Suspended | സിദ്ധാര്‍ഥന്റെ മരണം: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍; അന്വേഷണത്തിനും ഉത്തരവ്

 


തിരുവനന്തപുരം: (KVARTHA) കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍. വിദ്യാര്‍ഥിയുടെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. വിസിക്കെതിരെ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു. സിദ്ധാര്‍ഥിന്റെ മരണമുണ്ടായിട്ടും യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും. പകരക്കാരനെ പിന്നീട് തീരുമാനിക്കും.

Suspended | സിദ്ധാര്‍ഥന്റെ മരണം: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍; അന്വേഷണത്തിനും ഉത്തരവ്

സിദ്ധാര്‍ഥന്‍ നേരിട്ട അതിക്രമം തടയുന്നതില്‍ സര്‍വകലാശാല വിസിക്ക് വന്‍ വീഴ്ചയുണ്ടായതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല.

വിസി ചുമതലകളില്‍ വീഴ്ച വരുത്തിയെന്നത് യൂനിവേഴ്‌സിറ്റി നല്‍കിയ റിപോര്‍ടുകളിലും വ്യക്തമാണ്. യൂനിവേഴ്‌സിറ്റിയില്‍ നടന്ന സംഭവങ്ങളില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി ആക്ട് 2010ലെ സെക്ഷന്‍ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈകോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹൈകോടതിക്ക് കത്ത് നല്‍കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. സിദ്ധാര്‍ഥന്റേത് കൊലപാതകമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. കാംപസില്‍ എസ് എഫ് ഐ പി എഫ് ഐ കൂട്ടുകെട്ടാണുള്ളതെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക് എസ് എഫ് ഐ ഓഫിസ് ആക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഗവര്‍ണര്‍ സിദ്ധാര്‍ഥന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചിരുന്നു.

Keywords: Kerala Governor suspends state Veterinary varsity VC M R Saseendranath over student death, Thiruvananthapuram, News, Veterinary varsity VC, M R Saseendranath, Suspended, Kerala Governor, Student Death, Probe, Judge, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia