Heavy Rain |  സംസ്ഥാനത്ത് മഴ വീണ്ടും കനത്തു: എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, പലയിടത്തും ഗതാഗത കുരുക്ക്, വള്ളം മുങ്ങി ഒരാളെ കാണാതായി

 
Heavy rains affect normal life in Kerala, several areas flooded, Thiruvananthapuram, nEWS, Heavy Rain, Flood, Missing, Injury, Traffic Block, Kerala News


പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി

ഏക്കറുകണക്കിന് കൃഷയിടങ്ങളില്‍ വെള്ളം കയറി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
 

കളമശ്ശേരിയില്‍ മേഘവിസ്‌ഫോടനം
 

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതല്‍ ശക്തമായ മഴയാണ് വിവിധ മേഖലകളില്‍ ലഭിക്കുന്നത്. നഗരത്തിലെ സര്‍വീസ് റോഡുകള്‍ പലതും വെള്ളത്തിലായി. കളമശ്ശേരി, കാക്കനാട് മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. 

 

ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഫോര്‍ട് കൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.

 

പൂവച്ചല്‍ പഞ്ചായത്തിലെ ആനാകോട് ഏലയിലും വെള്ളം കയറി. നെയ്യാര്‍ കനാലും നിറഞ്ഞെഴുകുകയാണ്. ആനകോട് ഏലയില്‍ നിന്നും പൂവച്ചല്‍ വരെ മൂന്നര കിലോമീറ്ററിനുള്ളില്‍ ഏക്കറുകണക്കിന് കൃഷയിടങ്ങളില്‍ വെള്ളം കയറി. ഉദിയന്നൂര്‍ തോട്, പച്ചക്കാട് എന്നിവിടങ്ങളില്‍ തോട് കരവിഞ്ഞു. അരുവിക്കര സര്‍കാര്‍ ആശുത്രിയുടെ മതില്‍ തകര്‍ന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് വരുന്നതുവരെ നിരോധനം തുടരും.

വെഞ്ഞാറമൂട് തേമ്പാമൂട് പുല്ലമ്പാറയില്‍ വ്യാപക നാശനഷ്ടം, പല വീടുകളിലും വെള്ളം കയറി. നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചിറയിന്‍കീഴ് പാലവിള ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞ് വീണു. സ്‌കൂള്‍ തുറന്നിട്ടാല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

മഴ ശക്തമായതിനാല്‍ പാപനാശം ബലിമണ്ഡപത്തില്‍ ബലിതര്‍പ്പണം തുടരുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് താത്ക്കാലികമായി തര്‍പ്പണം നിര്‍ത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും തര്‍പ്പണം തുടരുകയാണ്. ദേവസ്വം ബോര്‍ഡ് എക്സിക്യൂടിവ് ഓഫീസറുടെ നിര്‍ദേശമുണ്ടായാല്‍ മാത്രമേ ബലിതര്‍പ്പണ ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കഴിയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

കോട്ടയത്ത് തിങ്കളാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഓട വൃത്തിയാക്കാതിരുന്നതിനെ തുടര്‍ന്ന് വൈക്കത്തെ കടകളില്‍ വെള്ളം കയറി. മഴ ശക്തായതോടെ വൈക്കം തവണക്കാവ് ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തി. വൈക്കം ജെട്ടിയില്‍ തവണ കടവിലേക്ക് പോകാന്‍ പുറപ്പെട്ട ബോട്ട് കാറ്റില്‍പ്പെട്ട് തിരിക്കാനാവതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ തിരിച്ചടിപ്പിച്ചു. ബോട്ട് സര്‍വീസുകള്‍ക്ക് മുടക്കമില്ല.

അതേസമയം കളമശേരിയിലെ കനത്ത മഴയ്ക്ക് പിന്നില്‍ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രൊഫസര്‍ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കാക്കനാട് ഇന്‍ഫോപാര്‍കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

എന്താണ് മേഘവിസ്‌ഫോടനം?

കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. മേഘ വിസ്‌ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങള്‍ കൊണ്ട് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമെന്ന് പറയാം.

 

മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. ഈര്‍പ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. 

എന്നാല്‍ കുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ രൂപപ്പെട്ട് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവര്‍ഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.

ഇത്തരത്തില്‍ ഉണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളില്‍, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും.

 

അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതു കാരണം ഈര്‍പ്പം മഞ്ഞുകണങ്ങളായി മാറുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia