Pannyan Raveendran | പന്ന്യൻ എങ്ങനെ തരൂരിന് വെല്ലുവിളിയാകും? അന്ന് ജയിച്ചത് കരുണാകരൻ്റെ കരുണ കൊണ്ട്

 


_സോണി കല്ലറയ്ക്കൽ_

(KVARTHA) പന്ന്യൻ രവീന്ദ്രൻ വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഇവിടെ കോൺഗ്രസിൻ്റെ ശശി തരൂർ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി യുടെ ദേശീയ തലത്തിലുള്ള ആരെങ്കിലും ഇവിടെ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. രാജീവ് ചന്ദ്രശേഖർ, നിർമ്മലാ സീതാരാമൻ അങ്ങനെ പലരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നു. എന്തായാലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തിരുവനന്തപുരത്ത് ഏറെക്കുറെ ആയി കഴിഞ്ഞു എന്ന് വേണം പറയാൻ.
 
 Pannyan Raveendran | പന്ന്യൻ എങ്ങനെ തരൂരിന് വെല്ലുവിളിയാകും? അന്ന് ജയിച്ചത് കരുണാകരൻ്റെ കരുണ കൊണ്ട്

പല ഇടതുപക്ഷ കേന്ദ്രങ്ങളും സാക്ഷാൽ പന്ന്യൻ്റെ പാർട്ടിയായ സി.പി.ഐ യും കൊട്ടിഘോഷിക്കുന്നത് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് ശശി തരൂരിന് വെല്ലുവിളിയാകും എന്നൊക്കെയാണ്. ഒരിക്കൽ തിരുവനന്തപുരത്ത് എം.പി യായി പിന്നീട് പരാജയപ്പെടുമെന്ന് ഉറപ്പായതിനെത്തുടർന്ന് മത്സരിക്കാതെ ഒളിച്ചോളിയ പന്ന്യൻ രവീന്ദ്രൻ എങ്ങനെ ശശി തരൂരിന് ഒരു വെല്ലുവിളിയാകും എന്നതാണ് മനസിലാകാത്തത്. ശരിയാണ്, ഒരിക്കൽ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തുനിന്നുള്ള എം.പി ആയിരുന്നു. അന്ന് അദ്ദേഹം തോൽപ്പിച്ചത് കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിനെയായിരുന്നു. അന്ന് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തു നിന്ന് ജയിച്ചത് കെ.കരുണാകരൻ എന്ന സാക്ഷാൽ ലീഡറുടെ കരുണകൊണ്ടെന്ന് പലരും മറന്നുപോകുന്നു.

 Pannyan Raveendran | പന്ന്യൻ എങ്ങനെ തരൂരിന് വെല്ലുവിളിയാകും? അന്ന് ജയിച്ചത് കരുണാകരൻ്റെ കരുണ കൊണ്ട്

കോൺഗ്രസ് നേതാക്കൾ പോലും ഇത് മറന്നുപോയി കാണും. അന്ന് പന്ന്യൻ രവീന്ദ്രനോട് തോറ്റ വി.എസ് ശിവകുമാർ ഒരു പക്ഷേ അത് മറന്നു കാണില്ല. കെ.കരുണാകരൻ മുമ്പ് തൃശൂർ പാർലമെൻ്റ് സീറ്റിൽ നിന്ന് സി.പി.ഐ യിലെ വി.വി.രാഘവനോട് തോറ്റ ഒരു ചരിത്രമുണ്ട്. അന്ന് കെ.കരുണാകരൻ ഇനി രാഷ്ട്രീയത്തിൽ അസ്തമിച്ചു എന്ന് ചിന്തിച്ചവർ ഏറെയാണ്. പക്ഷേ, പിന്നീട് കരുണാകരന് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായത് തിരുവനന്തപുരത്തു നിന്ന് അടുത്ത തവണ പാർലമെൻ്റിലേയ്ക്ക് മത്സരിച്ചപ്പോഴാണ്. സ്വന്തം തട്ടകമായ തൃശൂരിൽ തോറ്റ ലീഡറെ തിരുവനന്തപുരത്തുകാർ വൻ ഭൂരിപക്ഷത്തിൽ പാർലമെൻ്റിലേയ്ക്ക് ജയിപ്പിച്ചു വിടുകയായിരുന്നു. അതുകൊണ്ട് കെ.കരുണാകരൻ തന്നെയാണ് ശശി തരൂരിനോട് തിരുവനന്തപുരത്ത് മത്സരിക്കാൻ ഉപദേശിച്ചത്.

 Pannyan Raveendran | പന്ന്യൻ എങ്ങനെ തരൂരിന് വെല്ലുവിളിയാകും? അന്ന് ജയിച്ചത് കരുണാകരൻ്റെ കരുണ കൊണ്ട്

തരൂർ ആദ്യം പാലക്കാട് നിന്ന് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ലീഡറുടെ ഉപദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. കരുണാകരൻ തിരുവനന്തപുരത്ത് മത്സരിച്ച് വിജയിച്ച ശേഷം പിന്നീട് അവിടെ മത്സരിക്കാൻ തുനിഞ്ഞില്ല. അദ്ദേഹം മുകുന്ദപുരം മണ്ഡലം ആയിരുന്നു മത്സരിക്കാൻ തെരഞ്ഞെടുത്തത്. കരുണാകരൻ തിരുവനന്തപുരത്തു നിന്ന് മാറുമ്പോൾ പല സീനിയർ കോൺഗ്രസ് നേതാക്കളും ആ സീറ്റിൽ കണ്ണുവെച്ചിരുന്നു. എന്നാൽ ലീഡർ സപ്പോർട്ട് ചെയ്തത് അന്ന് യൂത്ത് കോൺഗ്രസിൻ്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും അരുമശിഷ്യനുമായ വി.എസ് .ശിവകുമാറിനെയായിരുന്നു. ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം പാർലമെൻ്റ് സീറ്റിൽ രംഗത്തു വന്നപ്പോൾ എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. ഈ സ്ഥാനാർത്ഥി തോൽക്കുമെന്ന് സ്വന്തം പാർട്ടിയിലെ ആളുകൾ പോലും പറഞ്ഞു പരത്തി.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലീഡറുടെ അനുഗ്രഹത്തോടെ വി.എസ്.ശിവകുമാർ ജയിക്കുകയായിരുന്നു. വി.എസ്. ശിവകുമാർ ജയിച്ച് എം.പി ആയ ശേഷം ആ കാലത്ത് കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം കനത്തു. ശിവകുമാർ പതിയെ തന്നിൽ നിന്ന് അകന്ന് തിരുത്തൽ വാദി ഗ്രൂപ്പിനൊപ്പം ചേരുന്നപോലെ ലീഡർക്ക് തോന്നി. അക്കാലത്താണ് പന്ന്യൻ രവീന്ദ്രൻ ഇടതു സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുന്നത്. ലീഡർ അന്ന് ശിവകുമാറിനൊപ്പം സജീവമായിരുന്നില്ല. അദ്ദേഹത്തിൻ്റെ മനസുമുഴുവൻ പന്ന്യൻ രവീന്ദ്രനിലായിരുന്നു.

ശിവകുമാറിനെ തൻ്റെ ശത്രുപക്ഷത്താണ് ലീഡർ കണ്ടത്. അന്ന് തിരുവനന്തപുരത്ത് ലീഡർ സജീവമാകാതിരുന്ന തെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ ലീഡറുടെ അനുഗ്രഹം കൊണ്ട് എം.പി ആയി. ഇത് പന്ന്യൻ രവീന്ദ്രനും അറിയാം. അതുകൊണ്ട് ആണല്ലോ അദ്ദേഹം ജയിച്ച ഉടനെ ലീഡറുടെ വീട്ടിൽ എത്തി ലീഡറെ കണ്ടത്. എന്നിട്ട് രണ്ടുപേരും ചേർന്ന് ലഡു കഴിക്കുന്നതും കണ്ടതാണ്. എന്നാൽ പിന്നീട് ലീഡർ കൈവിട്ടപ്പോൾ പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് മത്സരിക്കാതെ മുങ്ങുകയായിരുന്നു. ഇതാണ് ചരിത്രം. ഇനി നിങ്ങൾക്ക് ചിന്തിക്കാം പന്ന്യൻ തിരുവനന്തപുരത്ത് ശശി തരൂരിന് ഒരു വെല്ലുവിളി ആണോ എന്ന്.


Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Pannyan Raveendran, How Pannyan will challenge Tharoor?. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia