EP Jayarajan | 'പാനൂരില്‍ ബോംബേറ് ആദ്യമായിട്ടല്ല, തനിക്കെതിരെ മൂന്ന് തവണ എറിഞ്ഞു', ബോംബ് നിര്‍മിച്ച് കച്ചവടം ചെയ്യുന്നതും അന്വേഷിക്കണമെന്ന് ഇ പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) പാനൂരില്‍ ബോംബേറ് ആദ്യമായിട്ടല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മൂന്ന് പ്രാവശ്യം ബോംബെറിഞ്ഞ സ്ഥലമാണ് പാനൂര്‍. കൈവേലിക്കല്‍ കുഞ്ഞിക്കണ്ണന്റെ രക്തസാക്ഷിദിനാചരണം കഴിഞ്ഞുവരുമ്പോഴാണ് മൂന്നിടങ്ങളില്‍ നിന്നും ബോംബേറുണ്ടായത്. മറ്റൊരിക്കല്‍ രക്തസാക്ഷി ദിനാചരണം കഴിഞ്ഞു ആര്‍എസ്എസ് ബോംബേറുണ്ടായപ്പോള്‍ കാറിന്റെ ഡോറിളകി പോയെന്നും ഇ പി പറഞ്ഞു.

EP Jayarajan | 'പാനൂരില്‍ ബോംബേറ് ആദ്യമായിട്ടല്ല, തനിക്കെതിരെ മൂന്ന് തവണ എറിഞ്ഞു', ബോംബ് നിര്‍മിച്ച് കച്ചവടം ചെയ്യുന്നതും അന്വേഷിക്കണമെന്ന് ഇ പി ജയരാജന്‍

കൈവേലിക്കല്‍ ആര്‍എസ്എസും കോണ്‍ഗ്രസും ബോംബുണ്ടാക്കുന്ന സ്ഥലമാണ്. അവിടെ പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ചിലതെങ്കിലും പിടിക്കപ്പെടുന്നത്. ഇത്തരം തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും പിടികൂടണം. 2011- ല്‍നാദാപുരത്ത് ബോംബു നിര്‍മിക്കുന്നതിനിടെ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. മൊകേരിയില്‍ കോണ്‍ഗ്രസുകാരന്‍ ബോംബു പൊട്ടിമരിച്ചു. പയ്യന്നൂര്‍ ആലക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ടു. ചെറുവാഞ്ചേരിയില്‍ രണ്ട് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ബോംബു നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടു. അത്തരം സംഭവങ്ങളെ വസ്തുനിഷ്ഠമായി കാണണം. ബോംബു നിര്‍മാണം ആരു ചെയ്താലും തെറ്റാണ്. പാനൂര്‍ ബോംബ് സ്‌ഫോടനത്തെ കുറിച്ചു പൊലിസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ഡിസിസി ഓഫീസിലടക്കം വ്യത്യസ്ത രീതിയിലുളള ബോംബുണ്ടാക്കിയവരാണ് കോണ്‍ഗ്രസ്. അവര്‍ വല്ലാതെ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കാന്‍ വരേണ്ട. ആളെക്കൊല്ലാന്‍ ബോംബുണ്ടാക്കുന്നുവെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ടര്‍ ജേക്കബ് ജോര്‍ജിന് കാണിച്ചു കൊടുത്തത് ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. പാനൂര്‍ മേഖലയില്‍ ബോംബുണ്ടാക്കി കച്ചവടം ചെയ്യാറുണ്ട്. അതിനു വേണ്ടി തയ്യാറാക്കിയതാണോയെന്ന് പൊലിസ് പരിശോധിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ആയുധങ്ങള്‍ ഉണ്ടാക്കലും സംഭരിക്കലുമൊക്കെ ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയുമൊക്കെ പരിപാടിയാണ്. ഡി.വൈ.എഫ്. ഐയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരുടെ എല്ലാസ്വഭാവഗുണങ്ങളും നമുക്ക് പരിശോധിക്കാനാവുമോ. ഞങ്ങള്‍ പാര്‍ട്ടി നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാറുളളത്. ഇവിടുത്തെ നീതിന്യായവ്യവസ്ഥ ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാതരത്തിലും നടപടി സ്വീകരിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

കുന്നോത്ത് പറമ്പില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുളള പ്രശ്‌നമാണ് ബോംബു നിര്‍മാണത്തിലെത്തിച്ചതെന്നാണ് മനസിലാകുന്നത്. യു.ഡി.എഫിന് കേന്ദ്ര അന്വേഷണ ഏജന്‍സിയിലാണോ വിശ്വാസമെന്ന് ഷാഫി പറമ്പില്‍ തന്നെ വ്യക്തമാക്കട്ടെ. സോണിയ ഗാന്ധിക്കെതിരെയുളള പരാതിയും അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയാണ്. ഇതിലെന്താണ് യു.ഡി.എഫിന് പറയാനുളളതെന്നും ഇ പി ജയരാജന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ എന്‍ ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords: News, Kerala, EP Jayarajan, Politics, Congress, LDF, BJP, Congress, Police, Investigation, EP Jayarajan wants to investigate the manufacture and trade of bombs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia