Hearing Regained | 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ഹുസൈന് കേൾവി ശക്തി തിരിച്ചുകിട്ടി; ആദ്യം കേട്ട വാക്ക് ഇങ്ങനെ! തുണയായത് ഭാര്യയുടെ ഇച്ഛാശക്തി

 

അബൂദാബി: (KVARTHA) ഭാര്യയുടെ ഇച്ഛാശക്തിയും യുഎഇയിലെ മെഡികൽ വൈദഗ്ധ്യവും തുണയായപ്പോൾ രണ്ടു വയസിൽ നഷ്ടപ്പെട്ട കേൾവിശക്തി 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ഹുസൈന് തിരിച്ചുകിട്ടി. ആശുപത്രിയിലെ ജോലിയുടെ ഭാഗമായി കോക്ലിയർ ഇംപ്ലാന്റുകളുടെ സാധ്യതയെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് ഭാര്യ തസ്‌ലിബാനുവിന് ലഭിച്ച വിവരങ്ങളും നിരന്തര പരിശ്രമങ്ങളുമാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്.

Hearing Regained | 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ഹുസൈന് കേൾവി ശക്തി തിരിച്ചുകിട്ടി; ആദ്യം കേട്ട വാക്ക് ഇങ്ങനെ! തുണയായത് ഭാര്യയുടെ ഇച്ഛാശക്തി

 ഒട്ടോളാറിംഗോളജി സ്പെഷ്യലിസ്റ്റ് ഡോ. സീമ പുന്നൂസാണ് തസ്‌ലിയുടെ യാത്രയിൽ പിന്തുണയായത്. ഭർത്താവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു വർഷങ്ങളായുള്ള തസ്‌ലിയുടെ പരിശ്രമങ്ങൾക്ക് പിന്നിൽ. പതിനേഴാം വയസിൽ മുഹമ്മദ്‌ നേരിട്ട ഗുരുതരമായ ഒരപകടത്തെപ്പറ്റി അദ്ദേഹത്തിന്റെ പെങ്ങൾ പറഞ്ഞത് തസ്‌ലിബാനുവിന്റെ ഓർമയിലെന്നും ഭയമായി അവശേഷിച്ചിരുന്നു. അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ചികിത്സ മാർഗങ്ങൾ തേടാനുള്ള പ്രേരണ.

കേൾവി തടസങ്ങൾ ഉണ്ടായിട്ടും തയ്യൽക്കാരനായും അലക്ക് ജോലിയിൽ സഹായിയായും പ്രവർത്തിക്കുകയായിരുന്നു മുഹമ്മദ് ഹുസൈൻ. കോവിഡ് മഹാമാരിക്കാലത്ത് ഹുസൈന് തൊഴിൽ നഷ്ടമായതോടെ അബൂദബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ സിഎസ്എസ്ഡി മാനേജറായ തസ്‌ലിബാനുവായി കുടുംബത്തിന്റെ അത്താണി. ഇതിനിടയിലും ഭർത്താവിന് കേൾവി ശക്തി ലഭ്യമാക്കണമെന്ന ആഗ്രഹം അവർക്കുണ്ടായിരുന്നു.

Hearing Regained | 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദ് ഹുസൈന് കേൾവി ശക്തി തിരിച്ചുകിട്ടി; ആദ്യം കേട്ട വാക്ക് ഇങ്ങനെ! തുണയായത് ഭാര്യയുടെ ഇച്ഛാശക്തി

തീരെ ചെറുപ്പത്തിൽ കേൾവി ശക്തി നഷ്ടമായയാൾക്ക് അര നൂറ്റാണ്ടിനു ശേഷം കോക്ലിയർ ഇംപ്ലാന്റ് ചെയ്യുമ്പോൾ വെല്ലുവിളികളും പരിമിതികളും ഏറെയാണ്. ഇക്കാര്യം കുടുംബത്തെ ധരിപ്പിച്ച ഡോ. സീമ ക്ലിനിക്കൽ ഓഡിയോളജിസ്റ്റ് ഡോ. കിംലിൻ ജോർജിന്റെ പരിശോധനക്കായി മുഹമ്മദിനെ റഫർ ചെയ്തു. പിന്നീട് നടന്ന പരിശോധനയിൽ, രണ്ട് ചെവികളിലും കാര്യമായ കേൾവിക്കുറവ് കണ്ടെത്തി. സിടി, എംആർഐ സ്കാനുകളിൽ ഇരു ചെവികളിലും അസ്ഥി നിക്ഷേപം ഉള്ളതായി സ്ഥിരീകരിച്ചു. ഇതൊരു പ്രധാന വെല്ലുവിളിയായി.
 
ചെവിയിലെ രക്തക്കുഴലുകളോടും ആന്തരികഭാഗങ്ങളോടും ചേർന്ന് ഡ്രിൽ ചെയ്യേണ്ട ഇമ്പ്ലാന്റിന് സങ്കീർണതകൾ ഏറെ. ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ അറിഞ്ഞിട്ടും ശസ്തക്രിയയുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചു. ബുർജീൽ ഹോസ്പിറ്റലിലെ കോക്ലിയർ ഇംപ്ലാന്റ് സർജനും ഇഎൻടി കൺസൾട്ടന്റുമായ ഡോ. അഹ്‌മദ് അൽ അമാദിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ മെഡിക്കൽ സംഘം അതി വിദഗ്ദമായി മുഹമ്മദിന്റെ കോക്ലിയയിൽ ഇംപ്ലാന്റുകൾ സ്ഥാപിച്ചു. ഡ്രില്ലിംഗിന്റെ ആഴം മുൻകൂട്ടി തിട്ടപ്പെടുത്താൻ ആകാത്തതടക്കമുള്ള വെല്ലുവിളികൾ മറികടക്കാൻ ഡോക്ടർമാർക്കായി.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമായിരുന്നു അര നൂറ്റാണ്ടിന് ശേഷമുള്ള മുഹമ്മദിന്റെ ജീവിതത്തിലെ ആ അപൂർവ ദിനം. കോക്ലിയർ ഇംപ്ലാന്റ് പ്രവർത്തനക്ഷമമാക്കുന്നതിനായി ഡോ. കിംലിനെ കാണാനെത്തിയ മുഹമ്മദിനുള്ള സർപ്രൈസ് നിശ്ചയിച്ചത് ഡോ. കിംലിൻ. കേൾവി മധുരം തിരിച്ചു തരാൻ കാരണമായ പ്രിയതമയുടെ ശബ്ദം മുഹമ്മദ് ആദ്യമായി കേൾക്കുന്നതിന് ഡോക്ടർ വഴിയൊരുക്കി. ഇതിന് സാക്ഷിയാകാൻ മെഡിക്കൽ സംഘങ്ങളെല്ലാം ക്ലിനിക്കിൽ എത്തി.

മുഹമ്മദിന്റെ പിന്നിൽ ചെന്ന് നിന്ന് എന്തെങ്കിലും പറയാനായിരുന്നു ഡോ. കിംലിൻ തസ്‌ലിയോട് പറഞ്ഞത്. തസ്‌ലിക്കത് അപൂർവ നിമിഷമായിരുന്നു. 'എന്ത് പറയുമെന്ന് ആദ്യം ആലോചിച്ചെങ്കിലും എന്റെ പേരുതന്നെയാകട്ടെ ആദ്യ ശബ്ദമെന്ന് കരുതി. 'ബാനു' എന്നാണ് പറഞ്ഞത്'. ആദ്യ ശബ്ദം കേട്ട മുഹമ്മദ്‌ അത് ആവർത്തിച്ചു, ബാനു. കയ്യടികളുമായി കൂടിനിന്നവരും. മുഹമ്മദിനിപ്പോൾ ചെവിയുടെ ഇരുവശത്തു കൂടിയും കേൾക്കാൻ സാധിക്കുന്നുണ്ട്.

ഇംപ്ലാന്റ് വിജയിച്ചെങ്കിലും കേൾവിയിലെ പുരോഗതി നീണ്ട പ്രക്രിയയാണെന്ന് ഡോ. സീമ പറയുന്നു. ഡോക്ടർമാർ നൽകുന്ന ഓഡിറ്ററി പരിശീലന വ്യായാമങ്ങൾ പരിശീലിക്കുകയാണ് മുഹമ്മദ്. ഇത് തുടർ യാത്രയിൽ ഏറെ സഹായകരമാകും. കേൾവിയിലേക്കുള്ള യാത്രയിലുടനീളം ലഭിച്ച പിന്തുണക്ക് അല്ലാഹുവിനോടും മെഡികൽ സംഘത്തോടും നന്ദി പറയുകയാണ് തസ്‌ലിയും മുഹമ്മദും.

Keywords: News, Malayalam News, Hearing Regained, UAE News, Abu Dhabi, Muhammad Hussain,  hearing power, After 50 years, Muhammad Hussain regained his hearing power

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia