Chief Minister | പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിന് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി 

 
Chief minister explained the reason behind the death of fish in Periyar, Thiruvananthapuram, News, Periyar, Fish, Dead, Probe, Chief Minister, Assembly, Kerala News


പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ട്


മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: (KVARTHA) പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിന് കാരണം ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്സിജന്റെ അളവ് കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ടിജെ വിനോദിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

20.05.2024-ന് ആണ് പെരിയാറില്‍ ഏലൂര്‍ ഫെറി ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം ശ്രദ്ധയില്‍പെട്ടത്.  തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. 

മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ് ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.  

എന്നാല്‍ പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പെരിയാര്‍ നദിയിലേക്ക് പാഴ് ജലം ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള അഞ്ച് വ്യവസായശാലകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായ ശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നു എന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി.
 

മത്സ്യനാശം സംബന്ധിച്ച് കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസിന്റെ റിപോര്‍ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദമായ റിപോര്‍ട് സമര്‍പ്പിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ട്. മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia