CPM | ബംഗാളിൽ കനൽ ഒരു തരിയെങ്കിലും ആളിക്കത്തിക്കാൻ സിപിഎം; കോൺഗ്രസ് പിൻതുണയാൽ തിരിച്ചുവരവിന് ഒരുങ്ങുന്നു


/ ഭാമനാവത്ത്
കൊൽക്കത്ത: (KVARTHA) മമതാ ബാനർജിയുടെ തേരോട്ടത്തിൽ കനൽ അണഞ്ഞു പോയ സി.പി.എം പശ്ചിമ ബംഗാളിൽ തിരിച്ചുവരവിനായി വിയർപ്പൊഴുക്കുന്നു. കനൽ ഒരു തരിയെങ്കിലും ബാക്കി നിർത്തിക്കൊണ്ടു ഇത്തവണ ബംഗാളിൽ അക്കൗണ്ട് തുറക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് പാർട്ടി നേതൃത്വം. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പോളിംഗ് ജൂൺ ഒന്നിന് നടക്കുമ്പോൾ പാർട്ടി ഏറെ പ്രതീക്ഷയിലാണ്. ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ചില മണ്ഡലങ്ങളിലെങ്കിലും ഭീഷണിയായി മാറാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് മടങ്ങിവരാന്‍ പരിശ്രമിക്കുന്ന സി.പി.എം മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നേട്ടം കൊയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കാന്‍ കഠിനശ്രമം നടത്തുകയാണ് പാർട്ടി സംഘടനയൊന്നാകെ.
സിപഎമ്മിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ആരുടെ വോട്ട് ചോര്‍ത്തുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞാലെ അറിയാന്‍ കഴിയൂ.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 42ല്‍ 22 മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. 18 സീറ്റുകളില്‍ വിജയിച്ച് ബിജെപി ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടു തങ്ങളുടെ സാന്നിധ്യമറിച്ചു. സി.പി.എം പിൻതുണയോടെ കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ കോൺഗ്രസ് പിന്തുണച്ചിട്ടും സിപിഎമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
2019ല്‍ ബിജെപിയുടെ മുന്നേറ്റത്തോടെ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുകയും മുസ്‌ലിം സമുദായം തൃണമൂലിന് കീഴില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്തതുമാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരത്തെ സിപിഎമ്മിന് വോട്ട് ചെയ്ത വിഭാഗങ്ങളില്‍ ചിലര്‍ക്ക് ഇപ്പോള്‍ സിപിഎമ്മിന് അനുകൂലമായി പുനര്‍ചിന്തനം ഉണ്ടാവുന്നുവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ നടത്തുന്നത്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയ ഒന്‍പത് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ സിപിഎം ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഡം ഡം മണ്ഡലത്തില്‍ സുജന്‍ ചക്രബര്‍ത്തി, ജാദവ്പൂര്‍ മണ്ഡലത്തില്‍ ശ്രീജന്‍ ഭട്ടാചാര്യ എന്നിവരാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍. ദേശീയ പാർട്ടി സ്ഥാനം നിലനിർത്തണമെങ്കിൽ ബംഗാളിൽ അഞ്ചു സീറ്റുകളെങ്കിലും നേടേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. കോൺഗ്രസ് പിൻതുണയാൽ ഇതു സാധ്യമാവുമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ പ്രതീക്ഷ.