CM Pinarayi | ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ 'സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി' ആരംഭിച്ചു, 'അനുയാത്ര' പദ്ധതി വഴി സുസ്ഥിര പുനരധിവാസ സേവനം ലഭ്യമാക്കി, 'സമഗ്ര' പദ്ധതിവഴി തൊഴില്‍ പരിശീലനം നല്‍കുന്നു; ഭിന്നശേഷിയുള്ളവരെക്കൂടി സവിശേഷമായി കണ്ട് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (KVARTHA) ഭിന്നശേഷിയുള്ളവരെക്കൂടി സവിശേഷമായി കണ്ട് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ഭിന്നശേഷി വിഭാഗവുമായുള്ള മുഖാമുഖത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് സാംസ്‌കാരിക ഔന്നത്യത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. വ്യത്യസ്തതകളെ അംഗീകരിക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യജീവികളാകുന്നത്. ആ നിലയ്ക്ക് ഭിന്നശേഷിയുള്ളവരെക്കൂടി പൊതുസമൂഹത്തിന്റെ ആല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ഏറെ പ്രധാനമാണ്.

ലോകത്തിലാകെ നൂറുകോടിയോളം പേര്‍ ഏതെങ്കിലും വിധത്തില്‍ ഭിന്നശേഷി ഉള്ളവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 800 കോടിയില്‍ 100 കോടി എന്നു പറഞ്ഞാല്‍, 8 പേരില്‍ ഒരാള്‍ എന്നര്‍ത്ഥം. ചെറിയ സംഖ്യയല്ലായിത്. അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ളവര്‍ പൊതുസമൂഹത്തില്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.

കാഴ്ച, കേള്‍വി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നില്‍ക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാന്‍ നിയോഗിക്കുന്നതു നീതിയല്ല. അത് ഭിന്നശേഷി ഉള്ളവര്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ എക്കാലവും പിന്നോക്കം തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുക. അതുകൊണ്ടാണ് ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവര്‍ക്കു വേണ്ട പ്രത്യേക പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയും ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ അവര്‍ക്കു മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ലഭിക്കൂ. അതൊരുക്കിക്കൊണ്ട് ഭിന്നശേഷികള്‍ ഉള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്.

ഇത് ചെയ്യുന്നത് നവകേരളസൃഷ്ടിയുടെ ഭാഗമായാണ്. നവകേരളത്തിന്റെ മുഖമുദ്രകളില്‍ പ്രധാനപ്പെട്ട ഒന്ന് അതിന്റെ ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവമാണ്. എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ഒരൊറ്റ വ്യക്തിപോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയില്ല. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും എല്ലാ പ്രദേശങ്ങള്‍ക്കും അതിന്റെ പ്രയോജനമുണ്ടാകും എന്നുറപ്പു വരുത്തുന്നത് അവരെയെല്ലാം നവകേരള സൃഷ്ടിയുടെ ഭാഗമാക്കിക്കൊണ്ടാണ്. അതിനായാണ് ഇത്തരത്തിലൊരു മുഖാമുഖം പരിപാടി തന്നെ ആവിഷ്‌ക്കരിച്ചത്.

നിങ്ങള്‍ക്കറിയാവുന്നതുപോലെ നവകേരള സദസ്സുകളുടെ തുടര്‍ച്ചയായാണ് നമ്മള്‍ ഇത്തരത്തില്‍ കണ്ടുമുട്ടുന്നത്. നവകേരള സദസ്സുകളുടെ ഭാഗമായി വിവിധ നിയോജകമണ്ഡലങ്ങളില്‍ വെച്ച് നിങ്ങളില്‍ പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. പക്ഷെ അതുപോരാ, നവകേരളം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങളെ സമഗ്രമായി ക്രോഡീകരിക്കണമെന്നും അതിനായി വ്യത്യസ്ത ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ പ്രതിനിധികളുമായി കൂട്ടായി ചര്‍ച്ച ചെയ്യണമെന്നും കണ്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇന്ന് ഇത്തരത്തില്‍ ഇവിടെ കൂടിയിരിക്കുന്നത്.

ഭിന്നശേഷി എന്നത് അതുള്ള ആ വ്യക്തിയുടെ മാത്രം പ്രശ്നമാണെന്നും സമൂഹത്തിന് അതില്‍ ഉത്തരവാദിത്വമില്ലെന്നും വ്യാഖാനിക്കുന്ന ചിലരുണ്ട്. ഇതൊരു ആരോഗ്യപ്രശ്നമാണെന്നും അതിനാല്‍ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സമൂഹത്തിന്റെ കടമയെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഒരു രംഗത്തു ഭിന്നശേഷി. മറ്റൊരു രംഗത്ത് അധികശേഷി. ഇങ്ങനെയും വരാം. ഈ അധികശേഷി കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരിക എന്നതും സര്‍ക്കാരിന്റെ നയമാണ്.

അതുകൊണ്ടുതന്നെ വിവിധങ്ങളായ സമീപനങ്ങളെയും സാധ്യതകളെയും സമന്വയിപ്പിച്ച് നിരവധി പദ്ധതികളാണ് ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദ്യാഭ്യാസത്തിലും തൊഴിലിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക, പരമാവധി ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയെല്ലാം ചെയ്തുവരുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാര്‍ക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കി തീര്‍ക്കുന്നതിനുള്ള 'ബാരിയര്‍ ഫ്രീ കേരള' പദ്ധതിയാണ് ഇതില്‍ പ്രധാനം. 2,000 ത്തിലധികം പൊതുകെട്ടിടങ്ങള്‍ ഇതിനകം തടസ്സരഹിതമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമാക്കുകയാണ്. അങ്ങനെ ഭിന്നശേഷിക്കാര്‍ക്ക് വിനോദത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നു.

ഇന്നത്തെകാലത്ത് ഫിസിക്കല്‍ ഇടങ്ങള്‍ മാത്രമല്ല പൊതു ഇടങ്ങള്‍. ഡിജിറ്റല്‍ ഇടങ്ങളും പൊതു ഇടങ്ങളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ഇടങ്ങളെയും  ഭിന്നശേഷിസൗഹൃദമാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ കേരളം അക്ഷരാര്‍ത്ഥത്തില്‍ ബാരിയര്‍ ഫ്രീ ആവുകയുള്ളൂ. 2023 സെപ്റ്റംബര്‍ വരെ 170 ലധികം വെബ്സൈറ്റുകള്‍ ഭിന്നശേഷി സൗഹൃദമാക്കി. മറ്റുള്ളവയെയും ഇത്തരത്തില്‍ മാറ്റിത്തീര്‍ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജില്ലാതല കമ്മിറ്റികള്‍ നിലവിലുണ്ട്. ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവരുടെ കേസുകള്‍ കേള്‍ക്കുന്നതിനായി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അനുവാദത്തോടെ പ്രത്യേക കോടതികളും കേരളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിനുള്ള തസ്തികകള്‍ കണ്ടെത്തുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. അതിന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1,263 തസ്തികള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിയമനത്തിനുള്ള സംവരണം 3 ല്‍ നിന്ന് 4 ശതമാനമാക്കി ഉയര്‍ത്തുകയും സ്ഥാനക്കയറ്റത്തില്‍ 4 ശതമാനം സംവരണം അനുവദിക്കുകയും ചെയ്തു.


ഭിന്നശേഷി പ്രതിരോധം, ഭിന്നശേഷി നേരത്തെ കണ്ടെത്തല്‍, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നീ മേഖലകളിലെ വിടവുകള്‍ പരിഹരിക്കുന്നതിനായി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ 'സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി' ആരംഭിച്ചിട്ടുണ്ട്. 'അനുയാത്ര' പദ്ധതി വഴി ഭിന്നശേഷി പ്രതിരോധം മുതല്‍ അവരുടെ സുസ്ഥിര പുനരധിവാസം വരെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിവരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'സമഗ്ര' പദ്ധതിവഴി തൊഴില്‍ പരിശീലനം, ഡേ കെയര്‍, വിവരസാങ്കേതിക വിദ്യയിലുള്ള പരിശീലനം തുടങ്ങിയവ ലഭ്യമാക്കുകയാണ്.

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് 'വിദ്യാകിരണം' പദ്ധതിയിലൂടെ ധനസഹായം നല്‍കിവരുന്നുണ്ട്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് 'വിദ്യാജ്യോതി' പദ്ധതി നടപ്പാക്കുന്നുണ്ട്. ഒന്നാം ക്ലാസു മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്തലം വരെ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നുണ്ട്. വിദൂരവിദ്യാഭ്യാസ മാധ്യമങ്ങളിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിഗ്രി തലംമുതല്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികള്‍ക്കുവേണ്ട പിന്തുണ നല്‍കുന്നതിനുള്ള പദ്ധതിയും ശ്രവണപരിമിതിയുള്ള കുട്ടികളെ നേരത്തെ കണ്ടെത്തുന്നതിനുള്ള 'കാതോരം' പദ്ധതിയും മികച്ച നിലയില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ട്.

ഭിന്നശേഷിക്കാരായ അഗതികള്‍ക്കും അനാഥര്‍ക്കും 14 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മലപ്പുറം 'പ്രതീക്ഷാഭവന്‍', കോഴിക്കോട് 'പുണ്യഭവന്‍' എന്നീ സ്ഥാപനങ്ങള്‍ പ്രൊഫഷണല്‍ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് സേവനങ്ങളോടെ നവീകരിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവര്‍ക്കുവേണ്ടിയാണ് 'പ്രതീക്ഷാ ഭവന്‍' പ്രവര്‍ത്തിച്ചുവരുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള ഭിന്നശേഷി സൗഹൃദ പാര്‍ക്ക് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടില്‍ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ സ്‌കൂളുകളുടെയും രക്ഷാകര്‍തൃ സംഘടനകളുടെയും പിന്തുണയോടെ ആരംഭിച്ച 'സഹജീവനം' ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി വാതില്‍പ്പടി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.

ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് യു ഐ ഡി കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഫെബ്രുവരി ആദ്യ വാരം വരെ 3,11,287 പേര്‍ക്ക് യു ഐ ഡി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് ഉപജീവനത്തിനായി വരുമാനം ഉറപ്പാക്കുന്നതിന് ഇ-ഓട്ടോ സൗജന്യമായി ലഭ്യമാക്കുന്ന 'സ്നേഹയാനം' പദ്ധതി ശ്രദ്ധേയമാണ്.

ഭിന്നശേഷി സേവനങ്ങള്‍ കാര്യക്ഷമമായി ലഭ്യമാക്കുന്ന പ്രധാന സ്ഥാപനമാണ് നിഷ്. ശ്രവണപരിമിതിക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന, ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്ഥാപനമാണിത്. 1.49 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ ഭിന്നശേഷിസൗഹൃദ ബാരിയര്‍ ഫ്രീ ക്യാമ്പസാണ് ഇതിനുള്ളത്. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ഉള്‍പ്പെട്ട അതുല്യമായ ക്യാമ്പസാണ് നിഷിന്റേത്. ഒട്ടനവധി നൂതന കോഴ്സുകളും നിഷിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും, ഭിന്നശേഷി അവബോധത്തിനുമായി കേരളത്തിലെ ആദ്യത്തെ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ, ടെലി റീഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാത്തരം ഭിന്നശേഷികളുടെയും പുനരധിവാസ പ്രക്രിയകളുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍. മികവിന്റെ കേന്ദ്രമാണിത്. വിവിധ ഭിന്നശേഷികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും കൗണ്‍സിലിംഗും ഇവിടെ ലഭ്യമാണ്. പഠന പരിമിതി, ഓട്ടിസം എന്നിവയുള്ള കുട്ടികള്‍ക്കായി 'ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം', സ്പൈനല്‍ കോര്‍ഡില്‍ പരിക്കേറ്റവര്‍ക്കുള്ള പുനരധിവാസ യൂണിറ്റ്, ഭിന്നശേഷിയുള്ള ചെറുപ്പക്കാര്‍ക്ക് തൊഴില്‍ പരിശീലനം, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവ ഇവിടെ നടത്തി വരുന്നുണ്ട്.

കലാ-കായിക രംഗങ്ങളില്‍ മികവു പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായത്തിനായി 'ശ്രേഷ്ഠം' പദ്ധതി നടപ്പിലാക്കി വരികയാണ്. ഓരോ ജില്ലയിലും കലാമേഖലയില്‍ നിന്നും കായികമേഖലയില്‍ നിന്നുമുള്ള 5 പേര്‍ക്കു വീതമാണ് ഇതിന്റെ സഹായം ലഭിക്കുക. ഇതിനുപുറമെ കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ശുഭയാത്ര, ആശ്വാസം, ഹസ്തദാനം തുടങ്ങിയ പദ്ധതികളുമുണ്ട്.

ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പതിപ്പിക്കുന്ന ശ്രദ്ധ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ കൂടുതല്‍ വ്യക്തമാണ്. ബാരിയര്‍ ഫ്രീ കേരള പദ്ധതിക്കായി 8 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 19.5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

ഭിന്നശേഷി ശാക്തീകരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിപുലമായ പദ്ധതികളും പരിപാടികളും സംസ്ഥാനത്ത് നടത്തിവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക സംസ്ഥാന പദ്ധതി വികസന ഫണ്ടിന്റെ 5 ശതമാനം നിര്‍ബന്ധമായും ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കായി നീക്കിവെക്കുന്നുണ്ട്. 4,19,678 ഭിന്നശേഷിക്കാര്‍ക്കാണ് കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ പദ്ധതികളാണ് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് നടത്തിവരുന്നത്.

ശാരീരികക്ഷമതയില്ലായ്മ, ആശയവിനിമയ പ്രശ്നങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ എന്നിവയ്ക്കുപരിയായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഗതാഗതം എന്നീ മേഖലകളിലെല്ലാം ഭിന്നശേഷിക്കാര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി നടത്തുന്ന ഇടപെടലുകള്‍ ഒരേ സമയം സമഗ്രവും വിശാലവുമാക്കി മാറ്റാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഭിന്നശേഷി പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, പുനരധിവാസ പ്രക്രിയകള്‍ തുടങ്ങിയവ ശക്തമാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

കൂടുതല്‍ സ്പെഷ്യല്‍ അങ്കണവാടികള്‍, ബഡ്സ് സ്‌കൂളുകള്‍, മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ ആവശ്യകത ഗൗരവമായി പരിശോധിക്കും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് സമഗ്രവിദ്യാഭ്യാസത്തിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനും ആലോചനയുണ്ട്.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില പുതിയ പദ്ധതികള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'പ്രചോദനം' പദ്ധതി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ ശാക്തീകരണത്തിനായി ബ്ലോക്ക് തലത്തില്‍ തൊഴില്‍ പരിശീലനവും നൈപുണ്യ വികസനവും നല്‍കുന്നതിനായാണ് പ്രചോദനം പദ്ധതി നടപ്പാക്കുന്നത്.

18 വയസ്സു കഴിഞ്ഞ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ തൊഴില്‍നൈപുണ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആദ്യമായി എല്ലാ ജില്ലയിലും രണ്ടുവീതം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കും. കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ സ്വയംസഹായ സംഘങ്ങള്‍, ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക ഔട്ട്ലെറ്റുകള്‍ എന്നിവയും ഇതിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കും. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഈ പദ്ധതിയ്ക്കായി തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി നേടുന്നതിനു കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 'സഹജീവനം' സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാകും സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുക.

ഭിന്നശേഷിക്കാര്‍ക്കായി ഒരു സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കാന്‍ ആലോചനയുണ്ട്. അത് ഭിന്നശേഷിക്കാരുടെ കായിക മികവുകള്‍ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏറെ സഹായകരമാകും.

സമകാലിക ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ കാലികപ്രസക്തമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് സംസ്ഥാന ഭിന്നശേഷി നയം, സംസ്ഥാന വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം നിലവിലുള്ള കാര്യം നിങ്ങള്‍ക്കറിയാം. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2016 ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പുകളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 4,500 ഓളം ആയിരിക്കുന്നു. അവയില്‍ത്തന്നെ ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളും ഉണ്ട്. ഭിന്നശേഷിക്കാരിയായ ശ്രീമതി രമ്യരാജ് നേതൃത്വം നല്‍കുന്ന 'ഡാഡ്' എന്ന സ്റ്റാര്‍ട്ടപ്പ് ഇതിനോടകം തന്നെ പ്രശസ്തിയിലേക്കുയര്‍ന്നിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലാണ് ഈ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം തന്നെ സംരംഭക മേഖലയിലേക്ക് ഭിന്നശേഷിക്കാര്‍ക്കു കടന്നു വരുന്നതിനുള്ള പ്രചോദനം ആയി മാറണം.

ഒരു കാര്യം പ്രത്യേകമായി ഓര്‍മ്മിപ്പിക്കട്ടെ. ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടേണ്ടവരല്ല നിങ്ങള്‍. ഭിന്നശേഷി ജീവിതവിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞന്‍ ബീഥോവന് കേള്‍വിക്കുറവുണ്ടായിരുന്നു. എഴുത്തുകാരി ഹെലന്‍ കെല്ലര്‍ കാഴ്ചാവെല്ലുവിളി നേരിട്ടിരുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് വീല്‍ചെയറിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത്. മഹാകവി വള്ളത്തോളിന് ബാധിര്യം പ്രശ്നമായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ലോകചരിത്രത്തിലുണ്ട്. എന്നാല്‍, ഇവര്‍ക്കൊക്കെയുണ്ടായിരുന്ന പ്രതിഭ പ്രകാശിതമാവുന്നതിന് ഒന്നും തടസ്സമായില്ല.

CM Pinarayi | ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ 'സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി' ആരംഭിച്ചു, 'അനുയാത്ര' പദ്ധതി വഴി സുസ്ഥിര പുനരധിവാസ സേവനം ലഭ്യമാക്കി, 'സമഗ്ര' പദ്ധതിവഴി തൊഴില്‍ പരിശീലനം നല്‍കുന്നു; ഭിന്നശേഷിയുള്ളവരെക്കൂടി സവിശേഷമായി കണ്ട് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ചാണ് ലോകത്തിലെ മികച്ച പര്‍വതാരോഹകരില്‍ ഒരാളായിത്തീര്‍ന്നത്. എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ നിരവധി കൊടുമുടികള്‍ അവര്‍ കീഴടക്കി. 2014-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാള്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍ വിജയത്തിലേക്ക് നയിച്ച ശേഖര്‍ നായിക് തുടങ്ങിയവരും പ്രതിസന്ധികളില്‍ തളരാതെ പോരാടിയവരാണ്. കേരളത്തില്‍ തന്നെ വൈക്കം വിജയലക്ഷ്മിയെയും ഗിന്നസ് പക്രുവിനെയും പോലെയുള്ള എത്രയോ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

ഇവരുടെയാകെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിശ്ചയിക്കാം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് നവകേരളം ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍.ഡി എഫ് സര്‍ക്കാര്‍. നമ്മള്‍ കൂട്ടായി സൃഷ്ടിക്കുന്ന നവകേരളത്തിന്റെ നിര്‍മ്മിതിക്കു സഹായകമായ ചിന്തകളും നിര്‍ദ്ദേശങ്ങളും നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഈ യോഗം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Differently Abled People, Thiruvanathapuram News, Kerala News, Mainstream, Society, Chief Minister, Pinarayi Vijayan, CM, Nava Kerala Sadas, Meeting, Differently abled people into the mainstream of the society, says Chief Minister Pinarayi Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia