NDA Govt | ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഇനി ബിജെപിക്ക് നടപ്പാക്കാനാവുമോ?

 
NDA Govt

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് വർഷങ്ങളായി ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യമാണ്

ന്യൂഡെൽഹി:  (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ ബിജെപിക്ക് തങ്ങളുടെ ലക്ഷ്യങ്ങളായ ഏക സിവിൽ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഇനി നടപ്പാക്കാനാവുമോ എന്ന ചോദ്യം ഉയരുന്നു. ജൂൺ നാലിന് പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. 2014ൽ 282 സീറ്റുകളും 2019ൽ 303 സീറ്റുകളും തനിച്ച് നേടിയ ബിജെപിക്ക് ഇത്തവണ കൂട്ടുകക്ഷി സർക്കാരിനെ നയിക്കേണ്ട സാഹചര്യമാണുള്ളത്.

രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവ നടപ്പാക്കുകയെന്നതാണ് ബിജെപിയുടെ പ്രധാന അജണ്ട. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് വർഷങ്ങളായി ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യമാണ്. യുസിസിയെ എതിർക്കുന്നവരിൽ രാഷ്ട്രീയ പാർട്ടികൾ, ഗോത്ര വിഭാഗങ്ങൾ തുടങ്ങിയവരൊക്കെയുണ്ട്.

കഴിഞ്ഞ വർഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിൻ്റെ പാർട്ടി ജെഡിയുവും യുസിസിയെ പരസ്യമായി എതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിതീഷും ജെഡിയുവും ഇപ്പോൾ എൻഡിഎയുടെ പ്രധാനപ്പെട്ട ഭാഗമാണ്. ആന്ധ്രാപ്രദേശിലെ ചന്ദ്ര ബാബു നായിഡുവും ബിഹാറിലെ നിതീഷ് കുമാറും നിശ്ചയിക്കുന്ന അജണ്ടയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ പ്രവർത്തിക്കുകയെന്നാണ് രാഷ്‌ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇത്തവണ ഏതെങ്കിലും 'വിവാദ' അജണ്ടകൾ നടപ്പിലാക്കാൻ ബിജെപി പാടുപെടുമെന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാര്യയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബറിൽ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി ഇക്കഴിഞ്ഞ മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താൻ ഇതിൽ നിർദേശിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ഈ നിർദേശത്തിന് എതിരാണ്.

ആന്ധ്രാപ്രദേശോ ബീഹാറോ പോലുള്ള സംസ്ഥാനങ്ങൾ അവരുടെ നിയമസഭ പിരിച്ചുവിട്ട് 2029-ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്താൻ സമ്മതിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്ന ആശയം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ സ്വയംഭരണത്തിന് എതിരാണെന്നാണ് ഇവരുടെ വാദം. 

കൂടാതെ സുപ്രധാന വിഷയങ്ങളിൽ, ഭരണഘടനാ ഭേദഗതികൾക്കും ഇംപീച്ച്‌മെൻ്റ് പ്രമേയങ്ങൾക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബിജെപിയുടെ നിലവിലെ സാഹചര്യത്തിൽ ഇത് നേടാൻ പ്രയാസമാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം കേവലഭൂരിപക്ഷം ആവശ്യമുള്ള നിയമങ്ങൾ എളുപ്പത്തിൽ പാസാക്കിയെടുക്കാനാവും. എന്നിരുന്നാലും എൻഡിഎയിലെ സഖ്യ കക്ഷികൾ ഒന്നിച്ചില്ലെങ്കിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഏക സിവിൽ കോഡും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും പോലുള്ള വിഷയങ്ങൾ ബിജെപിക്ക് എളുപ്പത്തിൽ നടപ്പാക്കാവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia