Farmers Problems | കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് ആലപ്പുഴയില്‍ നടന്ന മുഖാമുഖ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

 

ആലപ്പുഴ: (KVARTHA) കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് ആലപ്പുഴയില്‍ നടന്ന മുഖാമുഖ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സൃഷ്ടിയുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്ളവരുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി നടത്തപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Farmers Problems | കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് ആലപ്പുഴയില്‍ നടന്ന മുഖാമുഖ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സുസ്ഥിര വികസനവും ഉള്‍ച്ചേര്‍ക്കലുമാണ് വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമാവുന്ന നവകേരളത്തിന്റെ മുഖമുദ്രകള്‍. കാര്‍ഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടാണ് നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നത്. കാര്‍ഷിക നവീകരണത്തിന് ഇതില്‍ വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെല്ലുസംഭരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ന്യായവില, തുടങ്ങിയ പ്രശ്നങ്ങളൊക്കെ കര്‍ഷകര്‍ക്ക് വലിയ പ്രാധാന്യം ഉള്ളതാണ്. നാളികേര കര്‍ഷകരുടെ മുതല്‍ റബ്ബര്‍ കര്‍ഷകരുടെ വരെ പ്രശ്നങ്ങള്‍ ബോധ്യമുണ്ട്. പലതും കേന്ദ്ര ഇറക്കുമതി നയം അടക്കമുള്ളവയുമായി കൂടി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. ഏതായാലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ആണെങ്കിലും കഴിയാവുന്നതൊക്കെ ചെയ്യാനാണ് സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷി ഒരുപാടു കാര്യങ്ങളെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, കീടബാധ ഇങ്ങനെ പലത്. അതുകൊണ്ട് കാര്‍ഷിക ഇന്‍ഷുറന്‍സ് എന്നതടക്കമുള്ള ആവശ്യങ്ങള്‍ ന്യായമാണ് എന്നതു എല്ലാവര്‍ക്കുമറിയാം. കാര്‍ഷിക മേഖല ആകര്‍ഷകമായ, അന്തസ്സുറ്റ ഒന്നായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കാണുന്ന ഒരു നില ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

കര്‍ഷകന്റെ അന്തസ്സ് കൂടുതല്‍ വര്‍ദ്ധിക്കുന്ന നില ഉണ്ടാകേണ്ടതുണ്ട്. കൃഷിയെ മുഖ്യ തൊഴില്‍ ആയി ആശ്രയിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്. ഇതിനെല്ലാം പടിപടിയായി കാര്യങ്ങള്‍ ചെയ്തുവരികയാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്കു ന്യായമായ പെന്‍ഷന്‍ വേണമെന്നതു മുതല്‍ കാര്‍ഷിക ക്ഷേമനിധി വേണമെന്നതു വരെയുള്ള ആവശ്യങ്ങളിലെ ന്യായത്തെക്കുറിച്ചും സര്‍ക്കാരിനു സംശയമില്ല.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയും സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാര്‍ഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയുമാണ്. അങ്ങനെ കാര്‍ഷികോത്പാദനങ്ങളുടെ മൂല്യവര്‍ദ്ധനവിനും, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിതരണത്തിനും സഹായകമാകുന്ന അന്തരീക്ഷം ഒരുക്കുകയാണ്. സംഭരണമടക്കമുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.

ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ അഗ്രി കോര്‍പ്പറേറ്റുകളുടെ സ്വാധീനത്തില്‍ നിന്ന് കേരളത്തിലെ കാര്‍ഷികമേഖലയേയും കര്‍ഷകരേയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ നടത്തുന്നുണ്ട്. അഗ്രി കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കു വഴങ്ങി ജലസേചനവും ഊര്‍ജ്ജലഭ്യതയും ഉറപ്പുവരുത്തുന്നതില്‍ നിന്ന് പിന്മാറുകയും കൃഷിക്കുള്ള സബ്സിഡികള്‍ ഇല്ലാതാക്കുകയും വളങ്ങളുടെ വില കൂട്ടുകയും ഒക്കെ ചെയ്യുന്ന പൊതു സ്ഥിതിയില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് നമ്മള്‍.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളെ വരെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കി ഭേദഗതി ചെയ്യുന്ന സ്ഥിതി രാജ്യത്തുണ്ട്. കൃഷിയും കര്‍ഷകരും വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ പോലും കാര്‍ഷിക വിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്താനോ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കാര്യക്ഷമമായി നടത്താനോ തയ്യാറാവാത്ത പൊതു ദേശീയ സാഹചര്യത്തിലാണ് കൃഷിക്കുള്ള വിഹിതവും കര്‍ഷകര്‍ക്കുള്ള സഹായങ്ങളും വര്‍ദ്ധിപ്പിച്ചും വിപണിയില്‍ ഇടപെട്ടും അഗ്രികോര്‍പ്പറേറ്റുകളെ അകറ്റിനിര്‍ത്തിയും ഒക്കെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത് ഒരു ബദല്‍ വഴിയാണ്.

ആധുനിക കാലഘട്ടത്തിലെ കൃഷി അല്ലെങ്കില്‍ കാര്‍ഷിക വ്യവസായം സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. അതിന്റെ ഫലമായി മുന്‍കാലഘട്ടങ്ങളില്‍ ഇല്ലാതിരുന്ന ധാരാളം സാധ്യതകള്‍ സംരംഭകത്വ മേഖലയില്‍ ഉള്‍പ്പെടെ ഇന്ന് കാര്‍ഷികമേഖലയില്‍ ഉണ്ട്. അതൊക്കെ കേരളത്തിലും കാണാന്‍ സാധിക്കും. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കാര്‍ഷികവിളകളുടെ ഉത്പാദനത്തില്‍ മാത്രമാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ഉല്‍പാദനത്തിനൊപ്പം സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മാത്രമല്ല, നമ്മുടെ യുവകര്‍ഷകര്‍ക്ക് ഇവയിലൊക്കെ വേണ്ട അറിവ് ലഭ്യമാക്കുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടി നടത്തിവരികയാണ്.

കര്‍ഷകപക്ഷത്തു നിന്നുകൊണ്ട് വ്യക്തമായ നയപരിപാടികള്‍ കൃത്യതയോടും സുതാര്യമായും നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 2016 ന് ശേഷം ശ്രമിച്ചുപോരുന്നത്. പൊതുജന പങ്കാളിത്തത്തോടെയും കാര്യക്ഷമതയോടെയും അവയെല്ലാം വിജയിപ്പിക്കുവാന്‍ സാധിക്കുന്നുണ്ട്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്നവരാണ് തങ്ങള്‍ എന്ന് മലയാളികള്‍ തെളിയിച്ച കാലമാണിത്. പ്രളയ കാലത്തും കോവിഡിന്റെ വ്യാപനസമയത്തുള്‍പ്പെടെ കേരളത്തിന്റെ കാര്‍ഷിക മേഖലയിലുണ്ടായ മുന്നേറ്റം ഇതിനു തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിയുടെ വില നമ്മള്‍ തിരിച്ചറിഞ്ഞ കാലം വന്നപ്പോള്‍ മട്ടുപ്പാവിലും തരിശുനിലങ്ങളിലും അടുക്കളത്തോട്ടങ്ങളിലും നമ്മള്‍ ഭക്ഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിച്ചു. ക്രമേണ അത് ഒരു ശീലമായി മാറി. അങ്ങനെ ഒരു പുതിയ കാര്‍ഷിക സംസ്‌കാരത്തിലേക്ക് മലയാളികള്‍ ഇന്ന് മാറിയിട്ടുണ്ട്.

മാതൃകാപരമായ ഈ കാര്‍ഷികപരിവര്‍ത്തനം സമൂഹമാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ആക്രമണങ്ങളും ഉയര്‍ന്ന ജനസാന്ദ്രത മൂലം കൃഷി ഭൂമിയിലുണ്ടായിട്ടുള്ള കുറവും കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഇതിനെയൊക്കെ മറികടക്കാന്‍ ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയായ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഏറ്റവും അവശ്യംവേണ്ടത് കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുക എന്നതാണ്. അതുകൊണ്ടാണ് കര്‍ഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാള്‍ 50 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നുമുള്ള കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുപോരുന്നത്.

കാര്‍ഷിക മേഖലയ്ക്ക് ഈ സര്‍ക്കാര്‍ നല്‍കിവരുന്ന പ്രാധാന്യം എത്രയെന്ന് ഇത്തവണത്തെ ബജറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. വിളപരിപാലനത്തിന് 535.9 കോടി രൂപയും വിള ആരോഗ്യപരിപാലന പദ്ധതികള്‍ക്ക് 13 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും കുട്ടനാട് മേഖലയിലെ കാര്‍ഷികവികസനത്തിന് 36 കോടി രൂപയും മാറ്റിവച്ചു. റബ്ബറിന്റെ താങ്ങുവില നമ്മുടെ പരിമിതിക്കുള്ളില്‍ നിന്ന് 180 രൂപയായി വര്‍ദ്ധിപ്പിച്ചു.

നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി രൂപയും നാളികേര കൃഷി വികസനത്തിന് 65 കോടി രൂപയും ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളില്‍ 25 ശതമാനം സ്ത്രീകളാണ് എന്ന് കാണണം. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിക്ക് 43.90 കോടി രൂപയും മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി രൂപയും മൃഗസംരക്ഷണത്തിന് 277.14 കോടി രൂപയും ക്ഷീരവികസനത്തിന് 109.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുകയാണ്. ഉത്പാദനം, മൂല്യവര്‍ദ്ധനവും വിപണനവും, സേവനം എന്നീ മൂന്ന് മേഖലകളില്‍ ഫലപ്രദമായി ഇടപെടുന്നതിന് കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഇതിനകം 23,245 കൃഷിക്കൂട്ടങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തോടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ നമ്മുടെ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കോവിഡാനന്തര കേരളം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതും കേരളത്തിലെ വിദ്യാര്‍ഥികളും യുവതലമുറയടക്കം കൃഷിയെ സ്നേഹിക്കുവാന്‍ തുടങ്ങിയതും കാര്‍ഷികമേഖലയ്ക്ക് വലിയ ഉണര്‍വ്വ് നല്‍കി.

നൂതന കാര്‍ഷിക സാങ്കേതികവിദ്യകളായ പോളിഹൗസുകള്‍, മഴമറകള്‍, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയില്‍ താല്‍പ്പര്യമുള്ള ധാരാളം യുവജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവരെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുവാനും പ്രോത്സാഹനം നല്‍കാനുമുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്.

നെല്‍ക്കൃഷിയുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധയാണ് സര്‍ക്കാര്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായാണ് നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2,547 കിലോയില്‍ നിന്ന് 4,560 കിലോയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. 2016 ല്‍ 1,71,398 ഹെക്ടറിലാണ് നെല്‍ക്കൃഷി നടന്നിരുന്നത്. ഇന്നത് 2,05,040 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം റോയല്‍റ്റി അനുവദിച്ചിട്ടുണ്ട്.

നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഈ സീസണില്‍ ഇതുവരെ 2,34,573 കര്‍ഷകരില്‍ നിന്നായി 1.47 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 65,535 കര്‍ഷകര്‍ക്കായി 335.10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നെല്ലു സംരംഭണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 203.9 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള താങ്ങുവില സഹായം കേന്ദ്ര സര്‍ക്കാര്‍ ഏറെ നാളായി കുടിശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. താങ്ങുവില സഹായ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷമായി വരുത്തിയ കുടിശ്ശിക 763 കോടി രൂപയാണ്. ഈ വര്‍ഷത്തെ കുടിശ്ശിക മാത്രം 388.81 കോടി രുപയുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിനായി കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന വില ലഭ്യമാക്കുന്നതു കേരളത്തില്‍ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നത്. കേരളത്തില്‍ പി ആര്‍ എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് അപ്പോള്‍ തന്നെ ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് ബാധ്യത സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത തീര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നാളിതുവരെ 11,082 ഏക്കര്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമായി. പച്ചക്കറി വികസനത്തിനായി ശക്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അതിലേറ്റവും പ്രധാനമാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. ഈ പദ്ധതി പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് 55,277 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യപിപ്പിക്കാനായി. 5.57 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഇതുവഴി ഉല്‍പ്പാദിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1.21 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ 17.23 ലക്ഷം മെട്രിക് പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കൃഷി ചെയ്യപ്പെടുന്നവയാണല്ലൊ ശീതകാല പച്ചക്കറിയിനങ്ങള്‍. വട്ടവട കാന്തല്ലൂര്‍ പ്രദേശങ്ങളെ ശീതകാല പച്ചക്കറി വിളകളുടെ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാന്‍ കഴിഞ്ഞതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം പച്ചക്കറികളുടെ സംഭരണം, സ്റ്റോറേജ് എന്നിവയും നല്ല രീതിയില്‍ തന്നെ നടന്നുവരികയാണ്.

കേരകൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ്
കേരഗ്രാമം. 232 കേരഗ്രാമങ്ങള്‍ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചു. നാളികേരവികസന കൗണ്‍സിലിന്റ ഭാഗമായി 36.9 ലക്ഷം തെങ്ങിന്‍ തൈകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.

നാളികേര സംഭരണത്തിന് ഒരു തെങ്ങിന്റെ വാര്‍ഷിക ഉത്പാദനം 50 നാളികേരമെന്നത് 70 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭൂമിയുടെ പരിധി 5 ഏക്കറില്‍ നിന്ന് 15 ഏക്കര്‍ ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

റബ്ബര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയത് കേരള സര്‍ക്കാരാണ്.

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവര്‍ത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കില്‍ ധനസഹായം നല്‍കിവരുന്നുണ്ട്. അതുകൂടാതെ ഉത്പാദനക്ഷമതാ വര്‍ദ്ധനവിനുവേണ്ടി വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നല്‍കിവരുന്നുണ്ട്.

ഇതിനുപുറമെ റബ്ബര്‍ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്‌കരണശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബര്‍ മേഖലയില്‍ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് ക്യാമ്പസില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ റബ്ബര്‍ മേഖലയ്ക്ക് ഉണര്‍വ്വ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

'കേരളാഗ്രോ' എന്ന ഒറ്റ ബ്രാന്‍ഡില്‍ കേരളത്തിലെ 23 സര്‍ക്കാര്‍ ഫാമുകളിലെ 193 ഉല്പന്നങ്ങളും ഇനി മുതല്‍ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകും. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, അലങ്കാര സസ്യങ്ങള്‍, ജൈവ വളങ്ങള്‍ എന്നിവയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ കൃഷി വകുപ്പ് ലഭ്യമാക്കിയിരിക്കുകയാണ്.

2021 ഏപ്രില്‍ മുതല്‍ 2023 ആഗസ്റ്റ് വരെ 2,06,743 ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ 1,108.47 കോടി രൂപ വിതരണം ചെയ്തു. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ഒമ്പതാം ഘട്ടമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഇതുപ്രകാരം നാളിതുവരെ 720.53 കോടി രൂപയുടെ ആശ്വാസം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിന്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുവാന്‍ കര്‍ഷകര്‍ക്ക് മൂന്നു മാസം കൂടി അവസരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീരകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് മികച്ച ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. അതിന്റെ ഫലമായി പാല്‍ ഉത്പാദനക്ഷമത, സങ്കരയിനം കന്നുകാലികളുടെ എണ്ണം എന്നിവയില്‍ ഇന്ത്യയില്‍ മികച്ച സ്ഥാനം നിലനിര്‍ത്താന്‍ നമ്മുടെ സംസ്ഥാനത്തിനായി. കന്നുകാലികളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും ഉല്‍പ്പാദനക്ഷമതയിലുണ്ടായ വര്‍ദ്ധനവ് ഉല്‍പ്പാദനമേഖലയിലെ നേട്ടത്തിനു കാരണമാവുകയും ചെയ്തു.

പാല്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ക്ഷീരമേഖലയെ ശക്തിപ്പെടുത്തിയതോടൊപ്പം ക്ഷീരകര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക കൂടി ചെയ്തിട്ടുണ്ട്. ക്ഷീരമേഖലയില്‍ ഏതാണ്ട് 8 ലക്ഷം കുടുംബങ്ങള്‍ പശു വളര്‍ത്തല്‍ പ്രധാന വരുമാനമാര്‍ഗ്ഗമായോ ഉപവരുമാന സ്രോതസ്സായോ ഉപയോഗപ്പെടുത്തുന്നു.

കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യ വിഭവമാണ് മത്സ്യം. കടല്‍ മുതല്‍ ചെറിയ ജലാശയങ്ങളില്‍ നിന്നുവരെ ലഭിക്കുന്ന വ്യത്യസ്ത മത്സ്യ ഇനങ്ങള്‍ സ്വാദ് കൊണ്ടും പോഷക സമൃദ്ധി കൊണ്ടും ഏറെ പ്രത്യേകത ഉളളതാണ്. രാജ്യത്ത് ഒരു ശരാശരി മനുഷ്യന്‍ കഴിക്കുന്നതിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് മലയാളിയുടെ മത്സ്യ ഉപഭോഗം. കടല്‍ മത്സ്യങ്ങളാണ് ഉല്‍പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും കാലാവസ്ഥാ വ്യതിയാനം കൊണ്ട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ എയറേഷന്‍, ജൈവസുരക്ഷ, പ്രോബയോട്ടിക്കുകളുടെ ഉപയോഗം എന്നിവ ഉറപ്പുവരുത്തി കൂടുതല്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ കഴിഞ്ഞതിലൂടെ ഉല്പാദനക്ഷമത 0.5-3 മെട്രിക് ടണ്‍ ആയിരുന്നത് 1.5-4 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 4,951 ഹെക്ടര്‍ പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും കൃഷിയും, 4,319 ഹെക്ടര്‍ കുളങ്ങളില്‍ മറ്റു മത്സ്യ കൃഷി രീതികളും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ 2,083 കൂട് കൃഷി യൂണിറ്റുകളും, 240 റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റുകളും, 3,475 പടുത കുളങ്ങളിലെ മത്സ്യകൃഷി യൂണിറ്റുകളും 1,610 കല്ലുമ്മക്കായ കൃഷി യൂണിറ്റുകളും സ്ഥാപിച്ച് മത്സ്യകൃഷി നടപ്പാക്കിവരികയാണ്. ഇത്തരത്തില്‍ മത്സ്യകൃഷി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ കര്‍ഷകര്‍ക്ക് തീറ്റയ്ക്ക് 40 ശതമാനവും മത്സ്യവിത്തിന് 70-100 ശതമാനവും സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിവരുന്നുണ്ട്.

തദ്ദേശീയ മത്സ്യവിത്ത് കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022-23 വര്‍ഷം മുതല്‍ പിന്നാമ്പുറ മത്സ്യവിത്തുല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് 9 കോടി രൂപ വകയിരുത്തിയിരുന്നു. നാടന്‍ മത്സ്യങ്ങളായ കരിമീന്‍, വരാല്‍, മഞ്ഞക്കൂരി, കല്ലേമുട്ടി, കാരി തുടങ്ങിയ മത്സ്യങ്ങളുടെ വിത്തുകളാണ് ഉല്‍പ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടത്. നാളിതുവരെ 522 യൂണിറ്റുകള്‍ സ്ഥാപിക്കപ്പെട്ടു. 40 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

കാര്‍ഷികമേഖലയുടെ വികസനത്തിന് സാധ്യമായ എല്ലാ സ്രോതസ്സുകളും പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. സഹകരണപ്രസ്ഥാനങ്ങളുടെ പ്രാധാന്യം ഇക്കാര്യത്തിന്‍ ഓര്‍ക്കേണ്ടതുണ്ട്. സാമ്പത്തിക സഹായത്തിനായി കര്‍ഷകര്‍ക്ക് ഏറ്റവും വേഗത്തില്‍ ആശ്രയിക്കാവുന്ന സ്ഥാപനങ്ങളാണിവ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ കാര്‍ഷിക നവീകരണം സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വ്യത്യസ്ത മേഖലകളിലുള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് കാലാനുസൃതമായ പരിഹാരം കാണുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണ നവീകരണം സാധ്യമാക്കാന്‍ ഉതകുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Govt will solved problems faced by farmers, Alappuzha, News, Chief Minister, Pinarayi Vijayan, Farmers, Meeting, Problems, Pension, Agriculture, Fish Farm, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia