Remanded | കണ്ണൂരില്‍ മലിന ജലം റോഡിലേക്ക് ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് വയോധികന്‍ മരിച്ച സംഭവം: കേസില്‍ ഉള്‍പ്പെട്ട 4 പ്രതികളെയും റിമാന്‍ഡ് ചെയ്തു


*ടി ദേവദാസ്, സഞ്ജയ് ദാസ്, സൂര്യദാസ്, ആസാം സ്വദേശി അസദുല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്
*സഞ്ജയ് ദാസും സൂര്യദാസും ദേവദാസിന്റെ മക്കളാണ്
*കൊലപാതകത്തില്‍ കലാശിച്ചത് വാക് തര്‍ക്കം
കണ്ണൂര്‍: ( KVARTHA) റോഡില്‍ വാഹനങ്ങള്‍ കഴുകിയ മലിനജലം ഒഴുക്കിവിട്ടെന്ന നിസാര കാര്യത്തെ ചൊല്ലിയുള്ള അയല്‍വാസികള്‍ തമ്മിലുള്ള വാക് തര്‍ക്കത്തിനിടെ അടിയേറ്റ് 61 കാരന്‍ മരിച്ച കേസില്‍ അറസ്റ്റിലായ അയല്‍വാസികളായ നാലുപ്രതികളെയും കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ടി ദേവദാസ്, സഞ്ജയ് ദാസ്, സൂര്യദാസ്, ആസാം സ്വദേശി അസദുല്‍ എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സഞ്ജയ് ദാസും സൂര്യദാസും ദേവദാസിന്റെ മക്കളാണ്. കണ്ണൂര്‍ നഗരത്തിലെ കക്കാട് തുളിച്ചേരിയില്‍ പ്ലംബിങ്ങ് തൊഴിലാളിയായ അമ്പന്‍ അജയകുമാര്‍ ആണ് മരിച്ചത്. അമ്പന്‍ അജയകുമാറിനെ വാക് തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അജ്ഞാത സംഘം തകര്‍ത്ത സംഭവത്തിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതികളെ അറസ്റ്റുചെയ്തിരുന്നു. തുളിച്ചേരിയിലെ ദേവദാസിന്റെ വീട്ടുമുറ്റത്തുനിന്നും കാറും ഓടോറിക്ഷയും കഴുകിയ മലിനജലം തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ ഹൗസില്‍ അജയകുമാറിന്റെ മരണത്തില്‍ കലാശിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച (26.05.2024) വൈകുന്നേരം നാലുമണിക്ക് മലിനജലം ഒഴുക്കി വിട്ടത് സംബന്ധിച്ച് അയല്‍വാസികളായ ദേവദാസ്, മക്കളായ സജ്ഞയ് ദാസ്, സൂര്യ ദാസ് എന്നിവരുമായി അജയകുമാര്‍ വാക്കേറ്റം നടത്തിയിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇരുവിഭാഗത്തെയും ശാന്തരാക്കി താല്‍ക്കാലികമായി പ്രശ്നം അവസാനിപ്പിച്ചത്.
ഇതിനുശേഷം രാത്രി എട്ടരയോടെ ദേവദാസിന്റെ വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയില്‍ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈകിലെത്തിയ ദേവദാസിന്റെ മക്കളും ഇതര സംസ്ഥാന തൊഴിലാളിയും ദേവദാസും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹെല്‍മെറ്റ്, കസേര, കല്ലുകള്‍ എന്നിവ കൊണ്ടാണ് അജയകുമാറിന്റെ തലയ്ക്ക് ഇവര്‍ മാരകമായി മര്‍ദിച്ചത്.
അജയകുമാറിന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അയല്‍വാസിയായ കെ പ്രവീണ്‍ കുമാറിനും (51) മാരകമായി മര്‍ദനമേറ്റു. റോഡില്‍ വീണ് കിടന്ന ഇരുവരെയും പ്രദേശവാസിയായ കോണ്‍ഗ്രസ് നേതാവ് കല്ലിക്കോടന്‍ രാജേഷിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സില്‍ നഗരത്തിലെ കൊയിലി ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ അജയകുമാറിനെ രക്ഷിക്കാനായില്ല.
പരുക്കേറ്റ പ്രവീണ്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.