Robbery | ആന്തൂരില്‍ വീട് കുത്തി തുറന്ന് കവര്‍ച നടത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 
Gold stolen from locked house, Kannur, News, House Robbery, Gold, Cash, Police, Probe, Kerala News

*കവര്‍ച നടന്നത് ശശിധരന്റെ വീട്ടില്‍


*മോഷ്ടാവ് അകത്ത് കടന്നത് ഇരുനില വീടിന്റെ ടെറസ് വഴി
 

കണ്ണൂര്‍: (KVARTHA) ആന്തൂരില്‍ വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച നടന്നതായി പരാതി. ധര്‍മ്മശാല-അഞ്ചാംപീടിക റൂട്ടില്‍ അഞ്ചാംപീടിക ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നില്‍ ശശിധരന്റെ വീട് കുത്തിത്തുറന്ന് പത്തര പവന്റെ ആഭരണങ്ങള്‍ കവര്‍ച ചെയ്തു എന്നാണ് പരാതി. 

ശശിധരനും ഭാര്യ പ്രീതയും മകന്‍ അമലുമാണ് വീട്ടില്‍ താമസം. വിവാഹിതയായ മകള്‍ അമൃത കുഞ്ഞിമംഗലത്തെ ഭര്‍തൃവീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയി. ഞായറാഴ്ച രാത്രി 10.30ഓടെയാണ് തിരിച്ചെത്തിയത്. 

വിളക്കുവെക്കുന്ന സ്ഥലത്ത് വാതില്‍ തുറന്നപ്പോള്‍ തന്നെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കാണപ്പെട്ടു. അതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും ശശിധരന്റെ സഹോദരനായ ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ മോഹനനെ വിവരം അറിയിക്കുകയും ചെയ്തു. മോഹനനെത്തി പൊലീസില്‍ വിവരം അറിയിച്ചു. തളിപ്പറമ്പ് അഡീ. എസ് ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രാത്രി 11.30 ഓടെ എത്തിയ പൊലീസിന്റെ പരിശോധനയില്‍ വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്നതായും അലമാരകള്‍ കുത്തിത്തുറന്ന് മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ടതായും കണ്ടെത്തി. 

മൂന്ന് സ്റ്റീല്‍ അലമാരകളില്‍ നടുക്കുള്ള അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിളക്ക് കത്തിക്കുന്നതിന് അടുത്ത് തന്നെ ചെറിയൊരു ഭണ്ഡാരം സൂക്ഷിച്ചിരുന്നു. അത് കുത്തിത്തുറന്ന് അതിലുള്ള പണവും കവര്‍ന്നു. 

ഇരുനില വീടിന്റെ ടെറസ് വഴിയാണ് കവര്‍ചക്കാര്‍ വീടിന് അകത്ത് കയറിയത്. ടെറസില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള വാതിലിന്റെ ടവര്‍ ബോള്‍ട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു. മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിലുണ്ടായിരുന്നു. കാര്‍പോര്‍ചില്‍ ലൈറ്റുമിട്ട് വച്ചിരുന്നു. ഇത് വീട്ടില്‍ ആരുമില്ലെന്ന് കവര്‍ചക്കാര്‍ക്ക് ഉറപ്പിക്കാന്‍ വഴിയൊരുക്കിയെന്നാണ് പൊലീസ് കരുതുന്നത്. 

ശശിധരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിവൈ എസ് പി: പി പ്രമോദ്, സി ഐ ബെന്നിലാല്‍ എന്നിവരും വിരലടയാള വിദഗ്ധരും പരിശോധനക്ക് എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും അന്വേഷണത്തിനെത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia