MV Jayarajan | ഇപി ജയരാജന്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് എംവി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) 1995 ഏപ്രില്‍ 12ന് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് ചണ്ഡീഗഡില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് രാജധാനി എക്‌സ്പ്രസില്‍വെച്ച് ഇ പി ജയരാജന് വെടിയേറ്റത്. വെടിവെച്ചത് കെ സുധാകരന്‍ നല്‍കിയ തോക്ക് ഉപയോഗിച്ചാണെന്ന് മുഖ്യപ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരന്‍ അന്ന് പ്രതിയായത്. ചെലവുകള്‍ക്കായി 10000 രൂപയും നല്‍കിയിരുന്നു.

വെടിവെച്ചതിനുശേഷം രക്ഷപ്പെടുന്നതിനിടയില്‍ തമിഴ്‌നാട്ടില്‍വെച്ച് മണിക്കൂറുകള്‍ക്കകമാണ് മുഖ്യപ്രതി ദിനേശനെ പിടിച്ചത്. മൊഴി രേഖപ്പെടുത്തിയത് റെയില്‍വേ പൊലീസും തുടര്‍ന്ന് സുധാകരനടക്കമുള്ളവരെ പ്രതികളാക്കി എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത് ആന്ധ്രയിലെ ചിറാല പൊലീസുമാണ്. ഈ കേസില്‍ ആന്ധ്ര ഹൈകോടതിയില്‍ പ്രതി സുധാകരന്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. ആറുമാസം ആന്ധ്ര വിട്ടുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. പ്രസ്തുത കേസില്‍ കുറ്റകൃത്യം നേരിട്ട് നടത്തിയ രണ്ട് പ്രതികളിലൊരാള്‍ പിന്നീട് മരണപ്പെടുകയുണ്ടായി. മറ്റൊരാളെ കോടതി ശിക്ഷിച്ചു.

1997ല്‍ കേരളത്തിലെ തമ്പാനൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസാവട്ടെ കൂടുതല്‍ തെളിവുകളും വസ്തുതകളും അടിസ്ഥാനമാക്കിയുള്ള ഗൂഢാലോചന കുറ്റം ചുമത്തിക്കൊണ്ടുള്ള കേസായിരുന്നു. അതിന്‍മേലുള്ള ഹൈകോടതി വിധിയാണ് ഇപ്പോള്‍ വന്നത്.

കേസിന്റെ മെറിറ്റിലേക്കൊന്നും കോടതി കടന്നിട്ടില്ല. മാത്രമല്ല, മികച്ച അന്വേഷണത്തിലൂടെ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് വിധിയില്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അതിന് ആന്ധ്രയില്‍ തുടരന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പറയുന്നു. ഒരു സംഭവത്തില്‍ രണ്ട് എഫ്‌ഐആര്‍ പാടില്ലെന്ന തികച്ചും സാങ്കേതികമായ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മാത്രമാണ് ഇപ്പോഴുണ്ടായ വിധി. അത് ഇപി ജയരാജന് വെടിയേറ്റില്ലെന്നോ ഗൂഢാലോചന നടന്നില്ലെന്നോ വ്യക്തമാക്കുന്ന വിധിയല്ല.

MV Jayarajan | ഇപി ജയരാജന്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് എംവി ജയരാജന്‍

ചെന്നൈയിലും കേരളത്തിലും വിദേശത്തുമായി ദീര്‍ഘകാലം ജയരാജന്‍ ചികിത്സ തേടിയത് വെടിയേറ്റതിന്റെ ഫലമായിട്ടാണ്. ഇപ്പോഴും നീക്കംചെയ്യാന്‍ കഴിയാത്ത വെടിയുണ്ടയുടെ അവശിഷ്ടങ്ങള്‍ കഴുത്തില്‍ വഹിച്ചുകൊണ്ടാണ് ജയരാജന്‍ ജീവിക്കുന്നത്. വസ്തുത ഇതായിരിക്കെ ഇ പി ജയരാജന്‍ വധശ്രമം കെട്ടുകഥയാണെന്ന കെ പി സി സി പ്രസിഡന്റിന്റെ കണ്ടുപിടിത്തം വിചിത്രമാണ്.

തന്നെ ക്രിമിനലായി ബി ജെ പി ചിത്രീകരിക്കുന്നുവെന്ന തമാശയും കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണത്തിലുണ്ട്. ആര്‍ എസ് എസിന്റെ ശാഖയ്ക്ക് സംരക്ഷണം നല്‍കിയ കോണ്‍ഗ്രസുകാരനെ ഒരിക്കലും ക്രിമിനലായി ബി ജെ പി കാണില്ല. അതുകൊണ്ട് തന്നെയാണ് കൂട്ടുകച്ചവടം നടത്തി ഇരുകൂട്ടരും വിലസുന്നതുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

Keywords: News, Kerala, Kannur, Kannur-News, Court Verdict, Court, Congress, Highcourt, Conspiracy, EP Jayarajan, Murder Attempt Case, MV Jayarajan, BJP, RSS, Kannur News, KPCC President, FIR, Court verdict did not say that there was no conspiracy in EP Jayarajan murder attempt case, says MV Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia