Arrest | തലശേരിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നുവെന്ന പരാതിയില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
*മോഷണം നടന്നത് പാലയാട് ചിറക്കുനിയില്‍
*എന്‍ കെ മണിയാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് പൊലീസ്
കണ്ണൂര്‍: (KVARTHA) തലശേരിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നുവെന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് ചിറക്കുനിയിലാണ് വീട് കുത്തിത്തുറന്ന് മൂന്ന് പേര്‍ മോഷണം നടത്തിയത്. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ കെ മണി(40), തഞ്ചാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെംഗിപ്പെട്ടിയില്‍ മുത്തു(32), ആര്‍ വിജയന്‍(35) എന്നിവരാണ് അറസ്റ്റിലായത്. എന്‍ കെ മണിയാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്തുള്ള മുന്‍ ഹെല്‍ത് ഇന്‍സ്പക്ടര്‍ പികെ സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന്സ്വര്‍ണവും പണവും കവര്‍ന്നുവെന്ന കേസിലെ പ്രതികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. മോഷണത്തിന്റെ സൂത്രധാരന്‍ എന്‍ കെ മണിയെ തലശ്ശേരി എ എസ് പിയുടെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് രണ്ടുപേര്‍ കൊയിലാണ്ടി ഭാഗത്ത് ഉണ്ടെന്ന് അറിയുകയും വിവരം കൊയിലാണ്ടി പൊലീസിന് കൈമാറുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊയിലാണ്ടി, പള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൊയിലാണ്ടി മോഷണക്കേസുമായി ബന്ധപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്തുള്ള മുന്‍ ഹെല്‍ത് ഇന്‍സ്പക്ടര്‍ പികെ സതീശന്റെ
വീട് കുത്തിത്തുറന്ന് അഞ്ച് പവന്‍ സ്വര്‍ണവും അയ്യായിരം രൂപയും കവര്‍ന്നത്.
പാലയാട് മൃഗാശുപത്രിക്കടുത്തുള്ള തച്ചന വയല്‍ പറമ്പിലെ ഷാജിയുടെ ഇരുചക്ര വാഹനവും മോഷണം പോയിരുന്നു. ബൈക് പിന്നീട് എരഞ്ഞോളി കണ്ടിക്കല്‍ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മടം എസ് ഐ സജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതികള്‍ക്കായി അന്വേഷണം നടത്തിയത്.