K Sudhakaran | കെ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തയാറെന്ന് കെ സുധാകരന്‍
സ്ഥാനാര്‍ഥി ചര്‍ചകള്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് ശേഷം മാത്രം
യുഡിഎഫിന് കെഎം മാണിയെ മറക്കാനാവില്ലെന്നും കെപിസിസി അധ്യക്ഷന്‍
കണ്ണൂര്‍: (KVARTHA) തൃശൂരില്‍ മത്സരിച്ച് തോറ്റ കെ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ സ്ഥാനാര്‍ഥി ചര്‍ചകള്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.
എവിടെ മത്സരിക്കാനും യോഗ്യനായ നേതാവാണ് മുരളീധരന്‍. വേണമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളീധരന് നല്‍കാം. താന്‍ അതില്‍ കടിച്ച് തൂങ്ങില്ലെന്നും സുധാകരന്‍ പറഞ്ഞു. ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ പരാജയത്തിന് കാരണം പരിശോധിക്കും. തൃശൂരില്‍ അന്വേഷണ കമീഷന്‍ റിപോര്‍ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് തന്റെ വ്യക്തിപരമായ തീരുമാനം. മുന്നണിയില്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. യുഡിഎഫിന് കെഎം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ഡെല്‍ഹിയിലേക്ക് എഐസിസി മീറ്റിങ് പോകുന്നതിനാല്‍ മുരളിധരനുമായുള്ള കൂടിക്കാഴ്ച നീട്ടിവെച്ചിരിക്കുകയാണ് സുധാകരന്‍.