Allegations | ബിജെപി സ്ഥാനാർഥിയുടെ കൂടെ പത്രിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്തയാൾക്കെതിരെ ആരോപണങ്ങൾ; 'മെത്രാനാക്കിയത് തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം, പണം നൽകിയാൽ ആർക്കും പദവി നൽകും'

 

കൊല്ലം:  (KVARTHA) പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിൻ്റെ  പത്രിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്തയാൾ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയെന്ന് ആരോപണം. കടപ്പാക്കട റെയിൽവേ മേൽപാലത്തിന് സമീപം താമസിക്കുന്ന ജയിംസ് ജോർജിനെ മെത്രാനാക്കിയത് തമിഴ്നാട്ടിലെ വെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു തട്ടിപ്പ് സംഘമെന്നാണ് പുറത്തുവരുന്ന വിവരം. നിശ്ചിത തുക നൽകിയാൽ ഇവർ ആരെയും മെത്രാന്മാരാക്കുമെന്നും തമിഴ്നാട്ടിൽ തങ്ങളുടെ കച്ചവടം ക്ലച്ച് പിടിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ കേരളത്തിലേക്ക് ചുവട് മാറ്റിയതെന്നും ആരോപണമുണ്ട്.

Allegations | ബിജെപി സ്ഥാനാർഥിയുടെ കൂടെ പത്രിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്തയാൾക്കെതിരെ ആരോപണങ്ങൾ; 'മെത്രാനാക്കിയത് തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം, പണം നൽകിയാൽ ആർക്കും പദവി നൽകും'

'മെത്രാന്മാരാക്കാൻ വലിയ യോഗ്യതയൊന്നും വെല്ലൂർ സംഘത്തിന് ആവശ്യമില്ല. കൈയ്യിൽ പത്ത് പുത്തനുണ്ടായാൽ മാത്രം മതി. വെല്ലൂർ ആസ്ഥാനമായി ട്രസ്റ്റ് രൂപീകരിച്ചാണ് മെത്രാൻ പദവി കച്ചവടവുമായി സംഘം അരങ്ങ് തകർക്കുന്നത്. മെത്രാൻ സ്ഥാനത്തിന് പുറമെ പാസ്റ്റർ ഓർഡിനേഷനും ഇവർ നല്കാറുണ്ട്', പൊലീസ് വൃത്തങ്ങൾ പറയുന്നു. മെത്രാൻ വേഷത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയെന്ന കേസിൽ ജയിംസ് ജോർജിനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മെത്രാൻ സ്ഥാന കച്ചവട സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

പൊലീസ് വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ: 'കുറച്ച് പണം മുടക്കിയാൽ മെത്രാനാകാമെന്ന് കേട്ടറിഞ്ഞതോടെ ജയിംസ് വെല്ലൂർ സംഘത്തിന്റെ കേരളത്തിലെ ഇവരുടെ പ്രധാന ഏജൻ്റായ കാട്ടാക്കട സ്വദേശിയെ സമീപിച്ചു. പണം നല്കിയാൽ ഏത് പേരിലും മെത്രാനാക്കാമെന്ന് ഇയാൾ അറിയിച്ചതോടെ ജയിംസ് ഇവർ ആവശ്യപ്പെട്ട പണവും നല്കി. മെത്രാനെ വാഴിക്കുന്ന ദിവസവും നിശ്ചയിച്ചു. ഇതിന് മുന്നോടിയായി ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഭാരതീയ ഓർത്തഡോക്സ് എന്ന പേരിൽ പുതിയ സഭയും രൂപീകരിച്ചു. ഓർത്തഡോക്സ് സഭയിലെ മെത്രാന്മാർ ഉപയോഗിക്കുന്ന പേരിനോട് സാമ്യം തോന്നിക്കുന്നതിനായി യാക്കോബ് മാർ ഗീഗ്രോറിയോസ് എന്നൊരു പേരുമിട്ടു.

തൻ്റെ മെത്രാൻ സ്ഥാനാരോഹണം കൊഴിപ്പിക്കുന്നതിനായി നാടൊട്ടുക്ക് ഫ്ലക്സ് ബോർഡുകൾ ജയിംസ് ജോർജ് സ്ഥാപിച്ചതോടെ അപകടം മണത്ത ഇന്ത്യൻ ഓർത്തഡോക്സ് സഭ കോടതിയെ സമീപിച്ച് സ്ഥാനാരോഹണത്തിന് സ്റ്റേ വാങ്ങാൻ നീക്കവും തുടങ്ങി. വിവരം എങ്ങനെയോ ചോർന്ന് കിട്ടിയ ജയിംസ് ജോർജ് മുൻകൂട്ടി നിശ്ചയിച്ച ചടങ്ങ് തലേ ദിവസത്തേക്ക് മാറ്റി. തമിഴ്നാട്ടിൽ നിന്നും മെത്രാൻ വേഷത്തിൽ ചില തട്ടിപ്പുകാരെത്തി ഇയാളെ മെത്രാനാക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി ആളുകളെ ഇറക്കിയത് ലക്ഷങ്ങൾ ചെലവഴിച്ചായിരുന്നു. മെത്രാനാകാൻ മുടക്കിയ പണം തിരിച്ചു പിടിക്കാനായി പിന്നീടുള്ള ജയിംസിൻ്റെ ശ്രമങ്ങൾ. ഇതിനായി ഇയാൾ പലരെയും പുരോഹിതരും മെത്രന്മാരുമാക്കി.

ഇതിനിടയിലാണ് ജയിംസ് ജോർജ് പൊലീസ് പിടിയിലാകുന്നത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മെത്രാൻ പദവി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ വിവരം പത്രങ്ങളിൽ വാർത്തയായി. ഇതോടെ തങ്ങൾ കുടങ്ങുമെന്ന് മനസിലാക്കിയ സംഘം തമിഴ്നാട്ടിലേക്ക് മുങ്ങി. ഏറെ വർഷങ്ങൾക്ക് ശേഷം 2022 സെപ്റ്റംബറിൽ ഇടുക്കിയിലെ തൊടുപുഴയിലായിരുന്നു പിന്നീട് പൊങ്ങിയത്. കോട്ടയം- ഇടുക്കി പാസ്റ്റേഴ്സ് മീറ്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചായിരുന്നു വീണ്ടും പ്രത്യക്ഷപ്പെട്ടത്'.

പരിപാടിയിൽ എത്തുന്നവർക്കിടയിൽ വിശ്വാസത നേടാനായി ഡീൻ കുര്യാക്കോസ് എം.പി, പി.ജെ ജോസഫ് എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ,തൊടുപുഴ ഡിവൈഎസ്പിയായിരുന്ന മധു ബാബു എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചു. ഇവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തി നോട്ടീസ് പുറത്തിറക്കിയെങ്കിലും ജന പ്രതിനിധികളാരും പങ്കെടുത്തില്ല. പരിപാടി സംഘടിപ്പിക്കുന്നത് തട്ടിപ്പ് സംഘമാണെന്ന് മനസിലാക്കിയാണ് ഇവർ വിട്ടു നിന്നത്.  മുഖ്യ അതിഥിയായി പങ്കെടുത്ത ഡിവൈഎസ്പി മധു ബാബുവാകട്ടെ പുലിവാലും പിടിച്ചു.

Keywords: News, Malayalam News, Kerala, Election, Allegations , Kollam, Crime, Krishna kumar, Allegations against person who participated in nomination submission with BJP candidate 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia