Criticized | മലയാളികളെ അന്ധവിശ്വാസികളെന്ന് അപമാനിച്ച ഡികെ ശിവകുമാര്‍ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്


കര്‍ണാടക സര്‍കാരിനെ അട്ടിമറിക്കാനാണ് യാഗം നടത്തിയതെന്നാണ് ശിവകുമാര്‍ പറഞ്ഞത്
മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഭവത്തിന് പിന്നില്‍ ആരാണെന്ന് ശിവകുമാര്‍ വ്യക്തമാക്കിയില്ല
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമവും കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്നു
കണ്ണൂര്‍: (KVARTHA) മലയാളികളെ അന്ധവിശ്വാസികളെന്ന് അപമാനിച്ച ഡികെ ശിവകുമാര്‍ പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കര്‍ണാടക സര്‍കാരിനെ അട്ടിമറിക്കാനാണ് യാഗം നടത്തിയതെന്നാണ് ശിവകുമാര്‍ പറഞ്ഞത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഭവത്തിന് പിന്നില്‍ ആരാണെന്ന് ശിവകുമാര്‍ വ്യക്തമാക്കിയില്ല. ഇത് സംശയാസ്പതമാണ്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസിനകത്ത് അതിശക്തമായ വിഭാഗീയത നിലനില്‍ക്കുകയാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമവും കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്നു. അതില്‍ ഏതെങ്കിലും ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നായിരിക്കും ശിവകുമാര്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ തങ്ങളുടെ കൂടെയുള്ള ആരാണ് പിന്നിലെന്ന് പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കണം.
അതല്ലാതെ എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയല്ല വേണ്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. അദ്ദേഹമറിയാതെ ഇത്തരത്തില്‍ ഒരു ആഭിചാരക്രിയ നടക്കാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ പിന്തുണയോടെയാണോ അല്ലയോ എന്ന് കെ സുധാകരന്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ജില്ലാ ജെനറല്‍ സെക്രടറി ബിജു ഏളക്കുഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.