Muslim Vote | ഈ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൻ്റെ വോട്ട് കേരളത്തിൽ ജയപരാജയങ്ങൾ തീരുമാനിക്കും

 

_സോണി കല്ലറയ്ക്കൽ_

(KVARTHA) ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 27 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായത്തിൻ്റെ വോട്ടുകളാകും ഇവിടുത്തെ എല്ലാ ലോക് സഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുക. ബിജെപി യുടെ ദേശീയ ഭരണത്തിൽ ഒരു സമുദായത്തെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് മുസ്ലിം സമുദായം ഭയത്തോടെയാണ് ഈ ഭരണത്തെ നോക്കി കാണുന്നത്. ഒരു പാർട്ടി ദേശീയ തലത്തിൽ ഭരിക്കുമ്പോൾ ഒരു സമുദായം ഭയത്തോടെ ഇരിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഒരു കത്തോലിക്കാ ബിഷപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തികച്ചു മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ഭരിക്കുന്ന തന്ത്രമാണ് കേന്ദ്രത്തിൽ ഭരണത്തിൽ ഇരിക്കുന്ന ദേശീയ കക്ഷി വെച്ചു പുലർത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം.
  
Muslim Vote | ഈ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൻ്റെ വോട്ട് കേരളത്തിൽ ജയപരാജയങ്ങൾ തീരുമാനിക്കും

പൗരത്വ ഭേദഗതി ബിൽ നടപ്പാക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ മുസ്ലിം സമുദായത്തിൻ്റെ അഭിപ്രായം പോലും മാനിക്കാതെ ആയിരുന്നു. പൗരത്വ ബിൽ ഭേദഗതിയ്ക്കെതിരെ മുസ്ലിം സമുദായാംഗങ്ങൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഇവിടുത്തെ സി.പി.എമ്മും ഇടതുമുന്നണിയും ശക്തമായ പിന്തുണ നൽകുന്നത് കണ്ടതാണെങ്കിലും അവർക്ക് ഇതിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് സംശയിക്കുന്നവരാണ് ഏറെ. പ്രത്യേകിച്ച് എക്കാലവും യു.ഡി.എഫിന് അനുകൂലമായി നിൽക്കുന്ന മുസ്ലിം സമുദായാംഗങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള സി.പി.എമ്മിൻ്റെ ഒരു ശ്രമത്തിൻ്റെ ഭാഗമല്ലേ എന്ന് സംശയിക്കുന്നവരും ഏറെയാണ്.

കോഴിക്കോട്, മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകളിൽ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കാൻ ഇടതുമുന്നണി അല്ലെങ്കിൽ സി.പി.എം നടത്തുന്ന അടവ് അല്ലെ എന്ന് സംശയിക്കുന്നവരും ഉണ്ട്. മുസ്ലിം സമുദായങ്ങൾ ദേശീയ തലത്തിൽ ബി.ജെ.പി യ്ക്ക് ബദലായി പ്രതീക്ഷയോടെ കാണുന്നത് കോൺഗ്രസിനെ തന്നെയാണ്. കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായാംഗങ്ങളാണ്. കോൺഗ്രസിനെ അവർ ദേശീയതലത്തിൽ തങ്ങളുടെ രക്ഷകരായി കാണുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം മുസ്ലിം പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇടതുമുന്നണി യ്ക്കോ സി.പി.എമ്മിനോ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റില്ലെന്ന് ഈ സമുദായത്തിന് അറിയാം. കാരണം, ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ് ഈ ഇടതു മുന്നണിയും സി.പി.എമ്മും ഒക്കെ.
  
Muslim Vote | ഈ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൻ്റെ വോട്ട് കേരളത്തിൽ ജയപരാജയങ്ങൾ തീരുമാനിക്കും

ചുരുക്കം ചില എം.പി മാരെ കിട്ടിയില്ലെങ്കിൽ അവർക്ക് ദേശീയ പാർട്ടിയെന്ന പദവിയും ഇപ്പോഴത്തെ ചിഹ്നവും ഒക്കെ നഷ്ടപ്പെടാം. അത്രയെ ഉള്ളു ഇവരുടെയൊക്കെ സ്വാധീനം. ആയതിനാൽ കോൺഗ്രസ് വരണമെന്ന് ചിന്തിക്കുന്ന ആളുകളാണ് മുസ്ലിം സമുദായാംഗങ്ങളിൽ ഏറെയും. കോൺഗ്രസിന് മാത്രമേ ദേശീയ തലത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളുവെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ തന്നെ ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന താല്പര്യത്തിനു പുറത്ത് മുസ്ലിം സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തതിൻ്റെ ഫലമാണ് കേരളത്തിൽ യു.ഡി.എഫിന് 20 ൽ 19 സീറ്റും കരസ്ഥമാക്കാനായത്. സി.പി.എം ഏറെ പ്രതീക്ഷയോടെ കണ്ട വടകര സീറ്റിൽ പോലും കെ.മുരളീധരൻ ജയിച്ചതും മണ്ഡലത്തിലെ മുസ്ലിങ്ങൾ ഒന്നടങ്കം വോട്ട് ചെയ്തതുകൊണ്ടാണ്.

ഇക്കുറിയും അതുപോലെ ഉണ്ടാകാം. അത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ അല്ല. മറിച്ച്, പൗരത്വ ബില്ലിനെതിരെ ആയിരിക്കും. പൗരത്വ ബിൽ ഇവിടെ നടപ്പാക്കാതിരിക്കണമെങ്കിൽ കോൺഗ്രസ് വന്നേ മതിയാകു എന്ന് ചിന്തിക്കുന്ന മുസ്ലിം വിഭാഗം ഉറപ്പായും യു.ഡി.എഫിന് വോട്ട് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ ആ 27 ശതമാനത്തോളം വരുന്ന വോട്ടുകളായിരിക്കും ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുക. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ കൊടുങ്കാറ്റ് ആഞ്ഞ് വീശുമോ?. അത് അറിയാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.


Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Muslim Vote, CPM, Congress, BJP, How will Muslims vote in Kerala elections?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia