Chief Minister | വാര്‍ദ്ധക്യം ഒരു അനിവാര്യതയാണ്, ജീവിതയാത്രയിലെ ഒരു തുരുത്ത്, അതിനെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനോ വേണ്ടെന്നുവെക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: (KVARTHA) വാര്‍ദ്ധക്യം ഒരു അനിവാര്യതയാണ്, ജീവിതയാത്രയിലെ ഒരു തുരുത്താണ് വാര്‍ദ്ധക്യം. അതിനെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനോ വേണ്ടെന്നുവെക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന പൗരന്മാരുമായി തിരുവനന്തപുരത്ത് നടന്ന മുഖാമുഖത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരെ അഭിസംബോധന ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ നാടിന്റെ ഉത്കര്‍ഷത്തിനും വികസനത്തിനും വേണ്ടി ചിലവഴിച്ചവരാണ് അവരെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഭാവികേരളത്തെ സംബന്ധിച്ചും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ പങ്കുവക്കാനും അവര്‍ക്കു കഴിയും.

Chief Minister | വാര്‍ദ്ധക്യം ഒരു അനിവാര്യതയാണ്, ജീവിതയാത്രയിലെ ഒരു തുരുത്ത്, അതിനെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനോ വേണ്ടെന്നുവെക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുതലായുള്ള സംസ്ഥാനമാണ് നമ്മുടേത്. പല വീടുകളിലും പ്രായമായവര്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവരുടെ ക്ഷേമത്തിനുതകുന്ന ഇടപെടലുകള്‍ നാം ഉദ്ദേശിക്കുന്ന കേരള നിര്‍മ്മിതിയില്‍ അനിവാര്യമാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അവ ക്രമീകരിക്കണമെന്നാണ് കരുതുന്നത്. അങ്ങനെ നവകേരളം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ ഭാഗധേയം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതുകൊണ്ടാണ് മുതിര്‍ന്ന പൗരന്മാരുമായി ഇത്തരത്തില്‍ ഒരു മുഖാമുഖം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും. അതുകൊണ്ടുതന്നെ അവരുടെ പരിചരണത്തിനും ക്ഷേമത്തിനും വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ്.

അതുകൊണ്ടാണ് വയോജനങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി എടുക്കുന്നത്. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോവുന്നതും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും മറ്റും നമ്മുടേതു പോലുള്ള ഒരു പുരോഗമന സമൂഹത്തിനു ചേരുന്നതല്ല. അതിനു മുതിരുന്നവരോടു ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം തന്നെ പ്രായമാകുന്നവര്‍ തനിച്ചായി പോകുന്നില്ല എന്നുറപ്പുവരുത്താനും അവര്‍ക്കു ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാനും ഒക്കെ വേണ്ട ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇനിയും കുറെ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ടാകാം.

ഔദ്യോഗിക ജീവിതകാലം മുഴുവന്‍ സേവനത്തിന്റെ പാതയില്‍ ആയിരുന്നല്ലോ, അതുകൊണ്ടിനി സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം സ്വസ്ഥമായി ഒതുങ്ങിക്കൂടാം എന്നു കരുതുകയല്ല, മറിച്ച് പൗരസമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്കുള്ള കടമകള്‍ നിറവേറ്റാന്‍ മുന്നോട്ടുവരികയാണ് ആ കൂട്ടര്‍ ചെയ്യേണ്ടത്. നാടിന്റെ മുന്നോട്ടുള്ള പോക്കില്‍ നിങ്ങളാല്‍ കഴിയുംവിധം സംഭാവന ചെയ്യുന്നതിനും, പ്രതിസന്ധിഘട്ടങ്ങളില്‍ നാടിനൊപ്പം നിലയുറപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും നിങ്ങളില്‍ പലരും തയ്യാറായിട്ടുണ്ട് എന്നതാണ് അനുഭവം.

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ സാമൂഹിക അടുക്കളകള്‍ക്കു സഹായം നല്‍കിയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും നിങ്ങളൊക്കെ നാടിനൊപ്പം നിന്നിട്ടുണ്ട്. പ്രളയദുരിത ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനേഴരക്കോടി രൂപയാണ് പെന്‍ഷന്‍കാര്‍ സംഭാവന ചെയ്തത്. മാതൃകാപരമായ കാര്യങ്ങളാണിവയൊക്കെ.

നമ്മുടെ നാട് പോലെ സാമൂഹിക പുരോഗതി കൈവരിച്ച നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല പെന്‍ഷന്‍ ലഭ്യമാക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍, നിരാശ്രയരായ വനിതകള്‍, ഭിന്നശേഷിക്കാര്‍, 60 കഴിഞ്ഞവര്‍ തുടങ്ങി വിവിധ വിഭാഗക്കാര്‍ക്കു ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാക്കുന്നുണ്ട്. സാമൂഹ്യസുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലും പരിമിതികള്‍ക്കിടയിലും അവയെല്ലാം വിതരണം ചെയ്തുകൊണ്ട് പൊതുവായി ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 57,500 കോടിയോളം രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ 23,000 കോടിയിലേറെ രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തിട്ടുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി ആകെ 55 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്.

ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേര്‍ക്കു മാത്രമാണ് എന്‍ എസ് എ പി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം രൂപ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്. അത് സമയാസമയത്ത് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

ഇത്രയും പേരില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 500 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. ഭിന്നശേഷി പെന്‍ഷനില്‍ 80 ശതമാനത്തിനു മുകളില്‍ പ്രശ്‌നമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവര്‍ക്ക് 300 രൂപയും വിധവ പെന്‍ഷനില്‍ 40 വയസ്സു മുതല്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. ഇവര്‍ക്കെല്ലാം തന്നെ ഓരോ മാസവും ലഭിക്കുന്ന 1,600 രൂപയില്‍ ബാക്കിയുള്ള മുഴുവന്‍ തുകയും ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980 ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് ആദ്യമായി ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്, കര്‍ഷക തൊഴിലാളികള്‍ക്ക്. അന്ന് 2.94 ലക്ഷം കര്‍ഷക തൊഴിലാളികള്‍ക്ക് 45 രൂപ വീതമാണ് പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചത്.

പിന്നീടത് പരിഷ്‌കരിച്ചത് 1987 ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു. 1995 ല്‍ എന്‍ എസ് എ പിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഇരുന്നത് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ കേരളത്തിലെ വയോധികരുടെ കൈകളിലെത്താന്‍ 1996 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടിവന്നു.

ക്ഷേമ പെന്‍ഷനുകളെയും സര്‍വ്വീസ് പെന്‍ഷനുകളെയും ബാധ്യതയായല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. മറിച്ച് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ഉപാധി എന്ന നിലയിലാണ്. സര്‍ക്കാരിന്റെ മനുഷ്യത്വപരമായ ഇടപെടലായാണ്. മനുഷ്യത്വം പ്രധാനമാണെന്ന് കാണുന്ന ആര്‍ക്കും ആ കരുതലിനെ തള്ളിപ്പറയാന്‍ കഴിയില്ല. ആ വിധത്തിലുള്ള കരുതലിന്റെ ഗുണഭോക്താക്കളാണല്ലോ നിങ്ങള്‍ എല്ലാവരും. ഉല്പാദനപരമല്ല എന്ന് ആക്ഷേപിച്ചുകൊണ്ട് ക്ഷേമപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരാണ് ഇന്ന് പെന്‍ഷനുവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വിരോധാഭാസമാണിതെങ്കിലും സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നടത്തിയിട്ടുള്ള എല്ലാ മുന്നേറ്റങ്ങള്‍ക്കും ഉത്തേജനം നല്‍കുകയും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വേണ്ട സഹകരണം ഉറപ്പുവരുത്തുകയും ചെയ്തവരാണ് വയോജനങ്ങള്‍ ഓരോരുത്തരും. സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നുകൊണ്ട് സേവന കാലയളവ് മുഴുവന്‍ നാടിന്റെ പുരോഗതിക്കായി വിനിയോഗിച്ചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതു മാത്രമല്ല ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്.

ഈ കാഴ്ചപ്പാടോടെയാണ് മെഡിസെപ് പദ്ധതിയില്‍ പെന്‍ഷനേഴ്‌സിന് പൂര്‍ണ്ണ അംഗത്വം ഉറപ്പുവരുത്തിയത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷം 3,200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇതിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ വിവിധതരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM About Old Age People, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Old Age People, Face to Face Programme, Pension, Health Protection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia