K Sudhakaran | കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് കെ സുധാകരന്‍ പ്രചാരണത്തിനിറങ്ങുന്നു, വീണ്ടും പടനയിക്കാനെത്തുന്ന കെ എസിന് നല്‍കുന്നത് ഉജ്ജ്വലസ്വീകരണം

 

കണ്ണൂര്‍: (KVARTHA) സംസ്ഥാനരാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ സുധാകരന്‍ കണ്ണൂരില്‍ ഒരിക്കില്‍ കൂടി അങ്കത്തിനിറങ്ങുമ്പോള്‍ ആവേശത്തിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും ആഹ്‌ളാദ പ്രകടനം നടത്തിയുമാണ് പ്രവര്‍ത്തകരും നേതാക്കളും സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തെ വരവേറ്റത്. ഡി സി സി ഓഫീസിനു മുന്‍പില്‍ നടന്ന ആഹ് ളാദ പ്രകടനത്തിന് കെ പി സി സി അംഗം കെ സി മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി. ശനിയാഴ്ച കണ്ണൂരിലെത്തുന്ന കെ സുധാകരന് ആവേശകരമായ സ്വീകരണം നല്‍കാന്‍ കണ്ണൂര്‍ ഡി സി സി തീരുമാനിച്ചിട്ടുണ്ട്.

K Sudhakaran | കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് കെ സുധാകരന്‍ പ്രചാരണത്തിനിറങ്ങുന്നു, വീണ്ടും പടനയിക്കാനെത്തുന്ന കെ എസിന് നല്‍കുന്നത് ഉജ്ജ്വലസ്വീകരണം


കണ്ണൂര്‍ ജില്ലയിലെ, എടക്കാട് വിലേജിലെ കീഴുന്ന ദേശത്ത് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി മാധവിയുടേയും മകനായി 1948 ജൂണ്‍ ഏഴിനാണ് കെ സുധാകരന്‍ ജനിച്ചത്. എംഎ എല്‍ എല്‍ ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.

രാഷ്ട്രീയ ജീവിതം

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യു വിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ കെ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെ എസ് യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക് കമിറ്റി പ്രസിഡന്റായിരുന്നു. 1971-1972-ല്‍ കെ എസ് യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജെനറല്‍ സെക്രടറി. 1973-1975-ല്‍ നാഷനല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍ എസ് (ഒ)) സംസ്ഥാന പ്രസിഡന്റ്, 1976-1977-ല്‍ യൂത് കോണ്‍ഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1969-ല്‍ അഖിലേന്‍ഡ്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു.

1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ടിയുടെ യൂത് വിംഗ് ആയ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്, 1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജെനറല്‍ സെക്രടറിയായി. 1984-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ പി സി സി നിര്‍വാഹക സമിതി അംഗമായാണ് കോണ്‍ഗ്രസിനകത്ത് കെ സുധാകരന്‍ തേരോട്ടം ആരംഭിക്കുന്നത്.

1984 മുതല്‍ 1991 വരെ കെ പി സി സിയുടെ എക്സിക്യൂടിവ് കമിറ്റി അംഗമായിരുന്നു. 1991 ല്‍ അവസാനമായി നടന്ന കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ഡി സി സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി സി സി പ്രസിഡന്റായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ടിയെ സി പി എമിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതില്‍ തുടക്കമിട്ടത് കെ സുധാകരന്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന വേളയിലാണ്.

1991-2001 കാലഘട്ടത്തില്‍ യു ഡി എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021 കെ പി സി സി വര്‍കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം:

രാഷ്ട്രീയത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഏറ്റെടുത്താണ് കെ സുധാകരന്റെ മുന്നേറ്റം. 1980 ല്‍ എടക്കാട് അസംബ്ലിയില്‍ എ കെ ജി യുടെ നാട്ടില്‍ കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടപ്പോള്‍ ജയിക്കുന്നതു വരെ മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് ലീഡര്‍ കെ കരുണാകരനോട് കെ സുധാകരന്‍ അന്ന് പറഞ്ഞത്. തുടര്‍ന്ന് 1982 ല്‍ എടക്കാടും, 1987-ല്‍ നടന്ന നിയമസഭ ഇലക്ഷനില്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് ജയിക്കുന്ന മണ്ഡലത്തില്‍ കെ സുധാകരന്റെ വരവോടെ സി പി എമി ന്റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.

1991-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ സുധാകരന്‍, സിപിഎമിലെ ഒ ഭരതനോട് 219 വോടിനാണ് പരാജയപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 5000 ലേറെ കള്ളവോടുകള്‍ സി പി എം ചെയ്തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു. 3000 വോടുകള്‍ കള്ളവോടാണെന്ന് കെ സുധാകരന്‍ കോടതിയില്‍ തെളിയിച്ചതോടെ സി പി എം സ്ഥാനാര്‍ഥി ഒ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി.

എങ്കിലും തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992-ല്‍ കേരള ഹൈകോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒ ഭരതന്‍ സുപ്രീം കോടതിയില്‍ അപീല്‍ പോകുകയും, 1996-ല്‍ സുപ്രീം കോടതി ഒ ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. 1996, 2001, 2006 ലും കണ്ണൂര്‍ നിയമസഭാംഗമായി കെ സുധാകരന്‍ തുടര്‍ചയായി തിരഞ്ഞെടുക്കപ്പെട്ടു.

2001-2004 കാലഘട്ടത്തിലെ എകെ ആന്റണി മന്ത്രിസഭയില്‍ കെ സുധാകരന്‍ ആദ്യമായി വനം, കായിക വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009-ല്‍ നടന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ സി പി എമിലെ കെ കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലും, 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.

2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം പിയായിരുന്ന സി പി എമിലെ പികെ ശ്രീമതിയെ 94,559 പരം വോടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സി പി എം പ്രവര്‍ത്തകര്‍ മൂന്നിലധികം തവണ നടത്തിയ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ് കെ സുധാകരന്‍. ആ കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ മാത്രം കെ സുധാകരന്റെ അനുയായികളായ ഇരുപതിലധികം പേരാണ് സി പി എം പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ് വേദികളില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന സമാനതകളില്ലാത്ത നേതാവാണ് കെ സുധാകരന്‍. ഭാര്യ: സ്മിത (മുന്‍ അധ്യാപിക, ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, കാടാച്ചിറ) മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്), മരുമകള്‍: ശ്രീലക്ഷ്മി.

ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നുമെത്തുന്ന നിയുക്ത സ്ഥാനാര്‍ഥി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് വന്‍സ്വീകരണമാണ് പാര്‍ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കെ സുധാകരന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്നത് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

ഇക്കുറി ഏറെ അനുകൂല ഘടകങ്ങളുണ്ടെങ്കിലും എതിരാളി കെ സുധാകരനാണെന്നത് സി പി എമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. സി പി എം കോട്ടകളില്‍ കയറി വോടുപിടിക്കാന്‍ പ്രാപ്തിയുളള ക്രൗഡ് പുളളറായ നേതാവ് ഇന്നും കോണ്‍ഗ്രസില്‍ കെ സുധാകരന്‍ മാത്രമാണെന്നാണ് വിലയിരുത്തല്‍.

Keywords: K Sudhakaran is campaigning at Kannur, Kannur, News, K Sudhakaran, Campaign, Lok Sabha Election, Politics, CPM, Candidate, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia