കാണ്. സി.പി.ഐ യുടെ മുതിർന്ന നേതാവ് ആനി രാജയാണ് വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ യ്ക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും മത്സരിക്കുന്നു. അതിനാൽ തന്നെ മത്സരം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ ശ്രദ്ധേയരായവരും ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യുന്ന രണ്ട് പാര്‍ട്ടികളുടെ രണ്ട് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും ദേശീയശ്രദ്ധ വയനാട്ടിലെത്തുമെന്ന് സംശയിക്കാനില്ല. ഇത്തവണയും വിവിഐപി മണ്ഡലമാകും വയനാട്.

ആനി രാജാ കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ്. സിപിഐയുടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയായ ആനി രാജ സി പി ഐയുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവന്നത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന ആനി രാജ, 22-ാം വയസിൽ സി പി ഐയുടെ സംസ്ഥാന കമ്മിറ്റിയിലെത്തി. സ്വന്തം മുന്നണിയിലെ നേതാക്കൾക്ക് പിഴവ് പറ്റുമ്പോൾ പോലും അതിനെതിരെ രംഗത്തുവന്നിട്ടുള്ള നേതാവാണ് അവർ. എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശ സമയത്തിലെല്ലാം ഈ സമീപനം പ്രകടമായിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ആനി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയും കൂടിയാണ്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലം ആണ് വയനാട്. 2009 ലാണ് വയനാട് മണ്ഡലം രൂപീകൃതമായത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് വയനാട് മണ്ഡലം. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിവയാണവ. യുഡിഎഫ് ഉറച്ചകോട്ടയെന്ന് പറയാവുന്ന മണ്ഡലമാണ് വയനാട്. മണ്ഡലത്തിൽ മുസ്ലിം ലീഗിനുള്ള സ്വാധീനം വളരെ ശക്തമാണ്. മലപ്പുറം, കോഴിക്കോട് എന്നിവയും കൂടി ഉൾപ്പെടുന്നതിനാൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് വയനാട്, ഏറനാട്, നിലമ്പൂർ മണ്ഡലങ്ങളിൽ പ്രത്യേകിച്ചും. വയനാട് ജില്ലയുടെ 18 ശതമാനം ഗോത്ര- ആദിവാസി വിഭാഗമാണ്. സുൽത്താൻബത്തേരി, മാനന്തവാടി എന്നീ നിയമസഭാ മണ്ഡലങ്ങൾ എസ് ടി സംവരണ മണ്ഡലങ്ങളാണ്.

വയനാടിന്റെ രാഷ്ട്രീയ ചരിത്രം

2009ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം മുതൽ കോൺഗ്രസിനോടാണ് വയനാട്ടുകാർ അനുഭാവം കാണിച്ചത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നു. 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം ഐ ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം അക്കാലത്തെ റെക്കോർഡായിരുന്നു. അദ്ദേഹത്തിന് ആകെ ലഭിച്ച വോട്ടുകൾ 410,703 (49.8%) ആയിരുന്നു. അത്തവണ എന്‍ സി പി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ 12.1% (99,663) , സിപിഐയുടെ അഡ്വ എം റഹ്മത്തുള്ള 31.2% (2,57,264), ബിജെപിയുടെ സി വാസുദേവൻ 3.8% (31,687) എന്നിങ്ങനെ വോട്ട് നേടി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന വിശേഷണം അപ്പോൾ തന്നെ വയനാട് നേടി. ഈ വിശേഷണത്തിന് അടിവരയിട്ടുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിലും ഷാനവാസ് തന്നെ വയനാട് പിടിച്ചു. എന്നാൽ ആദ്യ തിരഞ്ഞെടുപ്പ് പോലെ എളുപ്പമായിരുന്നില്ല യുഡിഎഫിന് രണ്ടാം തവണ.

2014 ൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ അടക്കം വിവിധ പാർട്ടികളിൽ നിന്നായി പതിനഞ്ച് സ്ഥാനാർത്ഥികൾ വയനാട്ടിൽ കളത്തിലിറങ്ങി. വയനാട്ടുകാർ തന്നെ കൈവിടില്ലെന്ന് വിശ്വസിച്ചിറങ്ങിയ ഷാനവാസിനെ അമ്പരപ്പിക്കുന്നതായിരുന്നു അക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം. ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. 41.20 ശതമാനം (377,035) വോട്ട് നേടിയാണ് ഷാനവാസ് ആ വർഷം വിജയിച്ചത്. 38.9% (3,56,165) വോട്ട് നേടി സിപിഐ സ്ഥാനാർഥി സത്യൻ മൊകേരി ശക്തമായ മത്സരം കാഴ്ചവെച്ചു. 8.83% (80,752) വോട്ട് മാത്രമാണ് ബി ജെ പി സ്ഥാനാർഥി പി ആർ രശ്മിൽനാഥ് നേടിയത്. 2018 ൽ രോഗബാധിതനായി മരിക്കുന്നതു വരെ എം ഐ ഷാനവാസ് വയനാട് മണ്ഡലത്തിന്റെ എംപിയായി തുടർന്നു.

രാഹുലിന്റെ കടന്നുവരവ്


വയനാടിന്റെ തലവര മാറിയ വർഷമായിരുന്നു 2019. ആരാകും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി എന്ന ചോദ്യങ്ങൾ ഉയർന്നുവന്ന സമയം ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളാണ് ആ സ്ഥാനത്തേക്ക് എത്തിയത്. അന്ന് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെത്തി. വിദൂര സാധ്യതയായി പോലും തിരഞ്ഞെടുപ്പ് വിദഗ്ധര്‍ കോൺഗ്രസിന്റെ അത്തരമൊരു നീക്കം പ്രവചിച്ചിരുന്നില്ല. അമേഠിയിലെ രാഹുലിന്റെ വിജയം ചോദ്യചിഹ്നമായി ഉയർന്നതോടെയാണ് കോൺഗ്രസിന്റെ കണ്ണുകൾ ദക്ഷിണേന്ത്യയിലെ വയനാട് മണ്ഡലത്തിൽ പതിയുന്നത്. സംസ്ഥാന നേതൃതവും വളരെ ആവേശത്തോടെയാണ് രാഹുലിന്റെ വരവിനെ സ്വീകരിച്ചത്. എല്ലാവരുടെയും ശ്രദ്ധ വയനാട്ടിലായി. വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളടക്കം പ്രചരണത്തിനായി വയനാട്ടിലെത്തിയെന്നും ഓർക്കുക. 2019 -ല്‍ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി 20 പേരാണ് വയനാട്ടിൽ മത്സരിച്ചത്.

പരമ്പരാഗത കോൺഗ്രസ് കോട്ടയായ വയനാട്ടിൽ രാഹുൽ തന്നെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു അക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പേരിലാക്കിയിരുന്ന ഇ. അഹമ്മദിനെ ബഹുദൂരം പിന്നിലാക്കി 2019-ൽ രാഹുൽ തരംഗം ആഞ്ഞടിച്ചു. 47 ശതമാനം വോട്ടെണ്ണിയതോടെ തന്നെ രാഹുല്‍ ഗാന്ധി ലീഡ് രണ്ട് ലക്ഷം കടത്തി. വയനാട്ടുകാർ രാഹുൽഗാന്ധിയെ വിജയിപ്പിച്ചത് നാല് ലക്ഷം എന്ന റെക്കോഡ് ഭൂരിപക്ഷത്തോടെയാണ്. ആകെ 64.7 ശതമാനം (7,06,367) വോട്ടാണ് വയനാട്ടിൽ കോൺഗ്രസ് നേടിയത്. അങ്ങനെയാണ് കേരളത്തിലെ വിഐപി മണ്ഡലമായി വയനാട് മാറുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീർ 25.24% (274,597) വോട്ട് മാത്രം നേടിയപ്പോൾ എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളി 7.25% (78,816) വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.

ബിജെപിക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമൊന്നുമില്ല. വോട്ടുകളുടെ എണ്ണത്തില്‍ 2014 നെക്കാള്‍ കുറവുണ്ടായിരുന്നു 2019ല്‍ എന്‍ഡിഎക്ക് . 2009 ല്‍ ബിജെപിയുടെ വോട്ട് 31,687 ആയിരുന്നെങ്കില്‍ 2014 ല്‍ അത് എണ്‍പതിനായിരം കടന്നു. രാഹുല്‍ തരംഗത്തില്‍ ബിജെപി സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് നല്‍കി. മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കിട്ടിയത് 78,816 വോട്ടുകള്‍ മാത്രമാണ്. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 80.2% ആയിരുന്നു. വയനാട് ലോക് സഭാ മണ്ഡലത്തിൽ 2011-ലെ സെൻസസ് പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോട്ടർമാർ 7.1 % (96,172 പേർ), പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ 9.1% (123,263 പേർ), മുസ്ലിം വോട്ടർമാർ 41.3% (559,422 പേർ), ക്രിസ്ത്യൻ വോട്ടർമാർ 13.7% (185,571 പേർ), ഹിന്ദു വോട്ടർമാർ 45% (609,540 പേർ). 93.1 ശതമാനത്തോളം വോട്ടര്‍മാരും ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ്. 6.9% മാത്രമാണ് നഗരകേന്ദ്രീകൃതം. 80.46% ആണ് മണ്ഡലത്തിലെ സാക്ഷരതാ നിരക്ക്.

2019 പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 80.2% ആയിരുന്നു. 2016 നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇത് 78.5% ആയിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് വയനാട് മണ്ഡലം. ന്യൂനപക്ഷങ്ങൾക്ക്‌ സ്വാധീനമുള്ള മേഖലയായതിനാൽ ന്യൂനപക്ഷ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. സിഎഎ, ഏക സിവിൽ കോഡ്, ഇസ്രാഈൽ - ഫലസ്തീൻ സംഘർഷം തുടങ്ങിയ വിഷയങ്ങളും തീർച്ചയായും ചർച്ചയുടെ ഭാഗമാകും. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ എന്ത് നിലപാടുകൾ സ്വീകരിച്ചുവെന്നത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. വന്യജീവി സംഘർഷങ്ങളും കാർഷിക പ്രതിസന്ധികളും വികസനമില്ലായ്മയും വയനാട്ടുകാരുടെ പ്രശ്‍നങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ ദുരിതക്കയങ്ങൾക്ക് പരിഹാരം തേടിയാവും വയനാട്ടുകാർ പോളിങ് ബൂത്തിലെത്തുക.

പലപ്പോഴും അടിസ്ഥാന കാര്യങ്ങൾക്ക് പോലും ചുരമിറങ്ങി മറ്റുള്ള ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥ. സദാ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഈ ചുരത്തിന് ബദൽ പാത എന്ന അവരുടെ പരാതിക്ക് ഇതുവരെ പരിഹാരമായിട്ടില്ലതാനും. അടിയന്തര ചികിത്സ സൗകര്യങ്ങൾ പോലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ പലതും പദ്ധതികളായി കടലാസിൽ തുടരുകയാണ്. ഇതും ഈ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ പ്രധാന ചർച്ചയാവുകയാണ്. എന്തായാലും മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾ അതാത് പാർട്ടികളുടെ പ്രധാന നേതാക്കൾ തന്നെ. യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയിൽ ഇക്കുറിയും രാഹുൽ ഗാന്ധിയുടെ വിജയം പ്രവചിക്കുക തന്നെ ചെയ്യാം. പക്ഷേ, അദേഹത്തിൻ്റെ 2019 ലെ ഭൂരിപക്ഷത്തിന് ഇടിവ് പറ്റുമോ? അതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. രാഹുലിൻ്റെ ഭൂരിപക്ഷം കുറഞ്ഞാൽ അതും എതിർ സ്ഥാനാർത്ഥികളുടെ വിജയമായി മാറും. അതിന് തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടി വരും...

Keywords: Politics, Election, Kozhikode, Lok Sabha election, Wayanad, VIP Candidate, Rahul Gandhi, LDF, CPI, Congress, UDF, BJP,  NDA, Mananthavady, Kalpetta, Polling, Parliament,  Lok Sabha Polls: VIP candidates in Wayanad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia